എന്നുവരും 'എന്നൂര്'...?
text_fieldsഎന്നൂര് പദ്ധതിക്കുകീഴിലെ ട്രൈബൽ ബിസിനസ് മാർക്കറ്റ്
വൈത്തിരി: ആദിവാസി ഉന്നമന പദ്ധതിയായ പൂക്കോട് 'എന്നൂര്' ഗോത്ര പൈതൃക പദ്ധതിയുടെ പ്രവർത്തനം തുടങ്ങാനിരിക്കെ വനംവകുപ്പ് ഇടപെട്ടതിനെ തുടർന്ന് മുന്നോട്ടുള്ള പ്രയാണം അനിശ്ചിതത്വത്തിൽ. എന്നൂര് പദ്ധതി തുടങ്ങിയ പൂക്കോട് പ്രിയദർശിനി കോളനിയോട് ചേർന്ന പ്രദേശം വനം വകുപ്പിന്റെ അധീനതയിൽ നിക്ഷിപ്ത വനഭൂമിയിൽപെട്ടതാണെന്ന വാദമുന്നയിച്ചാണ് അധികൃതർക്ക് വനംവകുപ്പ് നോട്ടീസ് നൽകിയിരിക്കുന്നത്. ഏതാണ്ട് പൂർണതയിലെത്തിയ പദ്ധതിയാണ് ഇതോടെ ത്രിശങ്കുവിലായിരിക്കുന്നത്.
കേരളത്തിലങ്ങോളമിങ്ങോളമുള്ള ആദിവാസി ഗോത്ര സമൂഹങ്ങളുടെ ജീവിതശൈലിയും സംസ്കാരവും കലകളും ആവിഷ്കാരങ്ങളും പ്രതിഫലിപ്പിക്കുന്ന ഈ ഗോത്ര പൈതൃക പദ്ധതിയിൽ പ്രത്യേകമായി നിർമിക്കുന്ന ട്രെയിനിങ് സെന്ററിൽ ആദിവാസി വിഭാഗങ്ങൾക്ക് ആരോഗ്യ, വിദ്യാഭ്യാസ, തൊഴിലധിഷ്ഠിത പ്രഫഷനൽ പരിശീലനങ്ങളും നൽകാനാണ് പദ്ധതിയിട്ടിരുന്നത്. ആദിവാസികളുടെ കാർഷികവും അല്ലാത്തതുമായ എല്ലാ ഉൽപന്നങ്ങൾക്കും വിദേശത്തടക്കം വിപണി കണ്ടെത്താനും പദ്ധതിയിട്ടിരുന്നു.
ട്രൈബൽ മാർക്കറ്റ്, ഓപൺ എയർ തിയറ്റർ, ട്രൈബൽ ഭക്ഷണശാല, ആർട്ട് മ്യൂസിയം, കലാകേന്ദ്രങ്ങളും അതിന്റെ വർക്ക് ഷോപ്പുകളും കുട്ടികൾക്കായുള്ള പ്രകൃതിദത്തമായ പാരമ്പര്യ കളിസങ്കേതങ്ങളുൾപ്പെടെയുള്ള പാർക്ക് എന്നിവയും എന്നൂര് പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിരുന്നു. ഫെസിലിറ്റേഷൻ സെന്ററും ഗോഡൗണും ഉൾപ്പെടെ നിരവധി സജ്ജീകരണങ്ങളുമായാണ് പൈതൃകഗ്രാമം ഉയർന്നുവരാൻ പദ്ധതിയിട്ടിരുന്നത്.
