സഞ്ചാരികൾ ഏറുമ്പോഴും പഴശ്ശി പാർക്കിൽ സൗകര്യങ്ങൾ പരിമിതം
text_fieldsപുൽപള്ളി: മാവിലാംതോട്ടിലെ പഴശ്ശിപാർക്കിൽ സന്ദർശകപ്രവാഹം ഏറുമ്പോഴും അടിസ്ഥാനസൗകര്യങ്ങളൊരുക്കാൻ നടപടിയില്ല. പാർക്കിനുള്ളിൽ ടീ ഷോപ്പ് പോലും അധികൃതർ ഇതു വരെ ഒരുക്കിയിട്ടില്ല. പാർക്ക് സ്ഥിതിചെയ്യുന്ന വണ്ടിക്കടവ് ഭാഗത്ത് ഹോട്ടൽ സൗകര്യം പോലുമില്ല. ഇത് പരിഹരിക്കാനാണ് വർഷങ്ങൾക്ക് മുമ്പ് റസ്റ്റാറന്റിനും വ്യാപാരസ്ഥാപനങ്ങൾക്കുമായി കെട്ടിടം നിർമിച്ചത്. ഡി.ടി.പി.സിയും ജില്ല പഞ്ചായത്തും കെട്ടിടവുമായി ബന്ധപ്പെട്ട് തുടർപ്രവർത്തനങ്ങളൊന്നും നടത്താത്തതിനാൽ ഇത് അടഞ്ഞുകിടക്കുകയാണ്. നാല് മുറികൾ ഉൾപ്പെടുന്ന കെട്ടിടത്തിന്റെ മുകൾ നിലയിൽ റസ്റ്റാറന്റിന് പര്യാപ്തമായ നിലയിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പുൽപള്ളി പഞ്ചായത്തിൽ ഈ കെട്ടിടത്തിന് നമ്പർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യാതൊരു അപേക്ഷയും ലഭിച്ചിട്ടില്ല എന്നാണ് വിവരം. രണ്ടു വർഷത്തിലേറെയായി കെട്ടിടം നോക്കുകുത്തിയാണ്. പ്രവേശന കവാടത്തോട് ചേർന്നാണ് കെട്ടിടം. അധികൃതരുടെ താൽപര്യക്കുറവ് മൂലം ഇവിടെയെത്തുന്ന സന്ദർശകരാണ് വലയുന്നത്. പാർക്കിന്റെ സൗകര്യം ആസ്വദിക്കാൻ വയോജനങ്ങൾക്കും കഴിയാത്ത അവസ്ഥയാണ്. സിമന്റ് പടികളിലൂടെ വേണം പാർക്കിന്റെ പല ഭാഗത്തേക്കും എത്താൻ. പകരം കയറ്റിറക്കങ്ങളില്ലാത്ത മറ്റൊരു വഴി വേണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.