കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ തയാറാകണം –രാഹുല്‍ഗാന്ധി
text_fieldsകൽപറ്റ: അതീവ പ്രതിസന്ധികളിൽപെട്ട് ജീവിതം ദുഷ്കരമായി മാറിയ കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് രാഹുല്‍ഗാന്ധി എം.പി. കൽപറ്റ നിയോജകമണ്ഡലത്തിലെ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ഷകര്‍ നിലനിൽപിനായുള്ള പോരാട്ടത്തിലാണിന്ന്. മണ്ണും കാലാവസ്ഥയും വായുവും വെള്ളവുമെല്ലാം കര്ഷകന് പ്രതികൂലമായി മാറിയിരിക്കുകയാണ്. കമ്പോളങ്ങളിലും അവര്‍ നിരവധി ബുദ്ധിമുട്ടുകള്‍ നേരിടുന്നു.
കർഷകരുടെ ജീവിതത്തിലെ ഓരോ കാര്യത്തിനും വലിയ പ്രയാസം നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിജീവനമെന്നത് അവർക്കു മുന്നിൽ വൻവെല്ലുവിളിയായിരിക്കുന്നു. പെട്രോള്‍-ഡീസല്‍ വിലവര്‍ധന, സര്‍ക്കാര്‍ കൊണ്ടുവരുന്ന വിവിധ നിയമങ്ങള്‍, കാലാവസ്ഥ വ്യതിയാനം, ബാങ്കുകളുടെ നിലപാടുകള്‍ എന്നിങ്ങനെയെല്ലാം കര്‍ഷകരുടെ പ്രതിസന്ധികള്‍ക്ക് ആക്കം കൂട്ടുന്നു.
ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവാദിത്തത്തോടെ കര്‍ഷകരെ സഹായിച്ച് അവർക്ക് കൈത്താങ്ങാവണം.
വയനാട്ടിലെ ആയിരക്കണക്കിന് കര്‍ഷകരാണ് ജപ്തി ഭീഷണി നേരിടുന്നത്. രണ്ട് പ്രളയങ്ങള്‍, കോവിഡ് എന്നിങ്ങനെ കാര്‍ഷികമേഖല സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്നതിനിടെയാണ് സ്വന്തം കിടപ്പാടം പോലും നഷ്ടമാക്കുന്ന രീതിയിലുള്ള നടപടികളുമായി ബാങ്കുകള്‍ മുന്നോട്ടുപോകുന്നത്. ജി.എസ്.ടിയും നോട്ടുനിരോധനവും കാരണം രാജ്യത്തുണ്ടായ വിഷമതകള്‍ നാം അനുഭവിച്ചതാണ്. വിജയ് മല്യ 9000 കോടി രൂപയാണ് കൊണ്ടുപോയത്. നീരവ് മോദി ആയിരക്കണക്കിന് കോടി രൂപയുമായാണ് കടന്നുകളഞ്ഞത്.
എന്നാല്‍, ഇവിടത്തെ പാവപ്പെട്ടവരും കര്‍ഷകരും പ്രയാസങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുക്രെയ്നിലെ യുദ്ധഭൂമിയില്‍ ആയിരക്കണക്കിന് വിദ്യാർഥികളാണ് ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അവരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ മെല്ലെപ്പോക്ക് സമീപനമാണ് സ്വീകരിക്കുന്നത്.
ഈ വിഷയത്തില്‍ കോണ്‍ഗ്രസ് ശക്തമായ സമ്മര്‍ദം ചെലുത്തി ഇടപെടുമെന്നും രാഹുൽ പറഞ്ഞു. വിവിധ പരിപാടികളില്‍ അഡ്വ.ടി. സിദ്ദീഖ് എം.എല്‍.എ അധ്യക്ഷതവഹിച്ചു.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്, പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ, കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.പി. രനീഷ്, തരിയോട് പഞ്ചായത്ത് പ്രസിഡന്റ് വിജി ഷിബു, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നസീമ, പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി തുടങ്ങിയവർ സംബന്ധിച്ചു.
