കടുവയെ തിരഞ്ഞ് കുങ്കിയാനകളും ഡ്രോണുകളും; കഴുത്തിന് മുറിവേറ്റ നിലയിൽ കാമറ ദൃശ്യങ്ങൾ
text_fieldsമാനന്തവാടി: ഒരു പ്രതിരോധ നീക്കങ്ങൾക്കും പിടികൊടുക്കാതെ ദിനചര്യയെന്നോണം നാട്ടിലിറങ്ങി ഇരപിടിക്കുന്ന ഈ കടുവയെ എങ്ങനെ കുടുക്കുമെന്നറിയാതെ കുഴങ്ങുകയാണ് ഒരു നാടും നാട്ടാരും. എല്ലാ സംവിധാനവുമൊരുക്കി നൂറിലേറെവരുന്ന വനപാലകസംഘവും പൊലീസും രാത്രി ഉളക്കമിളച്ച് കാവൽനിന്നിട്ടും ആരുടെ ദൃഷ്ടിയിലും പെടാതെ കുറുക്കൻമൂലയിൽ എല്ലാദിവസവുമെന്നപോലെ കടുവയെത്തുകയാണ്.
ചൊവ്വാഴ്ച രാവിലെ പതിനാലാമത്തെ വളർത്തുമൃഗത്തെയും ആക്രമിച്ച് കൊന്ന് പാതി തിന്നു. പടമല പള്ളിക്ക് സമീപം കുരുത്തോലയിൽ സുനിലിെൻറ മൂന്ന് വയസ്സുള്ള ആടിനെയാണ് കൊന്നത്. രണ്ടാഴ്ചക്കിടെ ദിനംപ്രതിയെന്നോണം 14 വളർത്തുമൃഗങ്ങളെയാണ് കുറുക്കൻമൂലയിലും പരിസരങ്ങളിലുമായി കടുവ ആക്രമിച്ചുകൊന്നത്.
കടുവയെ പൂട്ടാൻ നാടിെൻറ വിവിധ ഭാഗങ്ങളിൽ അഞ്ചു കൂടുകളൊരുക്കി കാത്തിരിപ്പ് തുടരുകയാണ്. പോരാത്തതിന് 56 കാമറക്കണ്ണുകൾ കടുവയെ തേടി രാവും പകലും കണ്ണിമ ചിമ്മാതെ കാത്തിരിക്കുന്നു. ഒത്തുകിട്ടിയാൽ മയക്കുവെടിവെക്കാൻ വിദഗ്ധ സംഘവും സജ്ജം. പക്ഷേ, എല്ലാവരെയും 'പറ്റിച്ച്' കടുവ ഒളിച്ചുകളി തുടരുന്നു. എന്നാൽ, സ്ഥാപിച്ച കാമറകളിൽ ഒന്നിൽ രാത്രി കടുവയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. കഴുത്തിൽ മുറിവേറ്റ നിലയിലാണ്.
17 ദിവസമായി നാടിെൻറ ഉറക്കം കെടുത്തിയ കടുവയെ പിടികൂടാനായി കുങ്കിയാനകളെ എത്തിച്ച് തിരച്ചിലും തുടങ്ങി. ചൊവ്വാഴ്ച വൈകീട്ട്. 6.30 ഓടെയാണ് മുത്തങ്ങയിൽ നിന്ന് കല്ലൂർ, വടക്കനാട് കൊമ്പന്മാരേയാണ് എത്തിച്ചത്. ഒന്നിനെ കുറുക്കൻമൂല വനാതിർത്തിയിലും രണ്ടാമത്തേതിനെ പടമല പാറേക്കാട്ടിൽ അന്നക്കുട്ടിയുടെ വീടിന് സമീപത്തെ സ്വകാര്യ തോട്ടത്തിലുമാണ് വിന്യസിച്ചിരിക്കുന്നത്. ചൊവ്വാഴ്ച്ച മുതൽ ഡ്രോൺ നിരീക്ഷണവും ആരംഭിച്ചു. നേരത്തേ, കൊന്ന മൃഗങ്ങളുടെ അവശിഷ്ടങ്ങളാണ് കടുവയെ കുടുക്കാൻ കൂട്ടിൽ ഇരയായി വെച്ചിരുന്നത്. ഒടുവിൽ അതുമാറ്റി ജീവനുള്ള ആടുകളെത്തന്നെ ഇരയായി ഒരുക്കിയിട്ടും കടുവ കൂടുകളിലേക്ക് 'തിരിഞ്ഞുനോക്കുന്നില്ല'.
വനപാലകസംഘത്തിന് എല്ലാ സഹായവുമായി നാട്ടുകാരുമുണ്ടെങ്കിലും ആരുടെയും കണ്ണിൽപെടാതെയാണ് രാത്രി കടുവ പ്രദേശത്ത് എത്തുന്നത്. കാമറകളിലും കടുവയുടെ ദൃശ്യങ്ങൾ പതിയുന്നില്ലെന്നതും ആളുകൾക്ക് അതിശയമാവുന്നു.
ഇന്ന് കടുവ കൂട്ടിൽ കുടുങ്ങുമെന്ന് ഓരോ ദിവസവും പ്രതീക്ഷിക്കുേമ്പാഴും പിറ്റേന്ന് ആരുടെയെങ്കിലും വളർത്തുമൃഗങ്ങളെ കൊന്നതായ വാർത്തകളാണ് ലഭിക്കുന്നത്. രണ്ട് പശുക്കളെ കടുവ ആക്രമിച്ച് പരിക്കേപിച്ചിട്ടുമുണ്ട്. ഇര തേടാനായി നാട്ടിലിറങ്ങുന്ന കടുവയെ വൈകാതെ കൂട്ടിലടക്കാനാവുമെന്ന പ്രത്യാശയിലാണ് ഇപ്പോഴും വനംവകുപ്പ്. വനം വെറ്ററിനറി ഓഫിസർ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ആർ.ആർ.ടി ടീമും തിരച്ചിൽ നടത്തുന്നുണ്ട്. സബ് കലക്ടർ ആർ. ശ്രീലക്ഷ്മി, താഹസിൽദാർ ജോസ് ചിറ്റലപ്പള്ളി, ഡി.എഫ്.ഒമാരായ ഷജ്ന കരീം, രമേശ് ബിഷ്ണോയ്, മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രൻ, പൊലീസ് ഇൻസ്പെക്ടർ എം.എം. അബ്ദുൽ കരീം എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
നഷ്ടപരിഹാരത്തിന് പ്രത്യേക പാക്കേജ് തയാറാക്കും –കലക്ടർ
മാനന്തവാടി: കുറുക്കൻമൂലയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാര തുക അനുവദിക്കുന്നതിൽ പ്രത്യേക പാക്കേജ് ഉണ്ടാക്കുമെന്ന് കലക്ടർ എ. ഗീത പറഞ്ഞു. ആക്രമണം നടന്ന വീടുകൾ സന്ദർശിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
നഷ്ടപരിഹാര തുക കുറവാണെന്ന് കർഷകരുടെ ഭാഗത്തു നിന്ന് വ്യാപക പരാതികൾ ഉയർന്നതിനെ തുടർന്നാണ് പാക്കേജിനെ കുറിച്ച് ആലോചിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാറും സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.