വീണ്ടും മഴ കനത്തു
text_fieldsകൽപറ്റ: ചെറിയ ഇടവേളക്ക് ശേഷം വയനാട്ടിൽ മഴ വീണ്ടും ശക്തമായി. തോടുകളിലും പുഴകളിലും വെള്ളം കയറിത്തുടങ്ങി. ജില്ലയിൽ എല്ലായിടത്തും മഴ ശക്തമാണ്. മഴ തുടരുന്ന പക്ഷം താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിലാകും. മേപ്പാടി മുണ്ടക്കൈ പുഞ്ചിരിമട്ടം പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നുണ്ട്. തിങ്കളാഴ്ച പുലർച്ച നാലിന് മുണ്ടക്കൈ മലയിൽ ചെറിയ തോതിൽ മണ്ണിടിച്ചിലുണ്ടായി. ചൂരൽമല പുഴയിൽ ജലനിരപ്പുയർന്ന ഒഴുക്ക് ശക്തമായി. കനത്ത മഴയെ തുടർന്ന് മാനന്തവാടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് കൂവളം കുന്നിലേക്ക് പോകുന്ന റോഡിന്റെ സൈഡിൽ പുഴയരികിൽ മണ്ണിടിഞ്ഞു. വെള്ളരിമല വില്ലേജിൽ ശക്തമായ മഴയെ തുടർന്ന് രണ്ടു കുടുംബത്തെ ഏലവയൽ അംഗൻവാടിയിലേക്കു മാറ്റി.
സാഹസിക വിനോദ സഞ്ചാരം നിരോധിച്ചു
മേപ്പാടി: കനത്തമഴ തുടരുന്നതിനാല്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ സാഹസിക വിനോദ സഞ്ചാരം നിരോധിച്ചതായി ദുരന്തനിവാരണ അതോറിറ്റി ചെയര്പേഴ്സൻ കൂടിയായ ജില്ല കലക്ടര്‍ അറിയിച്ചു. 900 കണ്ടി ഉള്‍പ്പെടെയുള്ള സ്ഥലത്തെ അഡ്വഞ്ചര്‍ പാര്‍ക്കുകള്‍, ട്രക്കിങ്ങ് പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചത്. വിനോദ സഞ്ചാരികള്‍ ഇത്തരം കേന്ദ്രങ്ങളില്‍ എത്തുന്നില്ലെന്നത് പൊലീസ്, ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഉറപ്പാക്കണം.
വെള്ളരിമല വില്ലേജിൽ കനത്ത മഴ
മേപ്പാടി: വെള്ളരിമല വില്ലേജിൽ ഞായറാഴ്ച രാത്രി മുതൽ പെയ്ത കനത്ത മഴയിൽ പുഴകളിൽ മലവെള്ള പ്രവാഹവും ശക്തമായി. മഴ തിങ്കളാഴ്ചയും തുടർന്ന സാഹചര്യത്തിൽ മുൻ കരുതൽ നടപടിയെന്ന നിലക്ക് മുണ്ടക്കൈ പുഞ്ചിരി മട്ടത്തെ ഏഴു ഗോത്ര കുടുംബങ്ങളെ വെള്ളാർമല ഹയർ സെക്കൻഡറി സ്കൂളിലേക്കും പുത്തുമലയിൽ രണ്ടു കുടുംബങ്ങളെ ഏലവയൽ അംഗൻവാടിയിലേക്കും മാറ്റിപ്പാർപ്പിച്ചു. പുഞ്ചിരിമട്ടം പ്രദേശത്തെ മറ്റ് 50 ഓളം കുടുംബങ്ങളോട് ബന്ധു വീടുകളിലേക്ക് മാറാനും അധികൃതർ നിർദേശം നൽകി. പ്രദേശത്തെ മൂന്ന് സ്കൂളുകൾക്കും അവധി നൽകിയിരിക്കുകയുമാണ്.
മുണ്ടക്കൈ പുഴയിൽ കലക്കുവെള്ളം ശക്തിയായി ഒഴുകി വന്നതോടെ വെള്ളരിമല മലനിരകളിൽ മണ്ണിടിച്ചിൽ ഉണ്ടായതായി സംശയം ബലപ്പെട്ടു. ഇതോടെയാണ് റവന്യൂ, ഗ്രാമ പഞ്ചായത്ത് അധികൃതർ ആളുകളെ സ്ഥലത്തു നിന്ന് മാറ്റിയത്. തുടർച്ചയായി മണിക്കൂറുകൾ നീണ്ടു നിന്ന മഴയെത്തുടർന്നായിരുന്നു 2019 ൽ പുത്തുമലയിലും 2020ൽ മുണ്ടക്കൈ മലനിരകളിലും ഉരുൾപൊട്ടലുണ്ടായത്. ഇപ്രാവശ്യവും അതിന് സമാനമായ മഴയും മലവെള്ളപ്പാച്ചിലുമുണ്ടായതോടെ ആളുകൾ ഭീതിയിലായതിനെ തുടർന്നായിരുന്നു ആളുകളെ മാറ്റിയത്.
പഴശ്ശി പാർക്കിന് ഭീഷണിയായി മണ്ണിടിച്ചിൽ
പുൽപ്പള്ളി: പുൽപ്പള്ളി വണ്ടിക്കടവിലെ പഴശ്ശിപാർക്കിന് ഭീഷണിയായി മണ്ണിടിച്ചിൽ. കന്നാരംപുഴയോട് ചേർന്നുള്ള പാർക്കിന്റെ ഒരുഭാഗത്തിനും സമീപത്തെ കൃഷിയിടങ്ങൾക്കുമാണ് മണ്ണfടിച്ചിൽ ഭീഷണിയായി മാറിയിരിക്കുന്നത്. കന്നാരം പുഴയോട് ചേർന്ന പ്രദേശം വനമേഖലയാണ്. ഇവിടെ നിന്ന് കുത്തിയൊലിച്ചെത്തുന്ന വെള്ളമാണ് മണ്ണിടിച്ചിലിന് കാരണമാകുന്നത്.
കന്നാരം പുഴയുടെ തീരത്താണ് ഡി.ടി.പി.സിക്ക് കീഴിലുള്ള വണ്ടിക്കടവ് പഴശ്ശിപാർക്ക്. ഇത്തവണ ശക്തമായ മഴയെത്തുടർന്ന് പുഴയിൽ ജലനിരപ്പ് ഉയർന്നിരുന്നു. കഴിഞ്ഞ ആഴ്ച വെള്ളം നിറഞ്ഞപ്പോൾ വണ്ടിക്കടവ് പഴശ്ശി പാർക്കിന്റെ ഭാഗങ്ങളിലേക്കും വെള്ളം കയറിയിരുന്നു. ഓരോ മഴക്കാലം കഴിയുമ്പോഴും പുഴയുടെ വീതി കൂടി വരികയാണ്. ഒപ്പം പ്രദേശവാസികൾക്ക് തങ്ങളുടെ സ്ഥലവും നഷ്ടപ്പെടുന്നുണ്ട്. പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയില്ലെങ്കിൽ വരും നാളുകളിൽ പാർക്കിനും നാശം സംഭവിക്കുന്ന സ്ഥിതിയാണ്. മണ്ണിടിച്ചിൽ തടയുന്നതിന് ഇവിടെ കരിങ്കല്ലുകൊണ്ട് സംരക്ഷണ ഭിത്തി നിർമിക്കണം എന്നാണ് ആവശ്യം. ജില്ല പഞ്ചായത്തിന്റെ ഫണ്ടോ സർക്കാർ ഫണ്ടോ ഇതിനായി വിനിയോഗിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.