വെള്ളം കയറി; വടക്കേ വയനാട് ഒറ്റപ്പെടുന്നു
text_fieldsമാനന്തവാടി: മൂന്നു ദിവസങ്ങളായി ശക്തമായ മഴ തുടരുന്നതിനാൽ മിക്ക ഭാഗങ്ങളിലും റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് വടക്കേ വയനാട് ഒറ്റപ്പെട്ട നിലയിലായി. പാൽചുരം ബോയ്സ് ടൗൺ റോഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ മുതൽ ഗതാഗതം പൂർണമായും നിലച്ചു. 11ഓടെയാണ് ഭാഗികമായി ഗതാഗതം പുനഃസ്ഥാപിച്ചത്. നിരവിൽപുഴ റോഡിൽ പലയിടങ്ങളിലായി വെള്ളം കയറിയതോടെ കുറ്റ്യാടി ഭാഗത്തേക്കുള്ള ഗതാഗതം നിലച്ചിരിക്കുകയാണ്.
വള്ളിയൂർക്കാവ് കണ്ണിവയലിലും മാനന്തവാടി ചെറുപുഴയിലും ചുട്ടക്കടവിലും കരിന്തിരിക്കടവിലും വെള്ളം കയറിയതോടെ ഇതുവഴിയുള്ള ഗതാഗതവും നിലച്ചു. കർണാടക മച്ചൂരിൽ വെള്ളം കയറിയതോടെ മൈസൂരു, ബാവലി, മാനന്തവാടി റൂട്ടിലും ഗതാഗത തടസ്സം നേരിടുകയാണ്.
മക്കിമലയിൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാൽ കുടുംബങ്ങളോട് ഒഴിഞ്ഞുപോകാൻ പൊലീസ് മുന്നറിയിപ്പ് നൽകി. തുടർച്ചയായ അഞ്ചാം ദിവസവും മാനന്തവാടി താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായില്ല. ഇതോടെ, വിദ്യാർഥികളുടെ ഓൺലൈൻ പഠനമാണ് ദിവസങ്ങളായി മുടങ്ങിയിരിക്കുന്നത്.
മാനന്തവാടി: വള്ളിയൂർക്കാവിൽ പ്രവർത്തിച്ചിരുന്ന മാനന്തവാടി അഗ്നിരക്ഷ നിലയം പുഴയിൽ വെള്ളം പൊങ്ങിയതിനാൽ താൽക്കാലികമായി മാനന്തവാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. 101, 04935-245052 എന്നീ നമ്പറുകൾ താൽക്കാലികമായി പ്രവർത്തനരഹിതമാണ്. ബന്ധപ്പെടെണ്ട നമ്പർ: 94979 20274, 96051 99125.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.