രക്ഷിതാക്കൾക്ക് രണ്ടു ഡോസ് വാക്സിൻ; സ്കൂൾ തുറക്കൽ മാർഗനിർദേശം തലവേദനയാകും
text_fieldsവെള്ളമുണ്ട: സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മാർഗനിർദേശത്തിലെ രണ്ടു ഡോസ് വാക്സിൻ എന്ന നിബന്ധന ആശങ്കയുണ്ടാക്കുന്നു. രണ്ടു ഡോസ് വാക്സിനെടുത്തവരുടെ കുട്ടികൾക്ക് മാത്രം പ്രവേശനം നൽകണം എന്ന മാർഗനിർദേശം വലിയൊരു വിഭാഗം കുട്ടികളെ സ്കൂളുകളിൽനിന്നകറ്റുമെന്ന് പരാതിയുയരുന്നു.
ഒരു ഡോസ് വാക്സിനെടുത്ത രക്ഷിതാക്കൾക്ക് സ്കൂളുകളിൽ പ്രവേശിക്കാനോ, അവരുടെ കുട്ടികളെ പ്രവേശിപ്പിക്കാനോ മാർഗനിർദേശപ്രകാരം കഴിയില്ല. ഒരു ഡോസ് വാക്സിനെടുത്ത വലിയ വിഭാഗം രക്ഷിതാക്കളെയും അവരുടെ കുട്ടികളുടെ പഠനത്തെയും ഇത് ബാധിക്കും. ഒന്നാം ഡോസ് എടുത്ത് 94 ദിവസം പൂർത്തിയാകാത്തവരാണ് പലരും.നവംബർ മാസം പകുതി പിന്നിട്ടാൽ മാത്രമേ ഇത്തരം ആളുകൾക്ക് രണ്ടാം ഡോസ് എടുക്കാൻ കഴിയുകയുള്ളൂ. അതുവരെ സ്കൂൾ പ്രവേശനം തടയുന്നത് പല സ്കൂളുകളിലും വലിയ വിഭാഗം വിദ്യാർഥികൾക്ക് തിരിച്ചടിയാവും.
സ്കൂൾ തുറക്കാൻ രണ്ടു ദിവസം മാത്രം അവശേഷിക്കെ ആശങ്കകൾ പരിഹരിക്കപ്പെടാത്തത് അധ്യാപകർക്കും പ്രയാസമുണ്ടാക്കുന്നുണ്ട്.എന്നാൽ, രണ്ടു ഡോസ് വാക്സിൻ എന്ന മാർഗനിർദേശം വിദ്യാർഥികളുടെ സുരക്ഷയെ കരുതിയുള്ളതാണെന്നും അല്ലാത്തവരെ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികളെ കുറിച്ച് ഉത്തരവിറങ്ങിയിട്ടില്ലെന്നും അധികൃതർ പറഞ്ഞു. ചുരുക്കത്തിൽ നാമമാത്രമായ കുട്ടികൾ സ്കൂളിലെത്തുകയും ഭൂരിപക്ഷം പുറത്താവുകയും ചെയ്യും.
വാക്സിനേഷൻ പൂർത്തിയായിട്ടില്ലെന്ന് ആരോഗ്യവകുപ്പും അറിയിച്ചിട്ടുണ്ട്. ഇത് കുട്ടികളിൽ വലിയ രീതിയിലുള്ള മാനസിക സംഘർഷത്തിനിടയാക്കുമെന്ന് രക്ഷിതാക്കൾ പറയുന്നു. കൂടാതെ വിദ്യാർഥികളെ രക്ഷിതാക്കൾ തന്നെ സ്കൂളിൽ കൊണ്ടുവിടുകയും തിരിച്ചുകൊണ്ടുപോവുകയും ചെയ്യണം എന്ന തീരുമാനവും തിരിച്ചടിയാവും.
ജില്ല പൊലീസ് മേധാവി പുൽപള്ളിയിലെ വിദ്യാലയങ്ങൾ സന്ദർശിച്ചു
പുൽപള്ളി: നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ജില്ല പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാർ പുൽപള്ളി മേഖലയിലെ വിവിധ വിദ്യാലയങ്ങൾ സന്ദർശിച്ചു. കാപ്പിസെറ്റ് ഗവ. ഹൈസ്കൂൾ, പെരിക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. ക്ലാസ് മുറികൾ, ശുചിമുറികൾ, സ്കൂൾ പരിസരം ഉൾെപ്പടെ പരിശോധിച്ചു. അധ്യാപകർ, പി.ടി.എ, ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തി. സ്കൂൾ തുറക്കുമ്പോൾ കർണാടകയിലെ ബൈരക്കുപ്പയിൽനിന്നു പെരിക്കല്ലുർ ഗവ. സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പഠനസൗകര്യം ഉറപ്പുവരുത്തണമെന്ന പി.ടി.എ, അധ്യാപക ജനപ്രതിനിധികളുടെ ആവശ്യം ജില്ല കലക്ടറുടെ ശ്രദ്ധയിൽപെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പുൽപള്ളി സി.ഐ അനന്തകൃഷ്ണൻ, ജനപ്രതിനിധികളായ ജോസ് നെല്ലേടം, കലേഷ്, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ജോഷി ജോസഫ്, കെ.എം. വർഗീസ്, പി.ടി.എ പ്രസിഡൻറ് ഷാജി പാലാ പുളിക്കൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.