വഴിയോര കച്ചവടക്കാർക്കെതിരെ വടിയെടുത്ത് മേപ്പാടി പഞ്ചായത്ത്
text_fieldsമേപ്പാടി: വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാൻ മേപ്പാടി ഗ്രാമപഞ്ചായത്ത് നോട്ടീസ് നൽകി. മൂപ്പൈനാട് ജങ്ഷൻ മുതൽ പഞ്ചമി വരെയുള്ള വഴിയോര കച്ചവടക്കാരോട് ഒരു മുന്നറിയിപ്പുമില്ലാതെ ഒഴിഞ്ഞുപോകണമെന്നാണ് ഗ്രാമ പഞ്ചായത്തധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. ധൃതിപിടിച്ചുള്ള നീക്കം മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിന്റെ ഇരകൾ ജീവിതം കരുപ്പിടിപ്പിക്കാനായി തുടങ്ങിയ വഴിയോര കച്ചവടങ്ങളെയടക്കം ഭീഷണിയിലാക്കുന്നതായി ആരോപണമുയർന്നിട്ടുണ്ട്.
2018ൽ അന്നത്തെ ഭരണസമിതി പൊതുമരാമത്ത് വകുപ്പിന്റെ അനുമതി വാങ്ങി ടൗണിലെ പെട്ടിക്കടകൾ പൊളിച്ചുനീക്കുകയും വഴിയോര കച്ചവടത്തിന് നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തിരുന്നു. വഴിയോര കച്ചവടക്കാർക്ക് ടൗണിൽ മൂന്നു ഭാഗത്തു മാത്രമായി കച്ചവടം ചെയ്യുന്നതിന് അനുമതി നൽകുകയും ചെയ്തു. റോഡിന്റെ വശങ്ങളിൽ നടപ്പാതകൾ നിർമിക്കുന്നതിനാണ് പെട്ടിക്കടകൾ പൊളിച്ചുനീക്കുന്നതെന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ ഒന്നും നടന്നില്ല. ചൊവ്വാഴ്ച രാത്രിയിലാണ് പഞ്ചായത്തധികൃർ നോട്ടീസുമായി ഇറങ്ങിയത്.
ഇതിന്റെ വിഡിയോ പകർത്തുന്നതുമായി ബന്ധപ്പെട്ട് കച്ചവടക്കാരുമായി വാക്കുതർക്കവും നടന്നു. ചെമ്പോത്തി സ്വദേശികളായ ബഷീർ-ലൈല ദമ്പതികൾ പഞ്ചമി ജംങ്ഷനിൽ 16 വർഷമായി റോഡരികിൽ ചായക്കച്ചവടം നടത്തുന്നു. ഷഫീഖ് എന്ന ഭിന്നശേഷിക്കാരൻ ഒരു വർഷമായി ഇവിടെ പഴക്കച്ചവടം നടത്തുന്നുണ്ട്. ഉരുൾദുരന്തത്തിനിരയായി വീടടക്കം എല്ലാം നഷ്ടപ്പെട്ട ടാക്സി ഡ്രൈവറായിരുന്ന ചൂരൽമല സ്വദേശി ഷമീർ ജീവിതം മുന്നോട്ടുകൊണ്ടു പോകാൻ പഞ്ചമിയിൽ ചെറിയ പച്ചക്കറി കച്ചവടം തുടങ്ങിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. ഇവരെല്ലാം ഇപ്പോൾ വലിയ ആശങ്കയിലാണ്.
റോഡ് വീതികൂട്ടലോ അത്തരത്തിലുള്ള വികസന പദ്ധതികളോ ഒന്നും ഇപ്പോൾ നിലവിലില്ല. അതിനാൽ, ആരുടേയോ താൽപര്യം സംരക്ഷിക്കാനാണ് പഞ്ചായത്തധികൃതർ ഇറങ്ങിയിരിക്കുന്നതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.