നിക്ഷിപ്ത വനഭൂമിയെന്ന് വനംവകുപ്പ്
എന്നൂർ പദ്ധതിക്ക് വേണ്ടി കണ്ടെത്തിയിട്ടുള്ള സ്ഥലം 1998ൽ പ്രിയദർശിനി തേയില എസ്റ്റേറ്റിന് വേണ്ടി കൊടുത്ത ഭൂമിയാണ്. ഭൂമി 2003ൽ നിക്ഷിപ്ത വനമായി പ്രഖ്യാപിക്കപ്പെട്ടു എന്നാണ് വനംവകുപ്പ് പറയുന്നത്. ഇതേ വാദമുന്നയിച്ച് പൂക്കോട് വെറ്ററിനറി സർവകലാശാലക്കുമെതിരെ നടപടിയെടുത്ത കേസ് ഇപ്പോൾ സുപ്രീംകോടതിയിലാണ്. സർവകലാശാലക്ക് അനുകൂലമായി കേരള ഹൈകോടതിയും ഗ്രീൻ ട്രൈബ്യൂണലും പുറപ്പെടുവിച്ച വിധികൾക്കെതിരെയാണ് വനംവകുപ്പ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിട്ടുള്ളത്.
ഹൈകോടതിയിൽനിന്നടക്കമുള്ള അനുകൂലവിധിയുടെ അടിസ്ഥാനത്തിലാണ് മേഖലയിലെ മറ്റു സ്ഥാപനങ്ങളെ പോലെ എന്നൂർ ഗോത്രപദ്ധതിയും ഉയർന്നുവന്നത്. ഈ പദ്ധതിയിൽ കെട്ടിടങ്ങളുടേതടക്കമുള്ള മിക്കവാറും എല്ലാ പ്രവൃത്തികളും പൂർത്തിയായപ്പോഴാണ് വനംവകുപ്പ് അപ്പീൽ നൽകിയത്. 2018ൽ വനംവകുപ്പ് സ്റ്റോപ് മെമ്മോ നൽകുകയും ഇതുകാരണം 10 മാസത്തോളം എന്നൂരിലെ നിർമാണപ്രവർത്തനങ്ങൾ നിർത്തിവെക്കുകയും ചെയ്തിരുന്നു.
പിന്നീട് വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് നിർമാണപ്രവൃത്തികൾ പുനരാരംഭിച്ചത്.
വനംവകുപ്പിന്റെ വാദം തെറ്റെന്ന് അധികൃതർ
കൺസർവേഷൻ ആക്ട് പ്രകാരമുള്ള ഭൂമിയാണ് പദ്ധതിക്ക് വേണ്ടി മാറ്റിവെച്ചതെന്ന വനംവകുപ്പിന്റെ വാദം ഖണ്ഡിക്കുകയാണ് എന്നൂർ അധികൃതർ. ഈ സ്ഥലം ഫോറസ്റ്റ് കൺസർവേഷൻ ആക്ട് നിലവിൽ വരുന്നതിനു മുമ്പുതന്നെ റവന്യൂ വകുപ്പിന് കൈമാറിയതിനാൽ ആ നിയമം ഈ സ്ഥലത്തിന് ബാധകമല്ല. വനംവകുപ്പ് ഉന്നയിക്കുന്ന വാദം തികച്ചും വിരോധാഭാസവും ആദിവാസി ഉന്നമന പ്രവൃത്തികൾക്ക് തടയിടുന്നതുമാണെന്നാണ് അധികൃതരുടെ വാദം. റവന്യൂവകുപ്പ് ഏറ്റെടുത്തശേഷമാണ് പഴയ കാലത്തെ പൂക്കോട് ഡെയറി പ്രോജക്ട് തന്നെ വരുന്നത്.
