കല്ലുവയലിൽ കടുവയുടേയും കുണ്ടാലയിൽ പുലിയുടേയും കാല്പാടുകൾ
text_fieldsപനമരം: മാനന്തവാടി റേഞ്ചിന് കീഴിലെ രണ്ടിടങ്ങളിലായി കടുവയുടെയും പുലിയുടെയും കാല്പാടുകൾ കണ്ടെത്തിയത് നാട്ടുകാരെ ആശങ്കയിലാക്കി. പനമരം കല്ലുവയല്‍ കോളനിയിലെ ഗോപാലന്റെ തോട്ടത്തില്‍ കടുവയുടെയും കുണ്ടാലയിലെ തൂപ്പുങ്കര ജോമറ്റിന്റെ തോട്ടത്തില്‍ നിന്ന് പുലിയുടെയും കാല്പാടുകളാണ് കണ്ടെത്തിയത്. ഏറെ ക്ഷീരകര്‍ഷകരുള്ള രണ്ട് ജനവാസ മേഖലയിലാണിത്.
ഇന്നലെ രാവിലെ ആറ് മണിയോടെ പാല് അളക്കാന്‍ പോയ ഗംഗാധരന്റെ മകന് ഗൗതമാണ് കല്ലുവയല്‍ കോളനിയിലെ ഗോപാലന്റെ പറമ്പില്‍ കടുവയുടെ കാല്പാദം ആദ്യം കണ്ടത്. ചെതലയം സെക്ഷനിലെ ഉദ്യോഗസ്ഥരെ വിവരമറിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കടുവയുടേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. നിലവില്‍ ആന, കാട്ടുപന്നി, മയില്‍ തുടങ്ങിയ വന്യമൃഗശല്യം പ്രദേശത്ത് രൂക്ഷമാണ്. ഇതിന് പുറമെയാണ് കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. കടുവയുടെ കാൽ പാദം കണ്ട പ്രദേശത്തുനിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് മുക്രമൂല വനം. എത്രയും പെട്ടന്ന് കടുവയെ കണ്ടെത്തി പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. വന്യമൃഗശല്യത്തിനെതിരെ റോഡ് ഉപരോധം പോലെയുള്ള സമരമുറകൾ കർഷകർ നടത്തിയിരുന്നു. അന്നു അധികൃതർ നൽകിയ ഫെൻസിങ് നിർമാണം ഉൾപ്പെടെ ഉറപ്പുകൾ പാലിക്കപെട്ടിട്ടില്ല.
കുണ്ടാലയിലെ തൂപ്പുങ്കര ജോമറ്റിന്റെയും സമീപത്തെയും തോട്ടങ്ങളില്‍ ഞായറാഴ്ച രാവിലെയോടെ പുലിയുടെ കാല്പാടുകൾ കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇത് പുലിയുടെതാണെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് നിരീക്ഷണം ഏര്‍പ്പെടുത്തിയതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവ നീരവാരം അമ്മാനി പ്രദേശത്തെ വനത്തിൽ നിന്ന് എത്തിയതായിരിക്കുമെന്നും സ്ഥലത്ത് പുലിയുടെ സാന്നിധ്യം ഉണ്ടോയെന്നു പരിശോധിച്ച് തുടർ നടപടി സ്വീകരിക്കാമെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലയിലും വാർഡംഗം ഹസീന ശിഹാബും 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.