കുടുംബശ്രീയിൽ പതാക വിവാദം
text_fieldsകൽപറ്റ: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ സ്ഥാപനങ്ങളിലും വീടുകളിലും ഉയർത്താനായി കുടുംബശ്രീ ഒരുക്കുന്ന ദേശീയപതാകയുടെ നിർമാണത്തിൽ ക്രമക്കേടെന്ന് ആരോപണം. കുടുംബശ്രീ ജില്ല മിഷന് കീഴിലെ അപ്പാരൽ കൺസോർട്യത്തിന് പതാക നിർമാണ ജോലികൾ നൽകാതെ കണിയാമ്പറ്റ സ്വദേശിനിക്ക് ക്വട്ടേഷൻ നൽകിയത് കമീഷൻ ലക്ഷ്യമിട്ടാണെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പതാക നിർമാണം ക്വട്ടേഷൻ നൽകുന്നത് തങ്ങളെ അറിയിച്ചിരുന്നില്ലെന്നും ഇവർ പറഞ്ഞു. കുടുംബശ്രീ ജില്ല മിഷന്റെ അപ്പാരൽ കൺസോർട്യത്തിന് കീഴിൽ 90 ഓളം ഗ്രൂപ്പുകളുണ്ട്. അഞ്ച് മുതൽ 30വരെയുള്ള അംഗങ്ങളുള്ള ഗ്രൂപ്പാണിത്. വ്യക്തികത ഗ്രൂപ്പുകളും കൺസോർട്യത്തിന് കീഴിലുണ്ട്. കുടുംബശ്രീക്ക് തയ്യൽ ജോലികൾ ലഭിക്കുമ്പോൾ കൺസോർട്യം വിളിച്ചുചേർത്ത് തൊഴിൽ വീതംവെച്ച് നൽകുകയായിരുന്നു പതിവ്. പ്രളയത്തിനും കോവിഡിനും ശേഷം എല്ലാ ഗ്രൂപ്പുകളും നഷ്ടത്തിലാണ്. എല്ലാ ഗ്രൂപ്പുകളും തദ്ദേശസ്ഥാപനങ്ങൾ വഴിയും ബാങ്കുകളിൽനിന്നും വായ്പയെടുത്താണ് പ്രവർത്തിക്കുന്നത്. ഇത് തിരിച്ചടക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പതാക തയാറാക്കുന്ന ജോലി വന്നത്.
ഈ വിവരം അറിഞ്ഞതിനു ശേഷം കൺസോർട്യം ഭാരവാഹികൾ കുടുംബശ്രീ ജില്ല കോഓഡിനേറ്ററെ സമീപിച്ചപ്പോൾ പരിശീലനം ലഭിച്ചവരെ മാത്രമെ പതാക നിർമാണത്തിന് അനുവദിക്കൂ എന്നാണ് അറിയിച്ചത്. കണ്ണൂരില്‍ ഫാഷന്‍ ഡിസൈനിങ് പഠിക്കാന്‍ പോയ 30 പേര്‍ക്കാണ് പതാക നിര്‍മാണത്തില്‍ പരിശീലനം ലഭിച്ചതെന്ന് അദ്ദേഹം അറിയിച്ചുവെന്ന് ഇവർ പറയുന്നു.
എന്നാൽ, അടുത്ത ദിവസം അപ്പാരൽ കൺസോർട്യത്തിന്റെ ഓൺലൈൻ യോഗം ചേർന്നു. 200 രൂപയുടെ മുദ്രക്കടലാസിൽ കരാർ എഴുതി ജില്ല മിഷനിൽ നൽകിയ ശേഷം ക്വട്ടേഷൻ നൽകിയ വ്യക്തിയിൽനിന്ന് പതാകത്തുണി വാങ്ങി ആർക്കും തയ്ച്ചുനൽകാമെന്നാണ് യോഗത്തിൽ അധികൃതർ വ്യക്തമാക്കിയത്. ഒരു പതാകക്ക് രണ്ട് രൂപയാണ് തയ്യൽകൂലി ലഭിക്കുക. മറ്റ് ജില്ലകളിൽ തയ്ക്കുന്നതിന് ആറ് രൂപവരെ നൽകുന്നുണ്ടെന്നും തൊഴിലാളികളെ ചൂഷണം ചെയ്യുന്ന പ്രവണതയാണിതെന്നും ഭാരവാഹികൾ പറയുന്നു. നിലവിൽ നിർമിച്ച് നൽകിയ പതാകകൾ ക്വട്ടേഷനെടുത്ത വ്യക്തിയുടേയോ ജില്ലയിലെ മറ്റ് അപ്പാരൽ യൂനിറ്റുകളിലോ തയ്ച്ചതല്ലെന്നും പുറംകരാർ നൽകി കൊണ്ടുവന്നതാണെന്നും ഇവർ ആരോപിച്ചു. സുൽത്താൻ ബത്തേരിയിലെ വിശ്വകല, നടവയലിൽ പട്ടിവർഗ വനിതകൾ നടത്തുന്ന ചേല, പൊഴുതനയിലെ അഗതി ആശ്രയ തുടങ്ങിയ കുടുംബശ്രീക്ക് കീഴിലുള്ള മികച്ച സൗകര്യങ്ങളുള്ള ഏഴ് വലിയ അപ്പാരൽ പാർക്കുകൾക്കുപോലും തൊഴിൽ നൽകാതെ മാറ്റിനിർത്തി. പരിശീലനം നൽകിയ 30 പേർക്ക് പുറമെ 45 വനിതകളും പതാക നിർമാണത്തിലുണ്ടെന്നാണ് അറിയുന്നത്. ഈ 75 പേരും ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിൽനിന്ന് ഉള്ളവരാണ്.
മറ്റ് തദ്ദേശ സ്ഥാപനങ്ങളിലെ കുടുംബശ്രീ പ്രവർത്തകർക്ക് ജോലി നൽകിയില്ലെന്നും ഇവർ ആരോപിച്ചു. കലക്ടർക്കും ജില്ല കുടുംബശ്രീ മിഷനും പരാതി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രിക്കും സംസ്ഥാന കുടുംബശ്രീ മിഷൻ അധികൃതർക്കും പരാതി നൽകുമെന്നും ഇവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ കൺസോർട്യം ഭാരവാഹികളായ സിസിലി വർഗീസ്, ഷൈലജ മുരുകൻ, വി.എ. ലീല, സി.കെ. സക്കീന എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.