അംബേദ്കർ കോളനിയിൽ നരകജീവിതം
text_fieldsപിണങ്ങോട്: കാലവർഷം എത്തിയതോടെ അംബേദ്കർ കോളനിവാസികളുടെ ദുരിതങ്ങൾ ഇരട്ടിയായി. വഴിയും വീടും ശുദ്ധജലവുമില്ലാതെ കുടുംബങ്ങൾ പ്ലാസ്റ്റിക് കൂരകളിൽ നരകതുല്യമായ ജീവിതമാണ് നയിക്കുന്നത്.
വെങ്ങപ്പള്ളി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെടുന്ന കോളനിയിൽ പണിയ വിഭാഗത്തിൽപെട്ടവരാണ് താമസിക്കുന്നത്. ഗ്രാമ പഞ്ചായത്ത് ഓഫിസിന് മീറ്ററുകൾക്കു സമീപം സ്ഥിതിചെയ്യുന്ന കോളനിയായിട്ടും അടിസ്ഥാന സൗകര്യങ്ങൾ തെല്ലുമില്ല.
വാസയോഗ്യമായ വീടുകൾ കുറവാണ് ഇവിടെ. ആകെയുള്ളത് രണ്ടു പതിറ്റാണ്ടുമുമ്പ് വെട്ടുകല്ലുകൊണ്ട് കെട്ടിയുയർത്തിയ കോൺക്രീറ്റ് വീടുകളാണ്. കാലപ്പഴക്കത്താൽ മിക്കതും പൊളിയാൻ തുടങ്ങി. നിരവധി അപേക്ഷകൾ നൽകിയിട്ടും വീടുകൾ ലഭിക്കാത്തവരും ഈ കോളനിയിലുണ്ട്.
തറമണ്ണിൽ വലിച്ചുകെട്ടിയ ഷെഡിൽ പ്ലാസ്റ്റിക് ഷീറ്റുകളാണ് ഇവയുടെ മേൽക്കൂര. ശക്തമായ മഴപെയ്താൽ വെള്ളം മുഴുവൻ മുറിക്കകത്തെത്തും. കോൺക്രീറ്റ് ചുമരിന്‍റെ വിവിധ ഭാഗങ്ങൾ അടർന്നുവീണിട്ടുണ്ട്.
ബാക്കിയുള്ളവ അടർന്നുവീഴാൻ പാകത്തിലാണുള്ളത്. ആകെയുള്ള 40 സെന്‍റ് ഭൂമിയിൽ 13 വീടുകളിലായി 17 കുടുംബങ്ങളാണ് കോളനിയിൽ കഴിയുന്നത്. പ്രദേശത്തെ റോഡ് കോൺക്രീറ്റ് ചെയ്‌തെങ്കിലും കുത്തനെയുള്ള കയറ്റത്തിലാണ് മിക്ക വീടുകളും. രണ്ടു വീടുകൾ കോളനിയിൽ കഴിഞ്ഞവർഷം അനുവദിച്ചെങ്കിലും പണി പൂർത്തിയായിട്ടില്ല.
മാസങ്ങളായി തറയിൽ ഒതുങ്ങിയിരിക്കുകയാണ് വീടുകൾ. ഉപയോഗത്തിന് പറ്റിയ കക്കൂസുകൾപോലും കോളനിയിലില്ലാത്തതാണ് മറ്റൊരു പ്രശ്നം. വയനാട് വെളിയിട വിസർജന വിമുക്ത ജില്ലയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അംബേദ്കർ കോളനിവാസികൾക്ക് കാര്യം സാധിക്കണമെങ്കിൽ തൊട്ടുമുന്നിലൂടെയുള്ള കുറ്റിക്കാടൊക്കെയാണ് ഇപ്പോഴും ആശ്രയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.