അനധികൃതമായി വനത്തിൽ പ്രവേശിച്ച ആറുപേർ പിടിയിൽ
text_fieldsകൽപറ്റ: സൗത്ത് വയനാട് ഡിവിഷൻ, മേപ്പാടി റേഞ്ചിലെ ബഡേരി സെക്ഷനിലെ റിപ്പൺ വാളത്തൂർ നിക്ഷിപ്ത വനത്തിൽ അനധികൃതമായി പ്രവേശിച്ച ആറുപേരെ പിടികൂടി വനം വകുപ്പ് അധികൃതർ കേസെടുത്തു. റിപ്പണിലെ അഫ്സൽ റാൻ, അമീൻ ഷബീർ, (23), എസ്. ശരൺദാസ് (22), ടോം ജോർജ് (34), ടി. ആദർശ്. (22), പാലക്കാട് സ്വദേശി ഭരത് (21) എന്നിവരെയാണ് വനം വകുപ്പുദ്യോഗസ്ഥർ പിടികൂടിയത്. റിപ്പൺ വാളത്തൂരിലെ ഉൾവനത്തിലാണ് പ്രതികൾ കടന്നുകയറിയത്. കീഴ്ക്കാംതൂക്കായ പാറക്കൂട്ടങ്ങൾ നിറഞ്ഞ ഈ വനഭാഗം അതി ദുർഘടവും അപകട സാധ്യതയേറെയുളള ഭാഗവുമാണ്. കാട്ടാനകൾ അടക്കമുള്ള വന്യജീവികളുടെ വിഹാര കേന്ദ്രമാണിവിടം. അടുത്തിടെ ഈ ഭാഗത്ത് വന സംരക്ഷണ പ്രവർത്തനത്തിനിടെ ബഡേരി സെക്ഷനിലെ ഫോറസ്റ്റ് വാച്ചർ പാറക്കെട്ടിൽനിന്ന് കാൽ വഴുതി വീണ് മരിച്ചിരുന്നു. മൃതദേഹം ഒരു ദിവസത്തിനു ശേഷമാണ് കണ്ടെടുത്തത്.
വനഭാഗങ്ങളിൽ അനധികൃതമായി പ്രവേശിക്കുന്നത് ഗുരുതര കുറ്റകൃത്യമാണെന്നും പ്രവേശിക്കുന്നവർക്കെതിരെ അറസ്റ്റുൾപ്പെടെയുള്ള ശക്തമായ നടപടികളെടുക്കുമെന്നും സൗത്ത് വയനാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ എ. ഷജ്ന അറിയിച്ചു. അനുമതി നൽകിയിട്ടുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മാത്രമേ സഞ്ചാരികൾ പ്രവേശിക്കാവൂ എന്നും നിയമ ലംഘനം നടത്തിയാൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.സി. പ്രദീപൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.