പ്രളയ സഹായം: പാർട്ടിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം –മുസ്ലിം ലീഗ്
text_fieldsകല്പറ്റ: കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളിലൂടെ ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗിനെതിരെയും നേതാക്കള്‍ക്കെതിരെയും ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ജില്ല ഭാരവാഹികളുടെ യോഗം അറിയിച്ചു. 2018--19 വര്‍ഷങ്ങളില്‍ വയനാട്ടിലുണ്ടായ പ്രളയവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് ജില്ല കമ്മിറ്റിയുടെയും മറ്റ് ഘടകങ്ങളുടെയും നേതൃത്വത്തില്‍ നടത്തിയ സേവന-സഹായ പ്രവര്‍ത്തനങ്ങള്‍ ഏവരാലും അംഗീകരിക്കപ്പെട്ടതാണ്. അന്നത്തെ ഇടതുമുന്നണി എം.എല്‍.എ സി.കെ. ശശീന്ദ്രന് ഉള്‍പ്പെടെ സേവനപ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചിരുന്നു. പ്രളയത്തിലും മണ്ണിടിച്ചിലിലും വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ച 92 കുടുംബങ്ങള്‍ക്ക് പാര്‍ട്ടി ധനസഹായം നല്‍കുകയും സംസ്ഥാന കമ്മിറ്റി ജില്ലക്കനുവദിച്ച നാല് ലക്ഷം രൂപയുടെ ഭവനസഹായം അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു. ബാങ്ക് അക്കൗണ്ടുകള്‍ വഴി സുതാര്യമായാണ് ധനസഹായം കൈമാറിയത്.
ഇതുമായി ബന്ധപ്പെട്ട രേഖകള്‍ അതത് സമയങ്ങളില്‍ സംസ്ഥാന കമ്മിറ്റിക്ക് കൈമാറുകയും കമ്മിറ്റി അത് അംഗീകരിക്കുകയും ചെയ്തതാണ്. പ്രളയവുമായി ബന്ധപ്പെട്ട് ജില്ല കമ്മിറ്റി ഒരുതരത്തിലുള്ള പണപ്പിരിവും നടത്തിയിട്ടില്ല. നിരവധിയാളുകള്‍ നല്കിയ സംഭാവനകള്‍ അതേപോലെ അര്‍ഹതപ്പെട്ടവര്‍ക്ക് കൈമാറുക മാത്രമാണ് പാര്‍ട്ടി ചെയ്തത്. വസ്തുതകള്‍ ഇതായിരിക്കെ, മുസ്ലിം ലീഗിനെയും അതിെൻറ സേവനപ്രവര്‍ത്തനങ്ങളെയും അവഹേളിക്കാന്‍ മനഃപൂര്‍വം നടത്തുന്ന ശ്രമങ്ങളെ പാര്‍ട്ടി അവജ്ഞയോടെ തള്ളിക്കളയുകയാണ്. മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നതിനും വ്യക്തി താല്പര്യം മുന്‍നിര്‍ത്തിയും പടച്ചുവിടുന്ന വാര്‍ത്തകള്‍ അവഗണിക്കുകയാണെന്നും യോഗം വിലയിരുത്തി.
പ്രസിഡൻറ് പി.പി.എ. കരീം അധ്യക്ഷത വഹിച്ചു. യഹ്യാഖാന്‍ തലക്കല്‍, എം. മുഹമ്മദ് ബഷീര്‍, സി. മൊയ്തീന് കുട്ടി, പടയന്‍ മുഹമ്മദ്, കെ. നൂറുദ്ദീന്‍, റസാഖ് കല്പറ്റ, ടി. ഹംസ, കെ. അഹമ്മദ് മാസ്റ്റര്‍ എന്നിവർ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.