കടുവശല്യം; പുൽപള്ളിയിൽ ജനം ഭീതിയിൽ
text_fieldsപുൽപളളി: പുൽപളളി മേഖലയിൽ സമീപ കാലത്തായി വർധിച്ചുവരുന്ന കടുവശല്യം പരിഹരിക്കണമെന്ന ആവശ്യം ശകതമാകുന്നു. വിവിധ പ്രദേശങ്ങളിൽ കടുവയുടെ സാമിപ്യം സ്ഥിരീകരിച്ചതോടെ ജനങ്ങൾ ആശങ്കയിലാണ്. കടുവയെ തുരത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കടുവ ഭീതിയിൽ ഏരിയപ്പള്ളിയും പരിസര പ്രദേശങ്ങളും. കഴിഞ്ഞ ദിവസം പൊയ്കയിൽ മോഹനന്റെ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ കടുവ പിടികൂടി കൊന്നിരുന്നു. മാസങ്ങൾക്കുമുമ്പ് ചേപ്പില ഭാഗത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ കാട്ടുപന്നിയെ കൊലപ്പെടുത്തി. ഇതിനുശേഷം പലതവണ കടുവയുടെ സാമിപ്യം പുൽപള്ളി പഞ്ചായത്തിലെ 6-ാം വാർഡിൽ ഉൾപ്പെട്ട പല ഭാഗങ്ങളിലായി ഉണ്ടായി.
കഴിഞ്ഞ ദിവസം ഈ വാർഡിനോട് ചേർന്ന ആടിക്കൊല്ലിയിലും കടുവയെ കണ്ടെത്തി. പുൽപ്പള്ളി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുവയുടെ സാമിപ്യം ആളുകളെ ഭയവിഹ്വലരാക്കിയിരിക്കുകയാണ്. കടുവയെ പിടികൂടുന്നതിന് കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വനപാലകർ കടുവയെ നിരീക്ഷിക്കുന്നതിന് പ്രദേശത്ത് കാമറ സ്ഥാപിച്ചിട്ടുണ്ട്. ഇനിയും കടുവയുടെ സാന്നിദ്ധ്യം സ്ഥിതീകരിക്കപ്പെച്ചാൽ കൂട് സ്ഥാപിക്കാനാണ് വനപാലകരുടെ തീരുമാനം. കടുവയെ തുരത്തുന്നതിന് പ്രത്യേക ദൗത്യ സംഘം തെരച്ചിലും നടത്തും.
കടുവ പശുക്കിടാവിനെ കൊന്നു
പുൽപളളി: പുൽപള്ളിയിൽ വീണ്ടും കടുവ പശുക്കിടാവിനെ കൊന്നു. ഏരിയപ്പള്ളി പൊയ്കയിൽ മോഹനന്റെ ആറുമാസം പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ കൊന്നത്. കഴിഞ്ഞ ദിവസം രാത്രി തൊഴുത്തിൽ മറ്റ് പശുക്കൾക്കൊപ്പം കെട്ടിയിരുന്ന കിടാവിനെ രാവിലെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് 100 മീറ്റർ മാറി ജഡം കണ്ടത്. വനപാലകർ സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു. ഇന്ന് പ്രദേശത്ത് കാമറ സ്ഥാപിക്കുമെന്ന് വനപാലകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.