രോഗികൾക്ക് മരുന്ന് നൽകൽ; ഡി.എം.ഒ ഉത്തരവ് കോടതി വിധിക്ക് എതിരെന്ന്
text_fieldsകൽപറ്റ: മരുന്നുകൾ രോഗികൾക്ക് നൽകാനും ശേഖരിച്ച് സൂക്ഷിക്കാനുമുള്ള അധികാരം ഫാർമസിസ്റ്റിനു മാത്രമാണെന്നിരിക്കെ ജില്ലയിൽ പലയിടത്തും ഈ നിയമം ലംഘിക്കപ്പെടുന്നുവെന്ന് ആക്ഷേപം.
ഫാർമസിസ്റ്റ് ഏതെങ്കിലും സാഹചര്യത്തിൽ ഇല്ലാതായാൽ മെഡിക്കൽ ഓഫിസറോ ജൂനിയർ ഡോക്ടറോ ആണ് രോഗികൾക്ക് മരുന്ന് നൽകേണ്ടത്. ഡോക്ടറുടെ മേൽനോട്ടത്തിൽ ആർക്കും മരുന്നുകൊടുക്കാം എന്ന ഉത്തരവ് കഴിഞ്ഞ ബ്ലോക്ക് കോൺഫറൻസിൽ ഡി.എം.ഒ ഇറക്കിയത് കോടതി ഉത്തരവിന് വിപരീതമാണെന്ന് ഫാർമസിസ്റ്റുകളുടെ സംഘടന ആരോപിക്കുന്നു. ഇത് ഫാർമസി ആക്ട് 1948 സെക്ഷൻ 42ന് എതിരാണെന്നും സംഘടന വ്യക്തമാക്കി.
ഫാർമസിസ്റ്റിന്‍റെ അസാന്നിധ്യത്തിൽ ഡോക്ടറോ ജൂനിയർ ഡോക്ടറോ രോഗികൾക്ക് മരുന്നുനല്കണം എന്നാണ് ഹൈകോടതി വിധിയിൽ പറയുന്നത്. ആവശ്യത്തിന് ഫാർമസിസ്റ്റിനെ നിയമിക്കാത്തതിനാലാണ് ജില്ലയിൽ നിയമവിധേയമല്ലാത്തവർക്കും മരുന്ന് നൽകാനുള്ള അനുവാദം നൽകേണ്ടിവരുന്ന സാഹചര്യം നിലനിൽക്കുന്നത്.
കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ (എഫ്.എച്ച്.സി) തദ്ദേശ സ്ഥാപനങ്ങൾ ഫാർമസിസ്റ്റിനെ നിയമിക്കണമെന്നാണ് സർക്കാർ നിർദേശം. എന്നാൽ, പഞ്ചായത്തിന് ഫണ്ട് ഇല്ലെന്ന കാരണം പറഞ്ഞ് ഫാർമസിസ്റ്റിനെ നിയമിക്കാതെ പല എഫ്.എച്ച്.സികളിലും നഴ്സുമാരെക്കൊണ്ടാണ് മരുന്നുകൊടുപ്പിക്കുന്നത്.
കോട്ടത്തറ പഞ്ചായത്തിനുകീഴിലെ വാളാൽ എഫ്.എച്ച്.സിയിൽ പലപ്പോഴും സ്റ്റാഫ് നഴ്സാണ് മരുന്ന് രോഗികൾക്കു നൽകുന്നത്. കോടിക്കണക്കിന് രൂപയുടെ മരുന്നുകൾ സൂക്ഷിക്കുന്ന കൽപറ്റ ജനറൽ ആശുപത്രിയിൽ അഞ്ച് ഫാർമസിസ്റ്റുകൾ മാത്രമാണുള്ളത്.
ദിനേന നൂറുകണക്കിന് രോഗികൾക്ക് മരുന്ന് കൊടുക്കേണ്ടതും സ്റ്റോർ പരിപാലനവും രേഖകൾ സൂക്ഷിക്കലുമടക്കം ഇവരാണ് കൈകാര്യം ചെയ്യേണ്ടത്.
ജില്ലയിലെ ഫാർമസിസ്റ്റിന്‍റെ പി.എസ്.സി ഒഴിവുകൾ നികത്തുകയും കുറഞ്ഞത് 20 തസ്തികകളെങ്കിലും സൃഷ്ടിക്കുകയോ ചെയ്താലേ പ്രതിസന്ധിക്ക് പരിഹാരമാവുകയുള്ളൂവെന്ന് ഫാർമാഫെഡ് വയനാട് ജില്ല കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കുന്നു. ആർദ്രം ഒന്ന്, രണ്ട് ഘട്ടങ്ങളിൽ കുടുംബാരോഗ്യ കേന്ദ്രങ്ങളായ ആശുപത്രികൾ പ്രവർത്തിക്കുന്നത് രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ചുവരെയാണ്.
പലയിടങ്ങളിലും ഒരു ഫാർമസിസ്റ്റ് മാത്രമാണുള്ളത്. ഇവർക്ക് ജോലിഭാരം ഏറെയായതിനാൽ പുതുതായി ഒരു ഫാർമസിസ്റ്റിനെയെങ്കിലും ഇവിടങ്ങളിൽ നിയമിക്കാൻ അധികൃതർ തയാറാകണമെന്നും ഡി.എം.ഒയുടെ ഉത്തരവ് പിൻവലിച്ച് ആവശ്യത്തിന് ഫർമസിസ്റ്റുകളെ നിയമിക്കാൻ നടപടിയെടുക്കണമെന്നും ഫാർമാഫെഡ് ജില്ല ഭാരവാഹികളായ ജീസ് വർഗീസ്, സി. സുകന്യ എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.