ഈ ഭൂമി അനിമൽ ഹസ്ബൻഡറി പദ്ധതികൾക്കും ആദിവാസികളുടെ ഉന്നമനത്തിനും വേണ്ടിയാണെന്നും അതോടൊപ്പം ആദിവാസികളുടെ ഉപജീവന മാർഗത്തിനാവശ്യമായ മറ്റു പദ്ധതികൾ കൂടി നടപ്പിൽ വരുത്താമെന്നും ഡെയറി പ്രോജക്ടിന്റെ സർക്കാർ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഭൂമി കൺസർവേഷൻ നിയമത്തിന്റെ പരിധിയിലാണെന്നും ഭൂമി തരംമാറ്റിയിട്ടില്ലെന്നും റിസർവേഷനിലേക്ക് കൊണ്ടുവന്നിട്ടില്ലെന്നുമുള്ള വാദമാണ് വനംവകുപ്പ് ഉന്നയിക്കുന്നത്. റവന്യൂവകുപ്പിന് കൈമാറ്റം ചെയ്ത ഭൂമി പിന്നീട് തരംമാറ്റാൻ കഴിയില്ല. 1979ലാണ് ഭൂമി കൈമാറ്റം ചെയ്തത്. 1980ലാണ് കൺസർവേഷൻ ആക്ട് നിലവിൽ വരുന്നത്.
നിയമവിധേയമാക്കിയില്ലെങ്കിൽ പണികിട്ടും
വനംവകുപ്പിന്റെ നിക്ഷിപ്ത വനഭൂമിയിലാണ് എന്നൂര് പദ്ധതി നിൽക്കുന്നതെന്നും ഭൂമി തരംമാറ്റാതെ നിർമാണ പ്രവൃത്തികൾ നടത്തുന്നത് നിയമവിരുദ്ധമാണെന്നും സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീം 'മാധ്യമ'ത്തോട് പറഞ്ഞു. ഈ നിയമം പൂക്കോട് സർവകലാശാലക്കടക്കം ബാധകമാണ്. ഭൂമിയുടെ രേഖകൾ തരംമാറ്റി നിയമ വിധേയമാക്കിയില്ലെങ്കിൽ ഈ മേഖലയിലെ മുഴുവൻ പദ്ധതികളും സ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ടിവരും.
കേരളത്തിലെ പദ്ധതികൾക്കെതിരെ നടപടികളെടുക്കുന്ന വനംവകുപ്പ് കേന്ദ്രസർക്കാറിന്റെ പദ്ധതിയായ നവോദയ സ്കൂൾ നിലകൊള്ളുന്ന സ്ഥലത്തിനോ അതിന്റെ പ്രവർത്തനങ്ങൾക്കോ എതിരെ ഒരു നടപടിയും എടുക്കുന്നില്ലെന്നും വിമർശനമുണ്ട്. സർക്കാറിന്റെ ഉന്നത ഇടപെടലുകൾ അടിയന്തരമായി ഉണ്ടായില്ലെങ്കിൽ കോടിക്കണക്കിന് രൂപ മുടക്കി ആദിവാസികളുടെ ഉന്നമനത്തിനുവേണ്ടി നിർമിച്ച എന്നൂർ ഗോത്ര പൈതൃക പദ്ധതിയുടെ ഭാവി വെള്ളത്തിലാകും.
ഭൂമിക്കൊപ്പം ജോലിയും ലഭിക്കും
ഭൂമിയോടൊപ്പം ആദിവാസികൾക്ക് ജോലിയും ലഭിക്കുന്ന പ്രധാനപ്പെട്ട പദ്ധതിയാണിത്. വനംവകുപ്പ് ഭൂമി നൽകുക എന്നതിനപ്പുറം അവരുടെ ഉന്നമനത്തിനുവേണ്ടിയുള്ള വഴിയിൽ തടസ്സംനിൽക്കുകയാണെന്ന് എന്നൂർ അധികൃതർ പറയുന്നു. ഇത്തരം സ്ഥലം ആദിവാസികൾക്ക് ഒരേക്കറോ അതിൽ കുറവോ ആയി പതിച്ചുനൽകുന്നത് ഗുണകരമല്ല. മേഖലയിലെ പ്രകൃതിദുരന്തങ്ങൾ കണക്കിലെടുക്കുമ്പോൾ ആദിവാസി കുടുംബങ്ങൾക്ക് കൂട്ടായ സ്ഥിര താമസത്തിനായി അനുയോജ്യമല്ല.
