മാരകായുധങ്ങളുമായി അഞ്ചംഗ കൊള്ളസംഘം മീനങ്ങാടിയിൽ പിടിയിൽ
text_fieldsസുൽത്താൻ ബത്തേരി: പണവുമായി സഞ്ചരിക്കുന്നവരുടെ വാഹനം തടഞ്ഞുനിർത്തി കൊള്ള നടത്തുന്ന അഞ്ചംഗ സംഘത്തെ തിങ്കളാഴ്ച രാത്രി മീനങ്ങാടി പൊലീസ് പിടികൂടി. ദേശീയപാതയിൽ കൊളവയലില്നിന്നാണ് ഇവരെ പൊലീസ് വളഞ്ഞത്. സംഘത്തിൽപ്പെട്ട അഞ്ചു പേർ രക്ഷപ്പെട്ടു. മൈസൂർ ഭാഗത്തുനിന്ന് പണവുമായി വാഹനം എത്തുമെന്ന സൂചനയെത്തുടർന്നാണ് ഏതാനും ദിവസങ്ങളായി ഇവർ ഒരുക്കങ്ങൾ നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
കൊയിലാണ്ടി സ്വദേശികളായ മീത്തല്‍ അരുണ്‍കുമാര്‍ (26), മീത്തല്‍ അഖില്‍ (21), ഉള്ളിയേരി മീത്തല്‍ നന്ദുലാല്‍ (22), വയനാട് റിപ്പണ്‍ കുയിലന്‍വളപ്പില്‍ സക്കറിയ (29), വടുവന്‍ചാല്‍ പ്രദീപ്കുമാര്‍ (37) എന്നിവരാണ് പിടിയിലായത്. വാഹനത്തില്‍നിന്ന് കത്തി, പിച്ചാത്തി, വാഹനം കുത്തിപ്പൊളിക്കുന്നതിനാവശ്യമായ ഉപകരണങ്ങള്‍ എന്നിവയും കണ്ടെടുത്തു. രണ്ട് സ്വിഫ്റ്റ് കാറുകളിലായിട്ടാണ് പത്ത് അംഗങ്ങൾ സഞ്ചരിച്ചത്. രക്ഷപ്പെട്ട അഞ്ച് പേർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി ജില്ല പൊലീസ് മേധാവി അരവിന്ദ് സുകുമാർ പറഞ്ഞു. കാര്യമ്പാടിയില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ നാലു ദിവസത്തോളം നിര്‍ത്തിയിട്ടിരുന്ന കെ.എൽ. 11 ബി.എസ് 6981 എന്ന സ്വിഫ്റ്റ് കാറിന്റെ ചിത്രവുമായി മീനങ്ങാടി പൊലീസ് സ്റ്റേഷനില്‍ പ്രദേശവാസിയായ വ്യക്തി എത്തിയിരുന്നു. ഇതേതുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് നമ്പര്‍ വ്യാജമാണെന്നും വാഹനം കസ്റ്റഡിയിലെടുക്കാനും മീനങ്ങാടി പൊലീസ് തീരുമാനിച്ചത്. എന്നാല്‍, വാഹനം കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് വരുന്നതിനിടെ നമ്പര്‍ മാറ്റി സംഘം രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന പൊലീസ് കൊളവയലില്നിന്നും പ്രതികളെ പിടികൂടുകയായിരുന്നു.
ഇതിനിടെ അമ്പലവയല്‍ സ്വദേശിയില്‍നിന്നും വാടകക്കെടുത്ത മറ്റൊരു കാറില്‍ രക്ഷപ്പെട്ട മറ്റു പ്രതികള്‍ കൽപറ്റയില് വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു. പാതിരിപ്പാലം ക്വട്ടേഷന്‍ ആക്രമണത്തിലെ പ്രതി കൂടിയായ തൃശൂര്‍ വരന്തരപ്പിള്ളി സ്വദേശി നിഖിലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് രക്ഷപ്പെട്ടത്. മീനങ്ങാടി സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സനൽ രാജ്, എസ്.ഐ പോള്‍, എ.എസ്.ഐ മാത്യു, സീനിയര്‍ സി.പി.ഒ ഫിനു, സി.പി.ഒമാരായ സുനില്‍, ജോസഫ്, ഫിറോസ് ഖാന്, ഷൈജു, ബിനു എന്നിവരാണ് കാര്യമ്പാടിയിൽനിന്ന് കൊള്ളസംഘം സഞ്ചരിച്ച സ്വിഫ്റ്റ് കാറിനെ പിന്തുടർന്നത്.
