കൃഷിയിൽ വിജയം കൊയ്ത് പ്രവാസി സുഹൃത്തുക്കൾ
text_fieldsസാജിദ്, നിസാം, ഇബ്രായി എന്നിവർ കൃഷിയിടത്തിൽ
പടിഞ്ഞാറത്തറ: ലോക്ഡൗണിൽ പെട്ടുപോയ പ്രവാസി സുഹൃത്തുക്കൾ വെറുതെ ഇരുന്നില്ല. സ്വന്തം നാട്ടിൽ കൃഷിയിറക്കി പ്രതിസന്ധി തരണംചെയ്ത് അവർ മാതൃകയായി. പടിഞ്ഞാറത്തറ കുറുമ്പാല സ്വദേശികളാണ് ഗർഫിലെ ബിസിനസ് പ്രതിസന്ധിയിലായപ്പോൾ വയനാടൻ പച്ചപ്പിൽ കൃഷിയിറക്കിയത് .
ഖത്തറിൽ ബിസിനസ് ചെയ്യുന്ന ഈന്തൻ സാജിദ്, മക്കയിൽ വിതരണ കമ്പനി നടത്തുന്ന കോമ്പി നിസാം, ഒമാനിൽ വ്യാപാരം നടത്തുന്ന കൈതക്കെട്ടിൽ ഇബ്രായി എന്നിവരാണ് പ്രതിസന്ധിയിൽ പതറാതെ മണ്ണിലേക്കു തിരിഞ്ഞത്. കഴിഞ്ഞ ഡിസംബറിൽ നാട്ടിലെത്തിയ ഇവർ മാർച്ചിൽ തിരിച്ചു പോകേണ്ടതായിരുന്നു. കോവിഡ് ഭീതിയും ലോക് ഡൗണും ആയതോടെ വിദേശത്തേക്ക് പോകാൻ കഴിഞ്ഞില്ല.
സാഹചര്യങ്ങൾ അനുകൂലമാകുന്നതുവരെ നാട്ടിൽ തുടരാൻ തീരുമാനിച്ച ഇവർ പുതുശ്ശേരിക്കടവ് സ്വദേശി പുത്തൻകുടിലിൽ ഷിബു നടത്തുന്ന കോഴി ഫാം വിപുലീകരിക്കാൻ ഒപ്പംചേർന്നു. ലോക്ഡൗൺ നീണ്ടതോടെ കോഴിക്കച്ചവടം നഷ്ടത്തിലേക്ക് നീങ്ങി. ഇതിനിടയിൽ ഫാമിെൻറ ഒന്നര ഏക്കർ ഭൂമിയിൽ വിവിധ കൃഷികൾ ആലോചിച്ചു. തുടർന്നാണ് ഇഞ്ചി, വാഴ, ചേന, ചേമ്പ് തുടങ്ങിയവ കൃഷി ചെയ്തത്.
ഗൾഫിലെ ചൂടിൽ നിന്നുള്ള ബിസിനസിനേക്കാൾ വയനാട്ടിലെ പച്ചപ്പിൽ നിന്നുള്ള കൃഷി മനസ്സിന് ആഹ്ലാദം നൽകുന്നതായി ഇവർ പറഞ്ഞു. ഇനി കൂടുതൽ കൃഷിയിറക്കാനുള്ള തയാറെടുപ്പിലാണ് ഇവർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.