മുറിവുണങ്ങാത്ത വേദനകൾക്ക് അന്ത്യമായി; പൂക്കോട് ഫാമിലെ കുതിരക്ക് ദയാവധം
text_fieldsവൈത്തിരി: മുറിവുണങ്ങാത്ത വേദനയിൽ പിടഞ്ഞ ആ മിണ്ടാപ്രാണിക്ക് ഒടുവിൽ ദയാവധം. പൂക്കോട് സർവകലാശാല ഫാമിൽ കാലുകളിലെ വ്രണവുമായി അതീവ ഗുരുതരാവസ്ഥയിലായിരുന്ന പെൺകുതിരക്കാണ് മുറിവുകളിൽനിന്ന് മോക്ഷം കിട്ടാൻ മരണത്തിലേക്ക് വഴികാട്ടേണ്ടിവന്നത്.
ആരാലും പരിചരിക്കപ്പെടാതെ കാലിലെ വ്രണങ്ങളുമായി മാസങ്ങളോളം വെറ്ററിനറി കോളജ് ഗ്രൗണ്ടിൽ കഴിഞ്ഞിരുന്ന കുതിരക്ക് ജഡ്ജി നേരിട്ടെത്തി ഉത്തരവ് നൽകിയതിനെ തുടർന്ന് സർവകലാശാലയുടെ കീഴിലുള്ള മൃഗാശുപത്രി സമുച്ചയത്തിൽ ചികിത്സ നടത്തി വരികയായിരുന്നു. നില അതീവഗുരുതരമായതിനാൽ ചികിത്സ കൊണ്ട് ഫലമില്ലെന്നു കണ്ടതിനെ തുടർന്നാണ് ദയാവധത്തിന് സർവകലാശാല അധികൃതർ ജില്ല ലീഗൽ സർവിസ് അതോറിറ്റി സബ് ജഡ്ജിക്ക് അനുമതി തേടി അപേക്ഷ നൽകിയത്. ജഡ്ജി ദയാവധത്തിന് അനുമതി നൽകിയതോടെ വ്യാഴാഴ്ച രാവിലെ 9.30 ന് മൃഗാശുപത്രി സമുച്ചയത്തിലെ പോസ്റ്റുമോർട്ടം റൂമിൽ വെച്ചാണ് കുതിരയെ വധിച്ചത്.
18 വയസ്സുള്ള കുതിരയെ പഠനാവശ്യത്തിനാണ് പൂക്കോടെത്തിച്ചത്. വർഷങ്ങൾക്ക് മുമ്പ് വെള്ളം കുടിക്കുന്ന പാത്രത്തിൽനിന്നാണ് കാലിനു പരിക്കേറ്റത്. ആവശ്യമായ ചികിത്സ ലഭിക്കാത്തതു മൂലം മുറിവ് വ്രണമായി പഴുപ്പ് വന്നു. ഏതാനും മാസങ്ങളായി കോളജ് ഗ്രൗണ്ടിൽ ആരും തിരിഞ്ഞു നോക്കാതെ ഗുരുതരാവസ്ഥയിലായിരുന്നു. അവസ്ഥ നേരിൽ കണ്ട സബ് ജഡ്ജി ചികിത്സ ലഭ്യമാക്കാൻ നിർദേശം നൽകിയെങ്കിലും അതുകൊണ്ടും ഫലമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.