പരിസ്ഥിതിലോല മേഖല: മന്ത്രിസഭ തീരുമാനത്തിൽ വയനാടിന് പ്രതീക്ഷ
text_fieldsസുൽത്താൻ ബത്തേരി: വനത്തിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതിലോല മേഖലയാക്കിയ സുപ്രീംകോടതി ഉത്തരവിൽ ആശങ്കയിലായ ജില്ലക്ക്, സംസ്ഥാന മന്ത്രിസഭ തീരുമാനം പ്രതീക്ഷ നൽകുന്നു.
സംസ്ഥാനത്ത് സുപ്രീംകോടതിയുടെ ഈ ഉത്തരവ് ഏറ്റവും കൂടുതൽ ബാധിക്കുന്ന ജില്ലകളിലൊന്നാണ് വയനാട്.
സുപ്രീംകോടതി ഉത്തരവ് നടപ്പായാൽ ജില്ലയിലെ പ്രധാന ടൗണുകളിലൊന്നായ സുൽത്താൻ ബത്തേരിയിൽ ഉൾപ്പെടെ വികസന മുരടിപ്പ് ഉറപ്പാണെന്ന ആശങ്കയണ് ഉയർന്നിരുന്നത്. 2019ലെ മന്ത്രിസഭ തീരുമാനം തിരുത്തി സുപ്രീം കോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതോടെ കോടതി ഉത്തരവിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
വനത്തോട് ചേർന്നു കിടക്കുന്ന സുൽത്താൻ ബത്തേരി ടൗണിന്റെ മുഴുവൻ ഭാഗവും, നൂൽപുഴ പഞ്ചായത്തിന്റെ 90 ശതമാനം, നെന്മേനി, പൂതാടി പഞ്ചായത്തുകളുടെ ഏകദേശം 30 ശതമാനത്തോളവും ബഫർ സോണിൽ ഉൾപ്പെടുമായിരുന്നു. തിരുനെല്ലി അടക്കമുള്ള പഞ്ചായത്തുകളെയും കോടതി വിധി ദോഷകരമായി ബാധിക്കും.
സുപ്രീം കോടതി ഉത്തരവ് വന്നതിനുശേഷം സുൽത്താൻ ബത്തേരി മേഖലയിൽ രാഷ്ട്രീയത്തിന് അതീതമായിട്ടാണ് ജനങ്ങൾ സമരത്തിനിറങ്ങിയത്.
നൂൽപുഴയിലും നേന്മേനിയിലും സുൽത്താൻ ബത്തേരിയിലും സർവകക്ഷി യോഗങ്ങൾ ചേർന്നിരുന്നു. യു.ഡി.എഫും എൽ.ഡി.എഫും ഹർത്താലുകൾ നടത്തി. പിന്നീട് എൽ.ഡി.എഫും യു.ഡി.എഫും വിഷയത്തിൽ പരസ്പരം കൊമ്പുകോർക്കുന്ന സാഹചര്യമുണ്ടായി. 2019 ലെ മന്ത്രിസഭ തീരുമാനമായിരുന്നു കാരണം.
2019ലെ മന്ത്രിസഭ തീരുമാനത്തിന്റെ ചുവട് പിടിച്ചാണ് സുപ്രീംകോടതി വനത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം പരിസ്ഥിതി ലോല മേഖലയാക്കിയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇക്കാര്യത്തിലൂന്നി യു.ഡി.എഫ് പ്രചരണം ആരംഭിച്ചിരുന്നു. തുടർന്ന് ഇടതുപക്ഷത്തിന് പ്രതിരോധത്തിലാകേണ്ട സാഹചര്യമുണ്ടായി.
തുടക്കത്തിൽ ശക്തമായിരുന്ന സമരങ്ങൾ പിന്നീട് തണുക്കുന്ന കാഴ്ചയുമുണ്ടായി.
രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണമടക്കമുള്ള സംഭവങ്ങൾക്ക് വഴിവെച്ചത് പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട കോടതി ഉത്തരവായിരുന്നു. സർക്കാർ തീരുമാനം തങ്ങളുടെ പ്രതിഷേധ സമരങ്ങളുടെ വിജയമാണെന്നാണ് പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കുന്നത്.
2019ലെ മന്ത്രിസഭ തീരുമാനം തിരുത്താതെ സുപ്രീം കോടതിയെ സമീപിച്ചാൽ അത് സംസ്ഥാനത്തിന് തിരിച്ചടിയാവുമെന്ന തിരിച്ചറിവും സർക്കാർ നിലപാട് മാറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മന്ത്രി സഭ തീരുമാനമുണ്ടായെങ്കിലും വിധിയിൽ സുപ്രീ കോടതി മാറ്റംവരുത്തിയാൽ മാത്രമേ ജില്ലയിലെ ജനങ്ങളുടെ ആശങ്ക പൂർണമായും മാറുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.