കർഷകസമരങ്ങൾ വീണ്ടും സജീവമാകുന്നു
text_fieldsപുൽപള്ളി: ജില്ലയിൽ വീണ്ടും കർഷകസമരങ്ങൾ സജീവമാകുന്നു. ബാങ്കുകളുടെ ജപ്തി നടപടികൾക്കെതിരെയാണ് കർഷക കൂട്ടായ്മകൾ ശക്തമായി രംഗത്തുള്ളത്. വരുംദിവസങ്ങളിൽ ജപ്തിക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി നിരവധി സംഘടനകൾ രംഗത്തുവരുമെന്നാണ് സൂചന.
ജില്ലയിലെ വിവിധ ബാങ്കുകൾക്കു മുന്നിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജപ്തിക്കെതിരെയുള്ള സമരം തുടരുകയാണ്.
രാഷ്ട്രീയ പാർട്ടികളുടെയും കർഷകസംഘടനകളുടെയും നേതൃത്വത്തിലാണ് സമരങ്ങൾ. കർഷകർ ബാങ്കുകളിൽ പണയപ്പെടുത്തിയ സ്വത്ത് സർഫാസി നിയമം ഉപയോഗിച്ചും മറ്റും പിടിച്ചെടുക്കുന്നത് നിർത്തലാക്കണമെന്നാണ് പ്രധാന ആവശ്യം.
ഇത്തരം നീക്കങ്ങൾ ശക്തമായി പ്രതിരോധിക്കുമെന്നാണ് വിവിധ സംഘടനകൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജില്ലയിൽ കിസാൻസഭ പ്രവർത്തകർ പലയിടത്തും ഇതിനകം ജപ്തി നടപടികൾ തടസ്സപ്പെടുത്തി രംഗത്തുവന്നിട്ടുണ്ട്.
സർക്കാർ പ്രഖ്യാപിച്ച വായ്പാ മോറട്ടോറിയം കാലാവധി കഴിഞ്ഞതോടെയാണ് ബാങ്കുകൾ ജപ്തിയുമായി രംഗത്തുവന്നിരിക്കുന്നത്. കാർഷികമേഖലയിലെ തകർച്ച കാരണം പലർക്കും പണം തിരിച്ചടക്കാൻ പറ്റാത്ത അവസ്ഥയാണ്. ജില്ലയിൽ ഏറ്റവുമധികം കർഷകർക്ക് ജപ്തി നോട്ടീസ് ലഭിച്ചിരിക്കു
ന്നത് പുൽപള്ളി, മുള്ളൻകൊല്ലി മേഖലയിലുള്ളവർക്കാണ്. ഇവിടെ 2000ത്തിലേറെ ആളുകൾക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗത്തിനും തിരിച്ചടക്കാൻ നിർവാഹമില്ല. എടുത്ത തുകയുടെ നല്ലൊരു പങ്കും അടച്ചവർക്കും സമയബന്ധിതമായി തുക തിരിച്ചടക്കാൻ കഴിയാത്തതിനാൽ വൻ കുടിശ്ശികയാണ് വന്നിരിക്കുന്നത്. ജില്ലയിലാകെ 10,000ത്തിൽപരം കർഷകർക്ക് ജപ്തി നോട്ടീസുകൾ ലഭിച്ചിട്ടുണ്ട്. വായ്പകുടിശ്ശികയുടെ പേരിലുള്ള ഒരു ജപ്തിയും അനുവദിക്കില്ലെന്ന നിലപാടിലാണ് കർഷക സംഘടനകൾ.
ജപ്തി നടപടി തടഞ്ഞു
മീനങ്ങാടി: സ്ഥലം ജപ്തിചെയ്ത് ഇ-ടെൻഡർ വഴി ലേലംചെയ്യാനുള്ള മീനങ്ങാടി ഗ്രാമീണ ബാങ്ക് നടപടി കിസാൻസഭ പ്രവർത്തകർ തടഞ്ഞു. കാക്കവയൽ ആനന്ദഭവൻ അജിത് കുമാർ എന്നയാളുടെ ബാങ്ക് വായ്പയും പലിശയും വസൂലാക്കാനാണ് അദ്ദേഹത്തിന്റെ സ്ഥലം വെള്ളിയാഴ്ച രാവിലെ 11മണിക്ക് ലേലം ചെയ്യാൻ ബാങ്ക് തീരുമാനിച്ചിരുന്നത്. ഇതറിഞ്ഞെത്തിയ കിസാൻസഭ പ്രവർത്തകർ ബാങ്കിലേക്ക് മാർച്ചും ധർണയും നടത്തുകയായിരുന്നു.
തുടർന്ന് കിസാൻസഭ നേതാക്കളായ പി.എം. ജോയ്, അമ്പി ചിറയിൽ, സി.എം. സുധീഷ്, ഷാജി എന്നിവരുമായി ബാങ്ക് മാനേജർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പ്രശ്നം പരിഹരിച്ചു. അഞ്ചുവർഷങ്ങൾക്കു മുമ്പ് അഞ്ചുലക്ഷം രൂപ വായ്പയെടുത്തത് ഇപ്പോൾ 7,68000 രൂപ അടക്കാൻ ആണ് നോട്ടീസ് വന്നിരിക്കുന്നത്. നോട്ടീസ് വരുന്നതിനു മുമ്പ് രണ്ടുലക്ഷം രൂപ ബാങ്കിൽ അടച്ചിട്ടുമുണ്ട്.
വെള്ളിയാഴ്ച 5000 രൂപ ബാങ്കിൽ അടച്ചാണ് പ്രശ്നത്തിന് പരിഹാരമായത്. ബാക്കി തുക ഘട്ടംഘട്ടമായി അടച്ചാൽ മതിയെന്നും തീരുമാനമായി. അമ്പി ചിറയിൽ സമരം ഉദ്ഘാടനം ചെയ്തു. എൻ. ഫാരിസ്, എ.എം. ജോയ്, സതീഷ് കരടിപ്പാറ, കലേഷ് സത്യാലയം, എ. അസൈനാർ, ലെനിൻ സ്റ്റീഫൻ, ഒ.സി. ഷിബു തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.