കൃഷി തിന്നും നശിപ്പിച്ചും വന്യമൃഗങ്ങൾ; കർഷകർ പ്രതിസന്ധിയിൽ
text_fieldsകാക്കവയൽ: മണ്ണിൽ കഠിനാധ്വാനം ചെയ്ത് ഇറക്കുന്ന കാർഷിക വിളകൾ കാട്ടുപന്നി വ്യാപകമായി നശിപ്പിക്കുന്നത് കണ്ട് ഒന്നും ചെയ്യാൻ കഴിയാതെ കർഷകർ. കൃഷിയിടത്തിൽ കൂട്ടത്തോടെ ഇറങ്ങി വാഴയും മരച്ചീനിയും പച്ചക്കറികളും നശിപ്പിക്കുകയാണ്.
കടം വാങ്ങിയും പണം പലിശക്കെടുത്തും കൃഷിയിറക്കി വിളവെടുക്കാൻ ഒന്നുമില്ലാതെ വന്യമൃഗങ്ങൾ നശിപ്പിക്കുന്നതിനാൽ കൃഷി ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് കർഷകർ. കാട്ടുപന്നികൾ മനുഷ്യ ജീവനും ഭീഷണിയാവുകയാണ്.
കഴിഞ്ഞ വർഷം നവംബറിൽ കാട്ടുപന്നിയുടെ ആക്രമണത്തിലാണ് കാവടം കോളനിയിലെ മാധവൻ മരണപ്പെട്ടത്. ഉച്ചക്ക് കാക്കവയൽ ടൗണിലൂടെ നടന്നുപോകുമ്പോഴാണ് പന്നിയുടെ ആക്രമണത്തിന് ഇരയായത്. കാക്കവയലിലും പരിസര പ്രദേശങ്ങളിലും കാട്ടുപന്നികൾ കാർഷിക മേഖലയിലടക്കം ഉണ്ടാക്കുന്ന നഷ്ടങ്ങൾ ചെറുതല്ല. കാക്കവയൽ കൈപ്പാടം ബാബുവിന്റെ മുന്നൂറോളം വാഴകളാണ് കഴിഞ്ഞ ദിവസങ്ങളിലായി കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത്. സൈനിക സേവനത്തിൽ നിന്ന് വിരമിച്ചതിനെ തുടർന്നാണ് ബാബു കാട് മൂടിക്കിടന്ന അഞ്ചേക്കർ തോട്ടം പാട്ടത്തിനെടുത്ത് കൃഷി തുടങ്ങിയത്.
ലക്ഷങ്ങൾ ചെലവഴിച്ച് കൃഷി ചെയ്ത വാഴയും കപ്പയും ചേനയും പച്ചക്കറിയുമുൾപ്പെടെ കുരങ്ങും മയിലും പന്നിയും ഇറങ്ങി നശിപ്പിച്ചു. കാക്കവയൽ, വെള്ളിത്തോട്, വാര്യാട്, സുധിക്കവല, സ്കൂൾ പരിസരം, കരിങ്കണ്ണിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിൽ പന്നി ശല്യത്താൽ നാട്ടുകാർ പൊറുതിമുട്ടുകയാണ്. ചിലയിടങ്ങളിൽ രാത്രിയിൽ പുറത്തിറങ്ങാൻ തന്നെ ഭയപ്പെടുന്ന സാഹചര്യമാണ്.
അധികൃതരുടെ ഭാഗത്തുനിന്ന് വന്യമൃഗശല്യത്തിനെതിരെ ഇടപെടലുണ്ടായില്ലെങ്കിൽ കൃഷിഭൂമികൾ തരിശാകുന്നതിനും ദുരന്തങ്ങൾ ആവർത്തിക്കുന്നതിനും ഇടയാകുമെന്ന് കർഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.