വനംവകുപ്പിനൊപ്പം നാട്ടുകാരുടെ ജാഗ്രതയും ഇടപെടലും നിർണായകമായി
text_fieldsപടിഞ്ഞാറത്തറ: ജില്ലയെ മുഴുവൻ മുൾമുനയിൽ നിർത്തിയ കടുവയെ പിടികൂടുന്നതിന് സഹായകരമായത് നാട്ടുകാരുടെ നിശ്ചയദാർഢ്യവും ജാഗ്രതയും. കുപ്പാടിത്തറയിലിറങ്ങിയ കടുവയെ മണിക്കൂറുകൾക്കകം മയക്കു വെടിവെക്കാൻ സാധിച്ചതിന് വനംവകുപ്പിന്റെ ഏറെ ശ്രമകരമായ ദൗത്യത്തിനൊപ്പം തന്നെ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ഇടപെടലും നിർണായകമായി.
കടുവയെ കുപ്പാടിത്തറയിൽ കണ്ടെത്തിയെന്നറിഞ്ഞ ഉടനെ തന്നെ പുതുശ്ശേരിയിലുള്ള ആർ.ആർ.ടി. സംഘം എല്ലാ ഒരുക്കവുമായി അവിടെനിന്നും പുറപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഏറെ പണിപ്പെട്ട് നടത്തിയ തിരച്ചിലിന് ശേഷമാണ് കടുവയെ പിടികൂടാനുള്ള ഏറെ ശ്രമകരമായ ദൗത്യവുമായി വനംവകുപ്പ് സംഘമെത്തുന്നത്.
കൃത്യമായ ആസൂത്രണത്തോടെ പിഴവുകളൊന്നുമില്ലാതെ നടപ്പാക്കിയ ദൗത്യം വിജയച്ചതിന് വനംവകുപ്പിനും അഭിമാനിക്കാം. മയക്കുവെടിയേറ്റ കടുവ പിന്നീട് ഓടാനുള്ള സാധ്യതയുമുണ്ടായിരുന്നു. ഈ സമയം ആളുകൾ തടിച്ചുകൂടിയതിനാൽ തന്നെ കൂടുതൽ അപകടസാധ്യതയുണ്ടായിരുന്നെങ്കിലും കൃത്യമായ ആസൂത്രണത്തിലൂടെ കടുവയെ വലയിലാക്കാനായി.
രാവിലെ വാഴത്തോട്ടത്തിൽ കടുവയെ കണ്ടയുടൻ നാട്ടുകാർ തമ്പടിച്ചു കടുവ രക്ഷപ്പെട്ടു പോകാതിരിക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞ് തോട്ടം വളഞ്ഞിരുന്നു. ഉദ്യോഗസ്ഥ തലത്തിൽ നിന്ന് നാട്ടുകാർക്ക് അപകട സാധ്യത മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പല ഭാഗത്തായി ആളുകൾ തമ്പടിച്ചു.
പൊലീസ് വനപാലക സംഘത്തിന്റെ ആർജവവും മയക്കുവെടിക്ക് ആക്കം കൂട്ടി. കടുവയുടെ കാലിനാണ് മയക്കു വെടിവെച്ചത്. മയക്കുവെടിയേറ്റശേഷം തിരിഞ്ഞോടിയ കടുവയെ ആകാശത്തേക്ക് വെടിവെച്ചാണ് പിന്തിരിപ്പിച്ചത്. വാളാട് പുതുശ്ശേരിയിൽ കർഷകനെ ആക്രമിച്ച കടുവ തന്നെ ആയതിനാൽ ആക്രമണ സാധ്യതയും കൂടുതലായിരുന്നു.
പുതുശ്ശേരി ഭാഗത്ത് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ കടുവയുടെ കാൽപാടുകൾ കുപ്പാടിത്തറ ഭാഗത്തേക്ക് കടുവ പോയിട്ടുണ്ടാകാമെന്ന നിഗമനത്തിൽ വനംവകുപ്പ് എത്തിയിരുന്നു. കാൽപാടുകളുടെ ദിശ മനസ്സിലാക്കിയും കുപ്പാടിത്തറയിലെ കാൽപാടകളും പുതുശേരിയിലെ കാൽപാടുകളും പരിശോധിച്ചതിലെ സാമ്യതയുമാണ് കർഷകനെ കൊന്ന കടുവ തന്നെയാണെന്ന സ്ഥിരീകരണത്തിലേക്ക് നയിച്ചത്.
പുതുശ്ശേരിയിൽ സ്ഥാപിച്ചിരുന്ന കൂട്ടിലും കാമറയിലും കടുവ പെടാത്തത് പ്രദേശത്ത് നിന്നും ഉൾവലിഞ്ഞതിന്റെ സൂചനയായിരുന്നു നൽകിയിരുന്നത്. കടുവയുടെ സഞ്ചാര പരിധിയും വാളാട് - കുപ്പാടിത്തറ ദൂരവും ഇതിന് സാക്ഷ്യമാകുന്നു.
തൊണ്ടർനാട് പഞ്ചായത്തിലെ പുതുശ്ശേരിയിൽനിന്ന് കുപ്പാടിത്തറയിലേക്ക് 20 കിലോമീറ്ററിലധികം ദൂരമുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിലും ശനിയാഴ്ച രാവിലെയും പുതുശ്ശേരി ഭാഗത്ത് നടത്തിയ തിരച്ചിലിൽ കടുവയെ കണ്ടെത്താനായിരുന്നില്ല. ഇതിനാൽ തന്നെ കടുവ ദൂരെയുള്ള സ്ഥലത്തേക്ക് മാറിയിരിക്കാമെന്ന നിഗമനമത്തിലായിരുന്നു വനംവകുപ്പ്.
പുതുശ്ശേരിയിൽനിന്ന് വനംവകുപ്പ് ദൗത്യ സംഘം കുപ്പാടിത്തറയിലേക്ക് വരുന്നത് വരെ രാവിലെ മുതൽ ഏതാണ്ട് മൂന്നുമണിക്കൂറിനടത്താണ് കടുവയെ നാട്ടുകാർ നിരീക്ഷണത്തിലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.