ബത്തേരിയിൽ പൂച്ചെടി വിവാദം; ടൗണിൽ പൂച്ചെടികൾ സ്ഥാപിക്കാൻ സ്വകാര്യ നഴ്സറിക്കാണ് കരാർ നൽകിയത്
text_fieldsസുൽത്താൻ ബത്തേരി: ശുചിത്വ സുന്ദര നഗരമായ സുൽത്താൻ ബത്തേരിയിൽ കഴിഞ്ഞ ഏതാനും ദിവസമായി പൂച്ചെടി വിവാദം ശക്തമാകുന്നു. ടൗണിൽ പൂച്ചെടികൾ സ്ഥാപിക്കുന്നതിന് സ്വകാര്യ നഴ്സറിക്ക് കരാർ കൊടുത്തതാണ് ചർച്ചയായത്. വിവിധ സംഘടനകൾ പ്രതികൂലിച്ച് അഭിപ്രായങ്ങൾ ഉയർത്തുമ്പോൾ നല്ല ഉദ്ദേശ്യത്തിലാണ് കരാർ കൊടുത്തതെന്ന വിശദീകരണവുമായി നഗരസഭ ഭരണ നേതൃത്വം രംഗത്തുവന്നു. ഏതായാലും സ്വകാര്യ കരാറിനു പിന്നിൽ സംശയങ്ങൾ ഉയർന്നു.
ജില്ലയിലെ മറ്റ് ടൗണുകളുമായി താരതമ്യം ചെയ്യുമ്പോൾ വൃത്തിയുടെ കാര്യത്തിൽ ബത്തേരി മെച്ചമാണെന്ന കാര്യത്തിൽ തർക്കമില്ല. വൃത്തിയോടൊപ്പം നഗരത്തെ സൗന്ദര്യമുള്ളതാക്കാമെന്ന ലക്ഷ്യത്തിലാണ് പൂച്ചെടികൾ സ്ഥാപിച്ചത്. നടപ്പാതയുടെ കൈവരിയിൽ സ്റ്റാൻഡുകൾ സ്ഥാപിച്ച് പൂച്ചെടികൾ പരിപാലിക്കുന്ന കാര്യത്തിൽ കച്ചവടക്കാരിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്.
ഒയിസ്ക, േശ്രയസ് പോലുള്ള സംഘടനകൾ പൂച്ചെടികൾ ഇറക്കിക്കൊടുത്തതോടെ ഈ രീതിക്ക് വലിയ ജനപിന്തുണ ലഭിച്ചു. സ്ഥാപനങ്ങൾക്ക് മുന്നിലുള്ള ചെടികൾ വെള്ളമൊഴിച്ച് പരിപാലിച്ചിരുന്നത് അതത് വ്യാപാര സ്ഥാപനങ്ങളാണ്. നല്ല രീതിയിൽ പരിപാലിച്ചവരുടെ കടകൾക്ക് മുന്നിൽ ചെടി വളർന്ന് പുഷ്പിച്ച് കണ്ണിന് കുളിർമയേകുന്ന കാഴ്ചയായി.
കഴിഞ്ഞ ദിവസം ചില കടകൾക്ക് മുന്നിലെ പൂച്ചെടികൾ രാത്രിയിൽ ചിലർ എടുത്തുകൊണ്ടു പോയതോടെയാണ് പ്രതികരണം വന്നത്. ആരോ ചെടികൾ മോഷ്ടിച്ചെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ, പുതിയത് സ്ഥാപിക്കുന്നതിന് മുന്നോടിയായാണ് ചെടികൾ എടുത്തുകൊണ്ടുപോയതെന്നും ഒരു നഴ്സറിയെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ വിശദീകരണം നൽകി. അതിന് എന്തിനാണ് ചെടിച്ചട്ടികൾ മോഷ്ടാക്കളെപ്പോലെ കടത്തിയതെന്ന ചോദ്യമുയർന്നു.
വ്യാപാരികൾ പണം മുടക്കി പരിപാലിക്കുന്ന പൂച്ചെടികൾ എടുത്തുമാറ്റി വീണ്ടും സ്ഥാപിക്കുന്ന നടപടി ശരിയല്ലെന്ന് പ്രതിപക്ഷ നേതാക്കളായ പി.പി. അയ്യൂബ്, ബാബു പഴുപ്പത്തൂർ എന്നിവർ പറഞ്ഞു. ചെടി സ്ഥാപിക്കാൻ കരാർ കൊടുത്ത നടപടി അനാവശ്യമാണ്.
പൊട്ടിപ്പൊളിഞ്ഞുകിടന്ന നടപ്പാത എം.എൽ.എയുടെ ശ്രമഫലമായി പുതുക്കിപ്പണിയുംവരെ ഒരു'സൗന്ദര്യവത്കരണ'വും ഇല്ലായിരുന്നുവെന്ന് അവർ പറഞ്ഞു. പൂച്ചെടി മാറ്റിയ സംഭവത്തിൽ വെൽഫെയർ പാർട്ടിയും രംഗത്തുവന്നിരുന്നു. ഏതായാലും, അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ ശക്തമാകുമ്പോൾ പുതിയ ചെടിച്ചട്ടികൾ സുൽത്താൻ ബത്തേരി നഗരത്തിൽ എത്രമാത്രം പൂവുകളൊരുക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.