വള്ളിയൂർക്കാവ് ക്ഷേത്രത്തിലെ ഹിന്ദു ഐക്യവേദി സമരം വിവാദമാകുന്നു
text_fieldsമാനന്തവാടി: വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്ര വളപ്പിൽ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച സമരം വിവാദമാകുന്നു. ക്വിറ്റ് ഇന്ത്യാ ദിനമായ ആഗസ്റ്റ് ഒമ്പതിന് വൈകുന്നേരമാണ് ക്വിറ്റ് ടെമ്പിൾ എന്ന പേരിൽ ഹിന്ദു ഐക്യവേദി മാനന്തവാടി താലൂക്ക് കമ്മിറ്റി നാമജപയജ്ഞം സംഘടിപ്പിച്ചത്. ക്ഷേത്രഭരണം ക്ഷേത്രവിശ്വാസികൾക്ക് എന്ന മുദ്രാവാക്യം ഉപയോഗിച്ചുള്ള സമരം ദേവസ്വം അധികൃതരുടെ അനുമതി ഇല്ലാതെയാണ് സംഘടിപ്പിച്ചതെന്നാണ് ആരോപണം. ക്ഷേത്രവുമായി ബന്ധപ്പെട്ട സംഘടനകൾക്കല്ലാതെ മറ്റു തരത്തിലുള്ള ഒരു സംഘടനകൾക്കും പരിപാടി നടത്താൻ അനുവാദം നൽകാറില്ല. ഹിന്ദു ഐക്യവേദിയുടെ നടപടിക്കെതിരെ ദേവസ്വം ജീവനക്കാർ രംഗത്തെത്തിയിട്ടുണ്ട്. ഒരു വിഭാഗം ആളുകൾ വള്ളിയൂർക്കാവ് ക്ഷേത്രസന്നിധിയിൽ അനധികൃതമായി സംഘടിച്ച് ക്വിറ്റ് ഇന്ത്യാദിനത്തിന്‍റെ ഓർമപുതുക്കുന്ന മഹത്തായ ദിനത്തിൽ നടത്തിയ ക്ഷേത്രവിരുദ്ധ പ്രവൃത്തിയിൽ ക്ഷേത്രഭരണസമിതിയും ജീവനക്കാരും പ്രതിഷേധിച്ചു. ക്ഷേത്ര വിശ്വാസികളുടെ താൽപര്യം സംരക്ഷിച്ചുകൊണ്ടാണ് മലബാർ ദേവസ്വം ബോർഡും കേരള സർക്കാറും നീതിയുക്തമായി ക്ഷേത്രങ്ങളെ പരിപാലിച്ചുവരുന്നത്. കഴിഞ്ഞ അഞ്ചു വർഷക്കാലത്തിലധികമായി കോടിക്കണക്കിന് രൂപയാണ് കേരളത്തിലെ ക്ഷേത്രങ്ങൾക്ക് സർക്കാർ നൽകിയത്. കോവിഡ് കാലഘട്ടത്തിൽ പ്രതിസന്ധിയിലായിരുന്ന ക്ഷേത്രങ്ങൾക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങൾ നൽകി സംരക്ഷിക്കാനുള്ള ഇടപെടലും ഉണ്ടായിട്ടുണ്ട്. സത്യാവസ്ഥ ഇതായിരിക്കെ ഭക്തജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ക്ഷേത്രങ്ങൾക്കെതിരെ കുപ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ മുഴുവൻ ക്ഷേത്ര വിശ്വാസികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണം.
ശ്രീ വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിന് സർക്കാർ ഫണ്ടിൽനിന്നും വികസന നിർമാണ പ്രവൃത്തികൾക്കായി 11 കോടിയോളം രൂപ അനുവദിക്കുകയും വിവിധ നിർമാണ വികസന പ്രവൃത്തികൾക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥാപിത താൽപര്യത്തിനുവേണ്ടി വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതിൽനിന്നും പിന്മാറാൻ കുപ്രചാരണം നടത്തുന്നവർ തയാറാകണമെന്ന് ശ്രീ വള്ളിയൂർക്കാവ് ദേവസ്വം ഭരണസമിതിയും ജീവനക്കാരും പ്രസ് താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.