ആദിവാസി യുവാവിനെതിരെ കള്ളക്കേസ്; പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി എ.ഐ.െവെ.എഫ്
text_fieldsകൽപറ്റ: മീനങ്ങാടി അത്തിക്കടവ് കോളനിയിലെ ആദിവാസി യുവാവിനെ കള്ളക്കേസ് ചുമത്തി ജയിലിലടച്ച സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി എ.ഐ.ൈവ.എഫ് ജില്ല കമ്മിറ്റി.
യുവാക്കൾക്കെതിരെ കള്ളക്കേസെടുത്ത് ആദിവാസി സമൂഹത്തിൽ ഭീതിയും അരാജകത്വവും സൃഷ്ടിച്ച് അവരെ തീവ്രനിലപാടുള്ള അരാഷ്ട്രീയ സംഘടനകളുടെ വലയിൽ എത്തിച്ച് മുതലെടുപ്പ് നടത്താനുള്ള ഉന്നത പൊലീസ് ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര ആഭ്യന്തരവകുപ്പ് തീവ്രവാദ സംഘടനകളെ നേരിടാൻ സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്ന ഫണ്ട് ലക്ഷ്യമാക്കിയാണോ ഇത്തരം ഗൂഢാലോചനയെന്ന് സംശയിക്കുന്നുവെന്നും അവർ പറഞ്ഞു.
ഡ്രൈവിങ് അറിയാത്ത ദീപുവിനെയാണ് സുൽത്താൻ ബത്തേരി പൊലീസ് വാഹന മോഷണ കേസിൽ അറസ്റ്റ് ചെയ്തത്. തുടർന്ന് മീനങ്ങാടി സ്റ്റേഷൻ പരിധിയിൽ തുമ്പില്ലാതെ കിടന്ന രണ്ടു മോഷണ കേസുകളിൽപെടുത്തി റിമാൻഡ് ചെയ്തു. യുവാവ് രണ്ട് കിലോമീറ്ററോളം കാർ ഓടിച്ചുപോയി എന്നാണ് ബത്തേരി പൊലീസ് പറയുന്നത്. ഈ ഭാഗങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും.
ഈ തെളിവൊന്നും ശേഖരിക്കാതെയാണ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ച് കുറ്റം സമ്മതിപ്പിച്ചത്. കേസ് അന്വേഷണഘട്ടത്തിൽ തിരിച്ചടിക്കുമെന്ന് ബോധ്യമായതോടെയാണ് മീനങ്ങാടിയിൽ തെളിയാതെ കിടന്ന രണ്ടു കേസുകൾ യുവാവിനെതിരെ ചുമത്തിയത്.
സ്റ്റേഷനുകളിൽ തുമ്പില്ലാതെ കിടക്കുന്ന കേസുകൾ നിരപരാധികളുടെ മേൽ കെട്ടിവെച്ച് വകുപ്പിൽ നല്ലപിള്ള ചമയാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമമാണിതെന്ന് അവർ ആരോപിച്ചു. വകുപ്പുതല അന്വേഷണം നടത്തി കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് യുവാവിന് നീതി ലഭ്യമാക്കിയില്ലെങ്കിൽ സമര പരിപാടികളുമായി എ.ഐ.വൈ.എഫും സി.പി.ഐ സുൽത്താൻ ബത്തേരി ലോക്കൽ കമ്മിറ്റിയും രംഗത്തുവരുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
വാർത്തസമ്മേളനത്തിൽ എ.ഐ.വൈ.എഫ് ജില്ല പ്രസിഡൻറ് സജി വർഗീസ്, സി.പി.ഐ സുൽത്താൻ ബത്തേരി മണ്ഡലം സെക്രട്ടറി സി.എം. സുധീഷ്, മീനങ്ങാടി ലോക്കൽ സെക്രട്ടറി എൽദോ, സി.പി.ഐ ജില്ല കമ്മിറ്റി അംഗം ഫാരിസ്, എം.സി. സുമേഷ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.