പെൺകുട്ടിയുടെ ആത്മഹത്യ; പൊലീസ് വീഴ്ച ഡിവൈ.എസ്.പി അന്വേഷിക്കണം –മനുഷ്യാവകാശ കമീഷൻ
text_fieldsകൽപറ്റ: സമൂഹ മാധ്യമ ആപായ ടിക്ക്ടോക്കിലൂടെ പരിചയപ്പെട്ടയാൾ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചതിനെ തുടർന്ന് ആദിവാസി വിഭാഗത്തിലുള്ള പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിനെ കുറിച്ചുള്ള അന്വേഷണത്തിൽ പൊലീസ് വരുത്തിയ വീഴ്ച ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. പരാതിക്കാരൻ പട്ടികവർഗ വിഭാഗക്കാരനാണെന്ന് മനസ്സിലാക്കിയിട്ടും കേസന്വേഷണത്തിന് അർഹമായ പരിഗണന നൽകാതെ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
സംസ്ഥാന പൊലീസ് മേധാവിക്കാണ് കമീഷൻ നിർദേശം നൽകിയത്. സ്വീകരിച്ച നടപടികൾ മൂന്നുമാസത്തിനകം അറിയിക്കണം. മാനന്തവാടി കോൺവെന്റ്കുന്ന് കോളനിയിൽ പി.സി. സുരേഷ് സമർപ്പിച്ച പരാതിയിലാണ് നടപടി. സുരേഷിന്റെ മകൾ ശ്രുതിയെ 2020 ജൂൺ ഏഴിനാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കാരണക്കാരനായ വ്യക്തിയെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചുവെന്നാണ് പരാതി.
ആരോപണം മാനന്തവാടി സ്റ്റേഷൻ ഹൗസ് ഓഫിസർ നിഷേധിച്ചു. ശ്രുതിയും കൊട്ടാരക്കര സ്വദേശിയായ യുവാവും തമ്മിൽ ഫോൺ ബന്ധമാണ് ഉണ്ടായിരുന്നതെന്നും വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയതാണ് ആത്മഹത്യക്ക് കാരണമായതെന്നും പറയുന്നു. എന്നാൽ, പ്രേരണാക്കുറ്റം തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് കമീഷന്റെ അന്വേഷണവിഭാഗം നേരിട്ട് അന്വേഷിച്ചു.
യുവാവും ശ്രുതിയും തമ്മിൽ നേരിട്ട് കണ്ടിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. യുവാവിനെതിരെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലുള്ള അതിക്രമങ്ങൾ അന്വേഷിക്കാൻ വേണ്ടി മാത്രം നിയോഗിക്കപ്പെട്ടിട്ടുള്ള എസ്.എം.എസ്, ഡിവൈ.എസ്.പി കേസിന്റെ അന്വേഷണം നടത്തിയിട്ടില്ലെന്ന് അന്വേഷണ വിഭാഗം കണ്ടെത്തി. ഇത് ഗുരുതര വീഴ്ചയാണെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ടെന്ന് കമീഷൻ വാർത്തകുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.