ധനസഹായം നിലച്ചു; സ്പെഷൽ സ്കൂളുകൾ സമരത്തിലേക്ക്
text_fieldsകൽപറ്റ: കേരളത്തിലെ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾ പഠിക്കുന്ന സ്പെഷൽ സ്കൂളുകളോട് സർക്കാർ നിരന്തര അവഗണന തുടരുന്നുവെന്ന് ആക്ഷേപം. സംസ്ഥാനത്തെ സ്പെഷ്യൽ സ്കൂളുകൾക്ക് നിലവിൽ നൽകുന്ന പാക്കേജിൽ കഴിഞ്ഞ അധ്യയന വർഷം 22.5 കോടി രൂപ മാത്രമാണ് നൽകിയത്.
ഇത് അഞ്ച് മാസത്തേക്ക് മാത്രമാണ് പ്രയോജനപ്പെട്ടതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. കേരളത്തിലെ 314 സ്പെഷൽ സ്കൂളുകൾക്ക് 2022-23 സാമ്പത്തിക വർഷം 45 കോടി രൂപ ബജറ്റിൽ അനുവദിച്ചിരുന്നു. ഇതിന്റെ ഉത്തരവ് ജൂൺ രണ്ടിന് ഇറങ്ങിയെങ്കിലും ഇതുവരെയും തുക ലഭ്യമാക്കിയിട്ടില്ല.
ഈ വിദ്യാലയങ്ങളിൽ 25000ത്തോളം വിദ്യാർഥികളാണ് പരിശീലനം നേടുന്നത്. വയനാട് ജില്ലയിൽ എട്ട് സ്കൂളുകളിലായി 700 കുട്ടികളാണ് പരിശീലനം നേടുന്നത്. ധനസഹായം നിലച്ചതോടെ സ്പെഷൽ എജുക്കേറ്റർമാർ, ആയമാർ, ഫിസിയോ തെറപ്പിസ്റ്റ്. സ്പീച്ച് തെറപ്പിസ്റ്റ്, കായിക കരകൗശല അധ്യാപകർ, ക്ലർക്ക്, ഡ്രൈവർ, അധ്യാപക-അനധ്യാപക ജീവനക്കാർ എന്നിവർ പ്രതിസന്ധി നേരിടുകയാണെന്ന് ഈ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് ആറായിരത്തോളം അധ്യാപക-അനധ്യാപക ജീവനക്കാർ ഈ മേഖലയിൽ സേവനമനുഷ്ഠിക്കുന്നുണ്ട്.
വിദ്യാലയങ്ങൾക്കുള്ള ധനസഹായ പാക്കേജിൽ അപാകതകളുണ്ടെന്നും ഇവർ ആരോപിക്കുന്നു. നിലവിൽ 18 വയസ്സുവരെയുള്ള കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചാണ് വിദ്യാലയങ്ങൾക്ക് ധനസഹായം അനുവദിക്കുന്നത്.
മാനസിക വെല്ലുവിളി നേരിടുന്നവരായതിനാൽ 40 വയസ്സുവരെയുള്ളവർ വിദ്യാലങ്ങളിൽ പരിശീലനം നേടുന്നുണ്ട്. ഇവരെയൊന്നും സർക്കാർ നിലവിൽ പരിഗണിക്കാത്തത് വിദ്യാലയ മാനേജ്മെന്റുകൾക്ക് തിരിച്ചടിയാവുകയാണ്.
കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ധനസഹായം വിതരണം ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.
ആശ്വാസകിരണം പദ്ധതി തുകയും കുടിശ്ശിക
മുഴുവന്‍ സമയ പരിചാരകന്റെ സേവനം ആവശ്യമായവിധം കിടപ്പിലായ രോഗികളെയും മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗങ്ങളുള്ളവരെയും പരിചരിക്കുന്നവര്‍ക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന ആശ്വാസ കിരണം പദ്ധതിയിലെ തുകയും രണ്ടര വർഷമായി മുടങ്ങിയിരിക്കുകയാണെന്ന് ഇവർ ആരോപിച്ചു. നിലവില്‍ 600 രൂപയാണ് പ്രതിമാസം അനുവദിക്കുന്നത്. ആശ്വാസ കിരണം ധനസഹായത്തിന് അര്‍ഹതയുള്ളവര്‍ക്ക് മറ്റ് പെന്‍ഷനുകള്‍ ലഭിക്കുന്നതിന് തടസ്സമില്ല.
മെഡിക്കൽ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ധനസഹായം അനുവദിക്കുന്നത്. മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് അടക്കം ആശ്വാസമായിരുന്ന പദ്ധതിയാണ് മുടങ്ങിയത്. ഈ തുക അനുവദിക്കാത്തതിലും പ്രതിഷേധമുയരുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.