ജില്ല ഭരണകൂടം പ്രശ്നത്തിൽ ഇടപെടുന്നുണ്ടെങ്കിലും തലസ്ഥാനത്തെ വനംവകുപ്പ് ഉന്നതരുടെ തീരുമാനങ്ങളിൽ ഒന്നും വെളിച്ചം കാണാതെ പോകുകയാണ്. ചീഫ് സെക്രട്ടറിക്കും പ്രിൻസിപ്പൽ സെക്രട്ടറിക്കും എന്നൂർ പ്രശ്നവുമായി ജില്ല ഭരണകൂടം കത്തുകളയച്ചിട്ടുണ്ട്. ഇപ്പോഴത്തെ പ്രശ്നത്തിന് അടിയന്തരപരിഹാരം കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ജില്ല ഭരണകൂടം.
തടസ്സമെത്തിയത് നിർമാണം തുടങ്ങിയശേഷം
ട്രൈബൽ കഫറ്റീരിയ ആൻഡ് ഫെസിലിറ്റേഷൻ
വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ചീഫ് കൺസർവേറ്ററും എന്നൂർ ഗോത്രപദ്ധതി തുടങ്ങുന്നതിൽ തടസ്സമില്ല എന്ന് സാക്ഷ്യപ്പെടുത്തിയതിനുശേഷമാണ് പദ്ധതിയുടെ നിർമാണപ്രവൃത്തികൾ തുടങ്ങിയത്. ഇത് തുറന്നുപ്രവർത്തിക്കുന്നതിന് കേന്ദ്രസർക്കാറിന് കീഴിലെ പരിസ്ഥിതിമന്ത്രാലയത്തിന്റെ ക്ലിയറൻസ് വേണമെന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ, ഈ ക്ലിയറൻസ് ഒന്നുമില്ലാതെയാണ് പൂക്കോട് സർവകലാശാല, നവോദയ സ്കൂൾ, മോഡൽ റസിഡൻഷ്യൽ സ്കൂൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഇതേ ഭൂപരിധിയിൽ പ്രവർത്തിക്കുന്നത്.
എന്നൂര് പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ പണി പൂർണമായും രണ്ടാം ഘട്ടത്തിന്റെ പണി 75 ശതമാനവും പണി പൂർത്തീകരിക്കുകയും ചെയ്തതാണ്. പദ്ധതിയിൽ കൈയിലുള്ള പണമെല്ലാം ചെലവഴിച്ച് ആദിവാസി ഗുണഭോക്താക്കൾ സംരംഭങ്ങൾ തുടങ്ങാൻ എന്നൂരിൽ കെട്ടിടമുറികൾ ലേലത്തിൽ വാങ്ങുകയും സാധന സാമഗ്രികളും ഉൽപന്നങ്ങളും സജ്ജീകരിക്കുകയും ചെയ്തിരുന്നു. വനംവകുപ്പ് തടസ്സവാദമുന്നയിച്ചതോടെ അത് തുടങ്ങാൻ കഴിയുന്നില്ല. ഈ ഭൂമി മുഴുവൻ ആദിവാസികൾക്ക് പതിച്ചുകൊടുക്കാൻ വേണ്ടി നീക്കിവെച്ചതെന്നാണ് വനംവകുപ്പ് പറയുന്നത്.
എന്നാൽ, 2018ലെ പ്രളയത്തിൽ ഈ ഭൂമിയിൽ മണ്ണൊലിപ്പും ഉരുൾപൊട്ടലുമടക്കം നിരവധി നാശങ്ങളുമുണ്ടായിട്ടുണ്ട്. ഭൂരഹിതരായ ആദിവാസികൾക്ക് പതിച്ചുനൽകാൻ വേണ്ടി മാറ്റിവെച്ച ഭൂമിയാണെന്നാണ് വനംവകുപ്പിന്റെ വാദം. അതേ ആദിവാസി വിഭാഗക്കാർക്ക് ജീവിതമാർഗത്തിന് വേണ്ടിയാണ് എന്നൂർ പൈതൃക പദ്ധതി കൊണ്ടുവന്നിട്ടുള്ളതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.