ബാണാസുര അണക്കെട്ടിൽ പുത്തൻ മത്സ്യക്കൃഷിയുമായി ഫിഷറീസ് വകുപ്പ്
text_fieldsവെള്ളമുണ്ട: ബാണാസുര സാഗർ അണക്കെട്ടിൽ വേറിട്ട മത്സ്യകൃഷിയുമായി ഫിഷറീസ് വകുപ്പ്. കൂടുകളിലെ മത്സ്യകൃഷിയാണ് അണയുടെ കുറ്റിയാംവയല്‍ ഭാഗത്ത് ആരംഭിക്കുന്നത്. പരിസ്ഥിതിക്കോ ആവാസവ്യവസ്ഥക്കോ പോറലേല്‍ക്കാതെ പൂര്‍ണമായും പ്രകൃതിക്ക് ഇണങ്ങുന്നരീതിയില്‍ ജലാശയങ്ങളില്‍ നിക്ഷേപിക്കുന്ന കൂടുകളില്‍ മത്സ്യം വളര്‍ത്തുന്ന രീതിയാണ് മത്സ്യക്കൂട് കൃഷി. ഒമ്പതു ബ്ലോക്കുകളിലായി 90 കൂടുകളിലാണ് മത്സ്യകൃഷി നടത്തുക. ഗിഫ്റ്റ് തിലാപ്പിയ ഇനം മത്സ്യക്കുഞ്ഞുങ്ങളെയാണ് കൂടുകളില്‍ നിക്ഷേപിക്കുക.
നീറ്റിലിറക്കുന്ന കൂടിലെ വലയിലാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. വര്‍ഷത്തില്‍ രണ്ടു തവണ വിളവെടുപ്പു നടത്താനാകും. വൈദ്യുതി വകുപ്പ് അനുമതി നല്‍കിയ സാഹചര്യത്തിലാണ് റീബില്‍ഡ് കേരള പ്രോഗ്രാമില്‍ അണയില്‍ കൂടുകളിലെ മത്സ്യകൃഷി തുടങ്ങാന്‍ തീരുമാനമായത്. ജില്ലയില്‍ ആദ്യമായാണ് റിസര്‍വോയറില്‍ കൂടുകളിലെ മത്സ്യകൃഷി. ജലകൃഷി വികസന ഏജന്‍സിക്കാണ് പദ്ധതി നിര്‍വഹണ ചുമതല.
ബാണാസുരസാഗര്‍ പട്ടികജാതി-വര്‍ഗ മത്സ്യകര്‍ഷക സഹകരണ സംഘാംഗങ്ങളാണ് പദ്ധതി ഗുണഭോക്താക്കള്‍. 90 അംഗങ്ങളാണ് സംഘത്തിലുള്ളത്. മത്സ്യോൽപാദനം വര്‍ധിപ്പിക്കുന്നതിനൊപ്പം സംഘാംഗങ്ങള്‍ക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്തുന്നതിനാണ് കൂടുകളിലെ മത്സ്യകൃഷി ആസൂത്രണം ചെയ്തത്. പദ്ധതിയുടെ ഉദ്ഘാടനം എട്ടിനു ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഓണ്‍ലൈനായി നിര്‍വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.