വയനാട്ടിലെ പാതയോരങ്ങളിൽ മാലിന്യക്കൂമ്പാരങ്ങൾ
text_fieldsവൈത്തിരി: ജില്ലയിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് വർധിക്കുന്നതിനനുസരിച്ച് റോഡരികിലെ മാലിന്യക്കൂമ്പാരങ്ങളുടെ വ്യാപ്തിയും വർധിച്ചുവരികയാണ്. ഓണാവധി കഴിഞ്ഞതുമുതൽ ഇടക്ക് ചെറിയ കുറവ് അനുഭവപ്പെട്ടിരുന്നെങ്കിലും ജില്ലയിലേക്കൊഴുകിയത് ആയിരങ്ങളാണ്.
ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സഞ്ചാരികളെക്കൊണ്ട് വീർപ്പുമുട്ടുന്ന അവസ്ഥയാണ് അനുഭവപ്പെട്ടത്. പല കേന്ദ്രങ്ങളിലും അനുവദിച്ചതിന്റെ പതിന്മടങ്ങ് സന്ദർശകരെത്തി. പലയിടത്തും ടിക്കറ്റ് കിട്ടാത്തതുമൂലം വിനോദ കേന്ദ്രങ്ങൾ സന്ദർശിക്കാനാവാതെ നിരവധി പേരാണ് നിരാശയോടെ മടങ്ങിയത്. മാലിന്യം തള്ളുന്നതിനെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്ന ആവശ്യം ശക്തമായുണ്ട്.
പാകംചെയ്ത ഭക്ഷണവുമായാണ് ബസുകളിലും ട്രാവലറുകളിലും സഞ്ചാരികളിൽ കുറേയാളുകൾ എത്തുന്നത്.
റോഡരികിലെ ഒഴിഞ്ഞ മരച്ചുവടുകളിലും തുറക്കാത്ത പീടികവരാന്തകളിലുമൊക്കെ ഇരുന്നാണ് ഇത്തരം യാത്രക്കാർ ഭക്ഷണം കഴിക്കുന്നത്. ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ അവശിഷ്ടം തള്ളുന്നത് റോഡരികിൽ തന്നെ. ദേശീയ പാതയിൽ ചുരത്തിലടക്കം വഴിയോരങ്ങളിൽ യാത്രക്കാർ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും തള്ളാൻ തുടങ്ങിയതോടെ മാലിന്യങ്ങളുടെ കൂമ്പാരമായി പാതയോരങ്ങൾ മാറി.
മാലിന്യങ്ങൾ നിറച്ച ചാക്കുകൾ വരെ പാതയോരങ്ങളിൽ ഉപേക്ഷിച്ച് കടന്നുകളയുന്നതും പതിവാകുകയാണ്. ഇത് നിയന്ത്രിക്കാനും നടപടിയെടുക്കാനും സംവിധാനമില്ലാത്തത്
മാലിന്യം തള്ളൽ പതിവാകാൻ കാരണമാവുന്നു.
ചുരത്തിലടക്കം മാലിന്യക്കൂനകൾ ഉയരുമ്പോൾ സന്നദ്ധ സംഘടനകൾ ശുചീകരണ പ്രവൃത്തികൾ ചെയ്തുവരുന്നുണ്ടെങ്കിലും ദിനംതോറും ഇത് വർധിക്കുന്നു. ലക്കിടി മുതൽ മുത്തങ്ങ വരെയുള്ള സ്ഥലങ്ങളിൽ മാലിന്യക്കൂനകൾ കാണാൻ കഴിയും.
ഒരു വർഷത്തിനിടെ ചുരത്തിൽനിന്ന് മാത്രം സന്നദ്ധ പ്രവർത്തകർ നിരവധി തവണയായി ശേഖരിച്ചത് ലോഡ് കണക്കിന് മാലിന്യമാണ്.
മാലിന്യം നിക്ഷേപിക്കാൻ ചുരത്തിൽ വ്യൂ പോയന്റിൽ പ്രത്യേകം കൂടുകൾ നിർമിച്ചിട്ടുണ്ടെങ്കിലും പാതയോരത്തെ മാലിന്യം തള്ളലിന് ഒരു കുറവുമില്ല. പൂക്കോട് തടാകത്തിനരികിലൂടെ കടന്നുപോകുന്ന റോഡിനിരുവശവും നിറയെ മാലിന്യമാണ്.
ബാണാസുര ഡാമിലേക്ക് പോകുന്ന വൈത്തിരി-പടിഞ്ഞാറത്തറ റോഡിലും ചുണ്ടേൽ-കൽപറ്റ റോഡിലും ഇതുതന്നെയാണ് അവസ്ഥ. എൻ-ഊര് പൈതൃക ഗ്രാമത്തിലേക്കുള്ള വാഹനങ്ങൾ നിർത്തുന്ന പൂക്കോട് വെറ്ററിനറി സർവകലാശാലയോടുചേർന്ന റോഡിനിരുവശവും മാലിന്യം നിറഞ്ഞിരിക്കുകയാണ്. നിയന്ത്രിക്കാനും നടപടിയെടുക്കാനും ആരുമില്ലാത്തിടത്തോളം കാലം മാലിന്യം പെരുകിക്കൊണ്ടേയിരിക്കുമെന്നും ജില്ല മാലിന്യങ്ങളുടെ കുപ്പത്തൊട്ടിയായി മാറുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.