ആരോപണം രാഷ്ട്രീയപ്രേരിതമെന്ന്; മെഡിക്കൽ കോളജിനെ ചൊല്ലി വയനാട് ജില്ല പഞ്ചായത്തിൽ പോര് മുറുകി
text_fieldsകൽപറ്റ: മാനന്തവാടി മെഡിക്കൽ കോളജ് സംബന്ധിച്ച് ജില്ല പഞ്ചായത്ത് പ്രസിഡൻറ് സംഷാദിെൻറ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. ബിന്ദു, ക്ഷേമകാര്യ ചെയർമാൻ ജുനൈദ് കൈപാണി, ജില്ല പഞ്ചായത്തംഗം സുരേഷ് താളൂർ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
ജില്ല ആശുപത്രി, മെഡിക്കൽ കോളജായി ഉയർത്താൻ സർക്കാറിന് അധികാരമില്ലെന്നും ജില്ല പഞ്ചായത്തിെൻറ അനുമതി തേടിയില്ലെന്നുമുള്ള സംഷാദിെൻറ ആരോപണം പഞ്ചായത്തീരാജ് നിയമം അറിയാത്തതുകൊണ്ടാണ്. സർക്കാറിെൻറ സ്ഥാപനങ്ങൾ ദൈനംദിന പരിപാലനത്തിന് തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ കൈമാറിയതാണ്.
അതിൽ ഏതെങ്കിലും ഒരു സ്ഥാപനം ഉയർത്താനോ ഏറ്റെടുക്കാനോ അധികാരം സർക്കാറിനാണ്. അനുമതി വാങ്ങേണ്ട ആവശ്യമില്ല. ദൈനംദിന ചെലവുകൾ ജില്ല പഞ്ചായത്തിന് വഹിക്കാൻ കഴിയില്ലെന്ന് പറയുമ്പോൾ അദ്ദേഹത്തോട് ആരാണ് ചെലവ് ആവശ്യപ്പെട്ടത്? ഡി.എം.ഒ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതും തെറ്റാണ്. മെഡിക്കൽ ഡയറക്ടറോടാണ് ചെലവ് ആവശ്യപ്പെടേണ്ടത്. മെഡിക്കൽ കോളജായി പ്രഖ്യാപിച്ച സർക്കാറിന് തുക നൽകാനും കഴിയും.
140ഓളം തസ്തികകൾ സർക്കാർ സൃഷ്ടിച്ചു. അതിൽ ചില ഉദ്യോഗസ്ഥർ വന്ന് ചുമതലയേൽക്കുകയും ചെയ്തു. ബജറ്റ് നടപടിക്രമങ്ങളെ കുറിച്ചും സംഷാദിന് ധാരണയില്ല.
ഒരു സർക്കാറിന് സപ്ലിമെൻറ് ബജറ്റ് ഏതുഘട്ടത്തിലും അവതരിപ്പിക്കാൻ കഴിയും. 2019ലെ കേരള ബജറ്റിൽ വയനാട് മെഡിക്കൽ കോളജിന് തുക വകയിരുത്തിയിട്ടുണ്ട്.
ആ തുകക്ക് ഭരണാനുമതി കൊടുത്താൽ സർക്കാറിന് പ്രവർത്തനം നടത്താൻ കഴിയും. മെഡിക്കൽ കോളജ് നടത്തിപ്പിൽ അവ്യക്തത ഉണ്ടെങ്കിൽ അത് ഒരു കത്തിലൂടെ സർക്കാറിനെ അറിയിക്കുന്നതിന് പകരം വാർത്തസമ്മേളനം നടത്തി പറയുന്നത് രാഷ്ട്രീയമാണ്. ജില്ല പഞ്ചായത്ത് പ്രസിഡൻറ്, യൂത്ത് കോൺഗ്രസ് നേതാവാണ്.
അദ്ദേഹത്തിന് രാഷ്ട്രീയാഭിപ്രായം പറയാൻ അവകാശമുണ്ട്. അത് ജില്ല പഞ്ചായത്ത് ഭരണസമിതിയുടെ തലയിൽ കെട്ടിവെക്കരുത്. ജില്ല പഞ്ചായത്തിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും എട്ട് സീറ്റുകൾ വീതമാണുള്ളത്. കോൺഗ്രസിെൻറ മാത്രം താൽപര്യങ്ങൾക്കനുസരിച്ച് ജില്ല പഞ്ചായത്ത് ഭരണം നടത്താമെന്നത് വ്യാമോഹമാണ്. അതനുവദിക്കില്ല -പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.