പ്രവേശന ഫീസ്; മലയാളികളെ കൊള്ളയടിച്ച് കർണാടക
text_fieldsമാനന്തവാടി: കർണാടകയിലേക്ക് പ്രവേശിക്കുന്ന കേരള രജിസ്ട്രേഷനിലുള്ള വാഹനങ്ങൾക്ക് ഫീസ് ഏർപ്പെടുത്തി കൊള്ളയടിക്കുന്നതായി പരാതികൾ വ്യാപകമാകുന്നു. നാഗർഹോളെ രാജീവ് ഗാന്ധി ദേശീയ കടുവ സങ്കേതം വഴി കടന്നുപോകുന്ന വാഹനങ്ങൾക്കാണ് പ്രവേശന ഫീസ് ഏർപ്പെടുത്തിയത്.
ബാവലി, കുട്ട, മാക്കൂട്ടം വഴി കർണാടകയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് 20 രൂപയാണ് ഈടാക്കുന്നത്. ഇതിന് ഒരു വിധത്തിലുള്ള രസീതും നൽകുന്നില്ലെന്നതാണ് കൊള്ളക്ക് ഇടയാക്കുന്നത്. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികളുടെ വണ്ടികൾക്ക് ആനച്ചുക്കൂർ ചെക്ക് പോസ്റ്റിൽ ഇരുപത് രൂപ വീതം ഈടാക്കുന്നുണ്ട്. ഇത് പലപ്പോഴും വനംവകുപ്പ് ജീവനക്കാരും വാഹനയാത്രക്കാരും തമ്മിലെ വാക്കുതർക്കങ്ങളിലേക്ക് നയിക്കുന്നുണ്ട്. വെള്ളപ്പേപ്പറിൽ എഴുതിവെക്കുക മാത്രമാണ് ചെയ്യുന്നത്.
നാഗർഹോളെ വനത്തിൽ വാഹനങ്ങൾ നിർത്തിയിട്ടാൽ 1000 രൂപ ഫൈൻ ഈടാക്കുന്ന നടപടി ദിവസങ്ങൾക്കുമുമ്പ് ആരംഭിച്ചിരുന്നു. ദിനംപ്രതി നൂറുകണക്കിന് കേരള രജിസ്ട്രേഷൻ വാഹനങ്ങളാണ് ഈ ചെക്ക്പോസ്റ്റുകളിലൂടെ കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ആയിരക്കണക്കിന് രൂപയാണ് ഓരോ ദിവസവും ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നതെന്ന് ആരോപണമുയരുന്നു. ഈ തുകകൾ കൃത്യമായി കർണാടക സർക്കാറിന് ലഭിക്കുന്നുണ്ടോയെന്ന കാര്യം സംശയമാണെന്ന് ഉന്നയിക്കപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.