ഒരേ നിറത്തിലുള്ള കാറുകൾ; കൊള്ളക്ക് ആഴ്ചകൾ നീണ്ട ഒരുക്കം
സുൽത്താൻ ബത്തേരി: മീനങ്ങാടിയിൽ പിടിയിലായ ഹൈവേ കൊള്ളസംഘം 'ഓപറേഷന്' മുന്നോടിയായി നടത്തിയത് ആഴ്ചകൾ നീണ്ട ഒരുക്കം. ഒരേ നിറത്തിലും രൂപത്തിലുമുള്ള രണ്ട് സ്വിഫ്റ്റ് കാറുകൾ സംഘടിപ്പിച്ചത് കൊള്ള നടത്തിയതിനുശേഷം സുരക്ഷിതമായി രക്ഷപ്പെടുക എന്ന ലക്ഷ്യത്തിലാണ്. സാമ്യമുള്ള കാറുകൾ കണ്ടെത്തി വാടകക്ക് എടുക്കാൻ തന്നെ ആഴ്ചകൾ എടുത്തിട്ടുണ്ടാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
മൈസൂരു, ബംഗളൂരു ഭാഗങ്ങളിൽനിന്ന് പണവുമായി എത്തുന്ന ആളുകളെയാണ് ഇവർ ലക്ഷ്യമിടുന്നത്. കുഴൽപണക്കാരാണ് ഇവരുടെ പ്രധാന ഇര. പണം ചെക്ക് പോസ്റ്റ് കടക്കാൻ സാധ്യതയുണ്ടെന്ന് രഹസ്യമായി മനസ്സിലാക്കുകയാണ് ആദ്യഘട്ടം. പിന്നീട് ദിവസവും സമയവും കണ്ടെത്തും. ഹൈവേയിൽ വാഹനം തടഞ്ഞ് ബലപ്രയോഗത്തിലൂടെ പണം കൈക്കലാക്കി രക്ഷപ്പെടുകയാണ് രീതി. പണവുമായി എത്തുന്ന വാഹനം കുത്തിപ്പൊളിക്കേണ്ടിവന്നാൽ അതിനുള്ള ഉപകരണങ്ങളും മീനങ്ങാടിയിൽ പിടിയിലായവരുടെ പക്കലുണ്ടായിരുന്നു.
ഏതാനും മാസം മുമ്പാണ് പാതിരിപ്പാലത്ത് മൈസൂരുവിൽനിന്ന് പണവുമായി എത്തിയ താമരശ്ശേരി സ്വദേശികളെ കൊള്ളസംഘം വളഞ്ഞത്. എന്നാൽ, പണവുമായി എത്തിയവർ വാഹനം സാഹസികമായി ഇടവഴിയിലൂടെ ഓടിച്ച് രക്ഷപ്പെടുകയായിരുന്നു. കൊള്ളസംഘത്തിലെ നിരവധിപേർ ഇതിനോടകം പിടിയിലാണ്. ഹൈവേ കൊള്ള പൊതുവെ വയനാട്ടിൽ സുപരിചിതമല്ല. എന്നാൽ, ചുരം കയറി എത്തുന്ന ക്വട്ടേഷൻ സംഘത്തിെൻറ സാന്നിധ്യം അടുത്ത കാലത്തായി ഏറിയിട്ടുണ്ട്. പൊലീസ് ജാഗ്രത വർധിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.