'ബി.ജെ.പിക്കും ആർ.എസ്.എസിനും പ്രത്യയ ശാസ്ത്രം മാറ്റാനാവില്ല'
മുള്ളൻകൊല്ലിയിൽ കോൺഗ്രസ് ഓഫിസ് രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്തു
പുൽപള്ളി: ബി.ജെ.പിയും ആര്.എസ്.എസും എത്ര രാജ്യസ്നേഹം പറഞ്ഞാലും അവരുടെ പ്രത്യയശാസ്ത്രം മാറ്റാനാവില്ലെന്ന് രാഹുല്‍ഗാന്ധി. ഒരു തവണ രാജ്യത്തെ വഞ്ചിച്ചവര്‍ എക്കാലത്തും അങ്ങനെ തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്തമായ പോരാട്ടവുമായി മുന്നോട്ടുപോയവരാണ് നമ്മുടെ നേതാക്കള്‍. അന്ന് ബ്രിട്ടീഷുകാരെ പ്രോത്സാഹിപ്പിച്ചവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. മുള്ളൻകൊല്ലിയിൽ കോൺഗ്രസ് പാർട്ടി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വിദ്വേഷം പടര്‍ത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. സമുദായങ്ങള്‍ തമ്മിലും സംസ്ഥാനങ്ങള്‍ തമ്മിലുമെല്ലാം വിദ്വേഷം പടര്‍ത്തുകയാണ്.
ഗാന്ധിജിയെ കുറിച്ച് പറയുമ്പോള്‍ ഗാന്ധിജിയെ കൊന്നവരുടെ പ്രത്യയശാസ്ത്രം കൂടി നാം പറയണം. രാജ്യം കെട്ടിപ്പടുത്തത് മഹാത്മാഗാന്ധിയും നെഹ്റുവും പട്ടേലുമടക്കമുള്ള നിരവധി നേതാക്കളുടെ ശ്രമഫലമായാണ്. ആശയപരമായും വ്യക്തിപരമായുമുള്ള മേന്മ കൊണ്ടാണ് ആ സമരപോരാട്ടങ്ങളെല്ലാം വിജയത്തില്‍ കലാശിച്ചത്. അതില്‍നിന്നെല്ലാം വ്യത്യസ്തമായ ഒരു ശക്തികേന്ദ്രമാണ് ഇന്നു രാജ്യം ഭരിക്കുന്നത്. ബ്രീട്ടീഷുകാരോട് സന്ധിയില്ലാത്ത പോരാട്ടം നടത്തിയ ഗാന്ധിജിയാണ് ഒരുവശത്തെങ്കില്‍ മറുവശത്ത് അവരെ നേരിടാന്‍ ആത്മധൈര്യമില്ലാത്ത സവര്ക്കറാണുള്ളത്. ആ സവര്‍ക്കറുടെ ചിത്രമാണ് പാർലമെന്റിൽ മഹാത്മജിയുടെ എതിര്‍വശത്തായി സ്ഥാപിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ സമ്പദ്ഘടന മോദിയുടെ തെറ്റായ നയങ്ങള്‍ മൂലം തകര്‍ന്നുകൊണ്ടിരിക്കുന്നു. വരുന്ന ആറുമാസക്കാലത്ത് രാജ്യത്ത് കാണാന്‍ പോകുന്നത് സമ്പദ്ഘടനയുടെ വലിയ തകര്‍ച്ചയായിരിക്കും. 40 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയാണ് ഇന്നു രാജ്യത്തുള്ളത്. വിലക്കയറ്റം അതിന്റെ പാരമ്യത്തിലാണ്. ഇന്ധനവില ക്രമാതീതമായി കുതിച്ചുയരുന്നു. സാധാരണക്കാരായ ജനങ്ങളാണ് ഇതെല്ലാം സഹിക്കേണ്ടി വരുന്നതെന്നും രാഹുല്‍ പറഞ്ഞു.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, അഡ്വ.ടി. സിദ്ദീഖ് എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, കെ.കെ. അബ്രഹാം, കെ.എൽ. പൗലോസ്, വർഗീസ് മുരിയൻകാവിൽ, ജോയി വാഴയിൽ എന്നിവർ സംസാരിച്ചു.
