വയനാട് വന്യജീവി സങ്കേതം: കടുവസങ്കേതമായി പ്രഖ്യാപിക്കാൻ നിർദേശിച്ചാൽ പരിഗണിക്കും -മന്ത്രി ഭൂപേന്ദര്‍ യാദവ്
text_fieldsകൽപറ്റ: വയനാട് വന്യജീവി സങ്കേതം കടുവസങ്കേതമായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ നിർദേശിച്ചാൽ പരിഗണിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്. കടുവ സംരക്ഷണ പദ്ധതി (പ്രോജക്ട് ടൈഗർ) 50 വർഷം പിന്നിടുന്നത് പ്രമാണിച്ച് മന്ത്രിയോടുള്ള ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിലെ പ്രധാന കടുവസങ്കേതങ്ങളിൽ കാണപ്പെടുന്ന കടുവകളിൽ പകുതിയും വയനാട് വന്യജീവി സങ്കേതത്തിലാണ്. വയനാട് വന്യജീവി സങ്കേതത്തിന്റെ അതിർത്തിയായ ബന്ദിപ്പൂർ നാഷനൽ ടൈഗർ റിസർവ്, മുതുമല ടൈഗർ റിസർവ്, നാഗർഹോള ടൈഗർ റിസർവ് എന്നിവിടങ്ങളിൽ നിന്നാണ് കടുവകൾ വയനാട് വന്യജീവി സങ്കേതത്തിലേക്ക് എത്തുന്നത്. ഈ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ എന്തുകൊണ്ട് വയനാട് വന്യജീവി സങ്കേതത്തെ കടുവസങ്കേതമായി പ്രഖ്യാപിക്കുന്നില്ല എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
വയനാട് വന്യജീവി സങ്കേതത്തെ കടുവസങ്കേതമായി പ്രഖ്യാപിക്കാൻ ദേശീയ കടുവ സംരക്ഷണ അതോറിറ്റി (എൻ.ടി.സി.എ) സംസ്ഥാന സർക്കാരിന് വളരെ മുമ്പുതന്നെ ഉപദേശം നൽകിയിരുന്നു. അതുവഴി കടുവ സംരക്ഷണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും ആവശ്യത്തിന് ഫണ്ട് നൽകാനാകുമെന്ന് സൂചിപ്പിച്ചു. എന്നാൽ, കടുവസങ്കേതമായി പ്രഖ്യാപിക്കാനുള്ള ഒരു നിർദേശവും സംസ്ഥാന സർക്കാറിൽ നിന്ന് എൻ.ടി.സി.എക്ക് ഇതുവരെ ലഭിച്ചിട്ടില്ല. അത്തരത്തിലുള്ള എന്തെങ്കിലും നിർദേശം ലഭിച്ചാൽ അത് അനുകൂലമായി പരിഗണിക്കുമെന്നാണ് മന്ത്രി മറുപടി നൽകിയത്.
കടുവകളുടെ സംരക്ഷണത്തിനായി വയനാട് വന്യജീവി സങ്കേതത്തെ ടൈഗർ റിസർവ് ആയി പ്രഖ്യാപിക്കണം എന്ന ആവശ്യം വിവിധ ഭാഗങ്ങളിൽ നിന്നുമുയരുന്നുണ്ട്. നിക്ഷിപ്ത താൽപര്യക്കാരുടെ എതിർപ്പുമൂലം ഇവ നടപ്പിലാകുന്നില്ലെന്നാണ് പ്രകൃതി സംരക്ഷണ പ്രവർത്തകർ പറയുന്നത്. ജനവിരുദ്ധ വികാരം ഇളക്കിവിടുകയും കർഷകർക്ക് ദോഷകരമായി ടൈഗർ റിസർവ് മാറും എന്ന രീതിയിലുള്ള അബദ്ധ പ്രചാരണമാണ് ഇവർ നടത്തുന്നതെന്ന് അവർ ആരോപിക്കുന്നു. ടൈഗർ റിസർവ് ആക്കുന്നതുകൊണ്ട് ഒരു രീതിയിലുമുള്ള നിയന്ത്രണങ്ങളോ ദോഷങ്ങളോ ജനങ്ങൾക്ക് ഉണ്ടാവുകയില്ലെന്നും ഗുണമാണ് ഉണ്ടാവുകയെന്നും ഇവർ പറയുന്നു.
കോടിക്കണക്കിന് രൂപയുടെ കേന്ദ്രഫണ്ട് ലഭ്യമാവുകയും വന്യജീവികളുടെ ആക്രമണങ്ങളിൽ കർഷകർക്കുണ്ടാകുന്ന നഷ്ടങ്ങൾക്ക് ഉടനടി നഷ്ടപരിഹാരം ലഭിക്കുകയും ചെയ്യും. കാടും നാടും വേർതിരിച്ച് കർഷകരെ സംരക്ഷിക്കുന്നതിനും ഇത്തരത്തിലുള്ള ഫണ്ട് ഉപയോഗിക്കാമെന്നാണ് ഇവരുടെ വാദം. കടുവകളുടെ സംരക്ഷണത്തിനായി ദേശീയതലത്തിൽ രൂപം നൽകിയിട്ടുള്ള സംഘടനയാണ് നാഷനൽ ടൈഗർ കൺസർവേഷൻ അതോറിട്ടി (എൻ.ടി.സി.എ). വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലാണ് എൻ.ടി.സി.എ രൂപവത്കരിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.