കാന്‍സര്‍ സെന്റർ വികസനത്തിന് അഞ്ച് കോടി പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി
text_fieldsനല്ലൂർനാട്: ജില്ല കാന്‍സര്‍ സെന്ററായ നല്ലൂര്‍നാട് ഗവ. ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ ഇനി മുതല്‍ വൈദ്യുതി മുടങ്ങില്ല. ആശുപത്രിയില്‍ സ്ഥാപിച്ച ഹൈ ടെന്‍ഷന്‍ വൈദ്യുതി കണക്ഷന്റെ പ്രവര്‍ത്തന ഉദ്ഘാടനം രാഹുല്‍ ഗാന്ധി എം.പി നിർവഹിച്ചു. ആശുപത്രിയില്‍ സ്ഥാപിക്കുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ സി.ടി സിമുലേറ്ററിനും എക്സ്റെ യൂനിറ്റിനും ആവശ്യമായ പവര്‍ സപ്ലൈയുടെ അപര്യാപ്തത പരിഹരിക്കുന്നതിനായാണ് രാഹുല്‍ ഗാന്ധി എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 50.42 ലക്ഷം രൂപ ചെലവഴിച്ച് എച്ച്.ടി വൈദ്യുതി കണക്ഷന് സ്ഥാപിച്ചത്. കെ.എസ്.ഇ.ബി എച്ച്.ടി വൈദ്യുത കണക്ഷനോടൊപ്പം 315 കെ.വി.എ ട്രാന്‍സ്ഫോര്‍മറും പാനല്‍ ബോര്‍ഡുകളും സി.ടി സിമുലേറ്റര്‍ റൂമില്‍ എ.സിയും ഉള്‍പ്പെടെ പ്രവര്‍ത്തന ക്ഷമമായതോടെ ആശുപത്രി മുഴുവനായും ഒരൊറ്റ വൈദ്യുതി സംവിധാനത്തിലായി.
ആസ്പിരേഷനല്‍ ജില്ലാ ബോണസായി അഞ്ച് കോടി രൂപ ആശുപത്രിയുടെ വികസനത്തിനായി രാഹുല്‍ ഗാന്ധി എം.പി പ്രഖ്യാപിച്ചു. വീടുകളിലെത്തി കാന്‍സര്‍ സ്ക്രീനിങ് നടത്തുന്നതിനായി മൊബൈല്‍ സ്ക്രീനിങ് വാഹനം ലഭ്യമാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. കെ.സി. വേണുഗോപാല്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. എം.എല്‍.എമാരായ ഐ.സി. ബാലകൃഷ്ണന്, ടി. സിദ്ദീഖ് തുടങ്ങിയവര്‍ മുഖ്യാതിഥികളായി. പി.ഡബ്ല്യു.ഡി എക്സിക്യുട്ടീവ് എൻജിനീയര്‍ പ്രശാന്ത്കുമാര്‍ ഗോവിന്ദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി, എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ്, മുന്‍ എം.എല്‍.എ എന്‍.ഡി. അപ്പച്ചന്, ഡി.എം.ഒ ഡോ. പി. ദിനീഷ്, നല്ലൂര്‍നാട് ഗവ. ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രി സൂപ്രണ്ട് ഡോ. ആന്‍സി മേരി ജേക്കബ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.