ചുണ്ടക്കര-അരിഞ്ചേര്‍മല-ചുണ്ടകുന്ന് റോഡ് നിർമാണത്തിന് തുടക്കം
പ്രവൃത്തി ഉദ്ഘാടനം രാഹുല്‍ ഗാന്ധി നിർവഹിച്ചു
കൽപറ്റ: ചുണ്ടക്കര-അരിഞ്ചേര്‍മല-ചുണ്ടക്കുന്ന് റോഡ് പ്രവൃത്തി ഉദ്ഘാടനം രാഹുല്‍ ഗാന്ധി എം.പി നിർവഹിച്ചു. ടി. സിദ്ദീഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി.എം.ജി.എസ്.വൈ പദ്ധതിയിലുള്‍പ്പെടുത്തി 3.94 കോടി രൂപ ചെലവിലാണ് റോഡ് നിര്‍മിക്കുന്നത്. കണിയാമ്പറ്റ, പനമരം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് ഈ റോഡ്. ഇരിങ്ങാലക്കുട സ്വദേശിനിക്ക് കിഡ്നി ദാനംചെയ്ത സിസ്റ്റര്‍ ഷാന്റി മാങ്ങോട്ടിലിനെ എം.പി ആദരിച്ചു. എം.പിമാരായ കെ.സി. വേണുഗോപാല്‍, കെ. സുധാകരന്, ഒ.ആര്. കേളു എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസഡന്റ് ഗിരിജ കൃഷ്ണന്, പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ, കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കമലാരാമന്‍, കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.പി. രനീഷ്, പനമരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായില്‍, കണിയാമ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ബി. നജീബ്, വാര്‍ഡ് അംഗം ജെസ്സി ലെസ്ലി തുടങ്ങിയവര്‍ പങ്കെടുത്തു.
'ഗ്രന്ഥാലയങ്ങൾ നാടിന് ആത്മവിശ്വാസം നൽകുന്ന കേന്ദ്രങ്ങളാകണം'
പുൽപള്ളി: ഗ്രന്ഥാലയങ്ങൾ നാടിന് ആത്മവിശ്വാസം നൽകുന്ന കേന്ദ്രങ്ങളാകണമെന്ന് രാഹുൽ ഗാന്ധി എം.പി. ആടിക്കൊല്ലിയിൽ വിനോദ് ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാംസ്കാരിക കേന്ദ്രങ്ങളായ ഇത്തരം സ്ഥാപനങ്ങൾ യുവജനതക്കടക്കം ഏറെ പ്രത്യാശയാണ് നൽകുന്നത്. വായിക്കാനും വളരാനുമെല്ലാം ഇത്തരം കേന്ദ്രങ്ങൾ വളരെ സഹായിക്കുന്നുണ്ട്. യുവത്വത്തെ നേരായ വഴിയിലൂടെ നയിക്കാനും വായനശാലകൾ സഹായിക്കുന്നുണ്ടെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. കർഷകരുടെ പ്രശ്നങ്ങളിലടക്കം ഇടപെട്ട് പ്രവർത്തിക്കാൻ യുവജനങ്ങൾ തയാറാകണം. ഐ.സി. ബാലകൃഷ്ണൻ എം.എല്‍.എ അധ്യക്ഷതവഹിച്ചു. കെ.സി. വേണുഗോപാല്‍ എം.പി, അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ, എൻ.ഡി. അപ്പച്ചൻ, ബീന ജോസ്, ടി.എസ്. ദിലീപ് കുമാർ, ഗിരിജാ കൃഷ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.