ഗൂഡല്ലൂരിന്റെ ഐക്യം രാജ്യത്തിന് മാതൃക -രാഹുൽ ഗാന്ധി
text_fieldsഗൂഡല്ലൂർ: മൂന്നു ഭാഷകൾ സംസാരിക്കുന്ന ഗൂഡല്ലൂരിന്റെ ഐക്യവും വൈവിധ്യവും നാടിനു മാതൃകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഗൂഡല്ലൂരിൽ നടന്ന പദയാത്ര ചുങ്കം ഭാഗത്തുസമാപിച്ചശേഷം പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൂഡല്ലൂരിന്റെ പ്രകൃതി ഭംഗി ഏറെ ഇഷ്ടപ്പെട്ടു. ഇവിടുത്തെ പ്രകൃതിഭംഗിപോലെ തന്നെ ഇവിടുത്തെ ജനങ്ങളും. ഒരാളുടെ മുഖത്തുപോലും മുഷിപ്പും വിദ്വേഷവും ദേഷ്യവും പ്രകടമായില്ലെന്നും അദ്ദേഹം പറഞ്ഞു. തമിഴ്, മലയാളം, കന്നട ഭാഷകൾ സംസാരിക്കുന്ന പ്രദേശമാണ് ഗൂഡല്ലൂർ. ഈ വൈവിധ്യവും ഒരുമയുമാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. നാനാത്വത്തിൽ ഏകത്വം എന്ന ഗാന്ധിജിയുടെ സിദ്ധാന്തത്തിൽ വിശ്വസിക്കുന്നവരും പ്രവർത്തിക്കുന്നവരും ആണ് കോൺഗ്രസ്.
ഭാഷയുടെയും ജാതിയുടെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്. ഇവരുടെ കൈയിൽനിന്ന് ഭാരതത്തെ സംരക്ഷിക്കുക എന്ന രണ്ടാം ദണ്ഡി യാത്രയാണ് ജോഡോ യാത്ര. 400രൂപ ഉണ്ടായിരുന്ന ഗാർഹിക സിലിണ്ടറിന് 1200 രൂപയായി ഉയർന്നു. ഇന്ധനവില പതിന്മടങ്ങായി.
തൊഴിലില്ലായ്മ രൂക്ഷമായി. ഇതൊന്നും ബി.ജെ.പിക്ക് പ്രശ്നമല്ല. ജി.എസ്.ടി, നോട്ടുനിരോധനവും നടപ്പാക്കിയത് ഗുണമോ ദോമോ തങ്ങൾക്ക് എന്ന് ചെറുകിട വ്യവസായികളുമായി സംസാരിച്ചപ്പോൾ, തങ്ങൾക്ക് രണ്ടും ദുരിതമാണ് നൽകിയത് എന്നാണ് അവരുടെ പ്രതികരണം.
ജി.എസ്.ടി നടപ്പാക്കിയത് സാധാരണക്കാരുടെ കീശ കാലിയാക്കാനും 3 വൻകിട വ്യവസായികൾക്ക് ഗുണമുണ്ടാക്കുവാനും ആണെന്നും അദ്ദേഹം പറഞ്ഞു. 2024ൽ കോൺഗ്രസ് ഭരണത്തിലേറുമെന്നും രാഹുൽഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഇംഗ്ലീഷ് പ്രസംഗം ജയകുമാർ എം.പി പരിഭാഷപ്പെടുത്തി.
കോൺഗ്രസ് തമിഴ്നാട് അധ്യക്ഷൻ കെ.എസ്. അഴഗിരി അധ്യക്ഷത വഹിച്ചു. ജ്യോതിമണി എം.പി, സെൽവ പെരുന്തകൈ എം.എൽ.എ, കോൺഗ്രസ് നീലഗിരി ജില്ല പ്രസിഡന്റ് ആർ. ഗണേഷ്, ടി.എൻ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കോശി ബേബി ഉൾപ്പെടെയുള്ളവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.