സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഗൃഹനാഥന് മർദനം; തെറിയഭിഷേകം
text_fieldsകല്പറ്റ: കമ്പളക്കാട് പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതായി മെച്ചനയിലെ പുതിയാപറമ്പില്‍ ബേബി സ്കറിയ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.ജി.പി, മനുഷ്യാവകാശ കമീഷന്, കലക്ടര്‍, ജില്ല പൊലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
തിരുവോണത്തലേന്ന് ബേബി സ്കറിയയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഉച്ചക്ക് ഒന്നോടെ സ്റ്റേഷനിലെത്തിയപ്പോൾ പീഡനം തുടങ്ങി. വീടിെൻറ പരിസരത്ത് മദ്യവിൽപന നടന്നതായി ഒരാള്‍ ഫോണില്‍ പരാതി പറഞ്ഞുവെന്ന് ആരോപിച്ചാണ് പൊലീസ് ക്രൂരത. രണ്ട് എ.എസ്.ഐമാര്‍ സ്റ്റേഷെൻറ അകത്തേക്ക് കയറി നില്ക്കാന് ആവശ്യപ്പെട്ടു.
മൂത്ത സഹോദരനൊപ്പമായിരുന്നു സ്റ്റേഷനിലെത്തിയത്. എന്നാല്‍, സഹോദരനെ പുറത്തുനിര്‍ത്തി സ്റ്റേഷനുള്ളില്‍ വെച്ച് എ.എസ്.ഐമാർ അസഭ്യവർഷം തുടങ്ങി. പിന്നീട് വൈകീട്ട് നാലോടെ സ്േറ്റഷന് ചുമതലയുള്ള എസ്.ഐ എത്തി. അയാളും അസഭ്യം പറഞ്ഞു. പിന്നീട് മണിക്കൂറോളം മുട്ടുകുത്തി നിര്‍ത്തിച്ചു.
ചുമരില്‍ ചാരിനിര്‍ത്തി കവിളത്ത് അടിച്ചെന്നും ബേബി സ്കറിയ പറഞ്ഞു. അഞ്ചു മണിക്കൂറിലധികമാണ് പൊലീസ് ഇങ്ങനെ പെരുമാറിയത്. അതിനു ശേഷം തെൻറ മകനെയും സ്റ്റേഷനിലേക്ക് വരുത്തി. പിന്നീട് എല്ലാ ദിവസവും വൈകീട്ട് 5.30നും ആറിനുമിടയില്‍ സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന നിബന്ധനയില്‍ വിട്ടയച്ചു. തെളിവുകള്‍ ഞങ്ങള്‍ ഉണ്ടാക്കുമെന്ന ഭീഷണിയും പൊലീസുകാര്‍ ഉയർത്തിയതായി ബേബി ആരോപിച്ചു.
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ ഭാര്യയെയും കുട്ടികളെയും കൂട്ടി പൊലീസ് സ്റ്റേഷന് മുന്നില്‍ സമരം നടത്തുമെന്നും ബേബി സ്കറിയ അറിയിച്ചു. വാര്‍ത്തസമ്മേളനത്തില്‍ സഹോദരന് തോമസ്, ക്ഷീര കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.എം. ജോസ് എന്നിവരും പങ്കെടുത്തു. അതേസമയം, ബേബി സ്കറിയയുടെ ആരോപണങ്ങൾ നിഷേധിക്കുകയാണ് കമ്പളക്കാട് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.