ഭക്ഷ്യവിഷബാധ, ജലജന്യരോഗങ്ങൾ: വയനാട് ജില്ലയിൽ ജാഗ്രതനിർദേശം
text_fieldsകൽപറ്റ: കഴിഞ്ഞ ദിവസങ്ങളില്‍ ചിലയിടങ്ങളില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ ഹോട്ടലുകള്‍, റെസ്റ്റാറൻറുകള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ശുചിത്വനിലവാരം ഉറപ്പുവരുത്തണമെന്ന് ജില്ല ആരോഗ്യവകുപ്പ് മേധാവി ഡോ. ആര്. രേണുക. പാചക തൊഴിലാളികള്‍, ഭക്ഷണം കൈകാര്യം ചെയ്യുന്ന മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. അടുക്കള, സ്റ്റോര്‍ റൂം, മറ്റ് ഭക്ഷണം വിളമ്പുന്ന സ്ഥലം എന്നിവിടങ്ങളില്‍ വേണ്ടത്ര ശുചിത്വം പാലിക്കണം. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണം പാചകം ചെയ്യുന്നതും പഴകിയതും ഉപയോഗശൂന്യവുമായ ഭക്ഷണപദാർഥങ്ങള്‍ വിതരണം ചെയ്യുന്നതും നിയമ വിരുദ്ധമാണ്.
വയറിളക്കം തുടങ്ങിയ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. ശുദ്ധജലത്തോടൊപ്പം മലിനജലം കലരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വേനല്‍ക്കാലത്തും തുടര്‍ന്ന് വരുന്ന മഴക്കാലത്തുമാണ് വയറിളക്ക രോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ശുദ്ധമായ ജലം മാത്രം കുടിക്കണം. കൈകഴുകല്‍ ജലജന്യരോഗങ്ങളേയും പ്രതിരോധിക്കാന്‍ സഹായിക്കുമെന്നും ഡി.എം.ഒ വ്യക്തമാക്കി.
വയറിളക്ക രോഗങ്ങള്‍ അപകടകരം
വയറിളക്ക രോഗങ്ങള്‍ ശരീരത്തിലെ ജലാംശവും പോഷകാംശവും ധാതുലവണങ്ങളും നഷ്ടപ്പെടുത്തുന്നു. നിര്‍ജലീകരണം ഒരുകാരണവശാലും സംഭവിക്കരുത്. യഥാസമയം ചികിത്സ ലഭിക്കാതിരുന്നാല്‍ രോഗിയുടെ ജീവനുതന്നെ ഭീഷണിയാകും. കുട്ടികളെ പ്രത്യേകിച്ച് ശ്രദ്ധിക്കണം.
പാനീയചികിത്സ ഫലപ്രദം
90 ശതമാനം വയറിളക്ക രോഗങ്ങളും വീട്ടില്‍ നല്കുന്ന പാനീയ ചികിത്സകൊണ്ട് ഭേദമാക്കാന്‍ കഴിയും. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന് വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങവെള്ളം, ഉപ്പിട്ട മോരുംവെള്ളം തുടങ്ങിയ ഗൃഹപാനീയങ്ങള്‍ ചികിത്സക്ക് ഉപയോഗിക്കാം. ഛര്‍ദിച്ചോ വയറിളകിയോ പോയാലും വീണ്ടും പാനീയം നൽകണം. പാനീയചികിത്സകൊണ്ട് നിര്‍ജലീകരണവും അതുവഴിയുണ്ടാകുന്ന മരണങ്ങളും കുറയ്ക്കാന്‍ സാധിക്കും.
മറക്കരുത്, ഒ.ആർ.എസ് ലായനി
ജലാംശ ലവണാംശ നഷ്ടം പരിഹരിക്കാന്‍ ഡോക്ടറുടെയോ ആരോഗ്യപ്രവര്‍ത്തകരുടേയോ നിർദേശാനുസരണം കൃത്യമായ അളവിലും ഇടവേളകളിലും ഒ.ആർ.എസ് ലായനി കൊടുക്കണം.
രോഗിക്ക് ഛർദി ഉണ്ടെങ്കില്‍ അല്പാല്പമായി ഒ.ആർ.എസ് ലായനി നല്‍കണം.
എളുപ്പം ദഹിക്കുന്ന ആഹാരങ്ങളായ കഞ്ഞി, പുഴുങ്ങിയ ഏത്തപ്പഴം എന്നിവയും നൽകണം. ഒ.ആർ.എസ് പാക്കറ്റുകള്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലും ഉപകേന്ദ്രത്തിലും അംഗൻവാടികളിലും സൗജന്യമായി ലഭിക്കും. പാനീയചികിത്സ നടത്തിയിട്ടും രോഗലക്ഷണങ്ങള്‍ക്ക് മാറ്റമില്ലെങ്കില്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ രോഗിയെ ഉടൻ എത്തിക്കണം.
രോഗപ്രതിരോധ മാര്‍ഗങ്ങൾ
1. തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്താതിരിക്കുക.
2. കൈകള്‍ ആഹാരത്തിന് മുമ്പും ശൗചാലയത്തിൽ പോയതിന് ശേഷവും സോപ്പുപയോഗിച്ച് നന്നായി കഴുകുക.
3. കുടിവെള്ള സ്രോതസ്സുകള്‍ കിണര്‍, വെള്ളം ശേഖരിച്ചുവെച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.
4. വ്യക്തിശുചിത്വത്തിനും ഗാര്‍ഹികാവശ്യങ്ങള്‍ക്കും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക.
5. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക.
6. പഴങ്ങളും പച്ചക്കറികളും പല പ്രാവശ്യം കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
7. തണുത്തതും പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണ പദാർഥങ്ങള്‍, കേടുവന്ന പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.