ഭൂമി വിതരണം പൂർത്തിയാവാൻ ഇനിയുമെത്ര കാത്തിരിക്കണം…?
text_fieldsനിറ ഗർഭിണിയായിരുന്ന ശാന്ത എന്ന ആദിവാസി വീട്ടമ്മ സമരക്കാർക്കൊപ്പം പെരുങ്കുളം നെല്ലിക്കച്ചാൽ സമര ഭൂമിയിലെത്തുന്നത് കിടന്നുറങ്ങാൻ ഒരു തുണ്ട് ഭൂമിക്ക് വേണ്ടിയായിരുന്നു.
മുത്തങ്ങ സമരത്തെ തുടർന്ന് എ.കെ.എസിന്റെ നേതൃത്വത്തിൽ 2003ൽ വെള്ളമുണ്ട പഞ്ചായത്തിലെ പുളിഞ്ഞാൽ നെല്ലിക്കച്ചാലിലെ സമര ഭൂമിയിൽ മറ്റുള്ളവർക്കൊപ്പം കുടിൽ കെട്ടി ശാന്തയും താമസമാരംഭിച്ചു. ഏറെ വൈകിയില്ല, സമരക്കാരെ അറസ്റ്റ് ചെയ്യാൻ പൊലീസ് മല കയറിവന്നു.
പൊലീസിനെ കണ്ട് പേടിച്ചരണ്ട മകൾ ശാലിനിക്കൊപ്പം കൂരയുടെ മൂലയിൽ അധികൃതരുടെ കാരുണ്യവും പ്രതീക്ഷിച്ച് ആ അമ്മ നിന്നു. ഒടുക്കം സമരക്കാർക്കൊപ്പം അറസ്റ്റ് വരിച്ച് കണ്ണൂർ സെൻട്രൽ ജയിലിലേക്ക്. രണ്ട് മാസത്തിലധികം നീണ്ട ജയിൽവാസത്തിനിടയിൽ മർദനത്തെ തുടർന്ന് ആ അമ്മയുടെ ഗർഭം അലസി.
പൊലീസ് മർദനത്തിൽ രോഗിയായ ശാന്ത ഒടുവിൽ ഭൂമിയെന്ന സ്വപ്നം ബാക്കിയാക്കി 2006ൽ ഈ ലോകത്തോട് തന്നെ വിട പറഞ്ഞു. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ശാന്തയുടെ മകൾ ശാലിനി എല്ലാറ്റിനും സാക്ഷിയായി ഇന്നും ജീവിക്കുന്നു.
അങ്ങനെ വർഷങ്ങൾ നീണ്ട സമരം വിജയിച്ചു. ഭൂമി വിതരണത്തിലെത്തിയപ്പോൾ ശാന്തയെ എല്ലാവരും മറന്നു. സമരത്തിൽ പങ്കെടുത്ത് ക്രൂര മർദനം ഏറ്റുവാങ്ങിയ ശാന്തയെ പോലെ നിരവധി പേരുടെ കുടുംബങ്ങളാണ് ഒരുതുണ്ട് ഭൂമി പോലുമില്ലാതെ ഇന്നും കഴിയുന്നത്.
ഭൂസമര ഭൂമിയിൽ ദുരിതം; കൈവശരേഖ മാത്രം, വീടില്ല
രാഷ്ട്രീയമാനമുള്ള സമരത്തിന്റെ ബലിയാടുകളായ നിരവധി കുടുംബങ്ങൾ ഇപ്പോഴും ദുരിത ജീവിതവുമായി ജില്ലയിലെ വിവിധ സമര ഭൂമികളിലുണ്ട്. ഭൂമിക്ക് കൈവശരേഖ ലഭിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും സമരഭൂമിയിലെ ബഹുഭൂരിപക്ഷത്തിനും വീട് ലഭിച്ചിട്ടില്ല. അധികൃതരുടെ അവഗണനയും വന്യമൃഗങ്ങളുടെ ശല്യവും കാരണം ഭൂമി ലഭിച്ച കുടുംബങ്ങളിൽ പലരും പിന്നീട് സമരഭൂമി വിട്ടിറങ്ങാൻ നിർബന്ധിക്കപ്പെടുകയായിരുന്നു. വിരലിലെണ്ണാവുന്ന കുടുംബങ്ങൾ മാത്രമാണ് പല സമരഭൂമികളിലും നിലവിലുള്ളത്. വയനാട് ജില്ലയിലെ ഗോത്ര ജനവിഭാഗങ്ങളിൽ വലിയൊരു വിഭാഗം വരുന്ന പണിയ, അടിയ വിഭാഗങ്ങൾ നാമമാത്ര ഭൂമിപോലുമില്ലാത്തവരാണ്.
ഭൂമിയില്ലാത്ത എല്ലാ ആദിവാസി കുടുംബങ്ങൾക്കും ഒരു ഏക്കർ വീതം ഭൂമി വിതരണം ചെയ്യുമെന്ന സർക്കാർ വാഗ്ദാനം എവിടെ വരെ എത്തി എന്നതിന് കൃത്യമായ ഉത്തരം അധികൃതർക്കില്ല. കുത്തക മുതലാളിമാരും വൻകിട കമ്പനികളും ലക്ഷക്കണക്കിന് ഏക്കർ ഭൂമി നിയമ വിരുദ്ധമായി കൈയടക്കിയിരിക്കുമ്പോഴാണിത്. കിടന്നുറങ്ങാൻ ഒരു തുണ്ട് ഭൂമിയും ഒരു കൂരയും പ്രതീക്ഷിച്ച് കൂടെ നിന്ന ആദിവാസികളെ വോട്ട് ബാങ്ക് മാത്രമായാണ് മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കാണുന്നതെന്നതാണ് വസ്തുത.
സമരം ചെയ്ത് നേടിയ ഭൂമി വാസയോഗ്യമാണോ...?
ഐതിഹാസിക സമരത്തിനെടുവിൽ പലർക്കും സർക്കാർ സമര ഭൂമികൾ പതിച്ചു നൽകിയിരുന്നു. അധികൃതർ ഇക്കാര്യം പറഞ്ഞ് വീമ്പിളക്കുമ്പോഴും ഈ ഭൂമികൾ വാസയോഗ്യമാണോ എന്ന് ട്രൈബൽ വകുപ്പു പോലും അന്വേഷിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഒരു പഠനവും നടന്നിട്ടുമില്ല. ഇത്തരത്തിലുള്ള നല്ലൊരു ശതമാനം ഭൂമികളും വാസയോഗ്യമല്ല. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ആവർത്തിക്കുന്ന ഭൂമികളാണ് പലർക്കും പതിച്ചു നൽകിയത്.
വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പുളിഞ്ഞാൽ പെരുങ്കുളം പ്രദേശത്തെ 15 വർഷം മുമ്പുണ്ടായ ഉരുൾപൊട്ടലിൽ മരണപ്പെട്ട ചീരയുടെ ഭൂമിയിൽ ഇപ്പോഴും ആദിവാസികൾ താമസിക്കുന്നുണ്ട്.
2009ലാണ് ചീരയുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടലുണ്ടായത്. തുടർന്ന് സ്ഥലം സന്ദർശിച്ച് പഠനം നടത്തിയവരെല്ലാം ഈ ഭാഗത്തെ ഭൂമി വാസയോഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഇവിടെ ആവർത്തിക്കുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു. ശക്തമായ മലവെള്ളപ്പാച്ചിലിൽ എല്ലാ വർഷവും ഈ പ്രദേശങ്ങളിൽ മണ്ണിടിച്ചിലുണ്ടാവാറുണ്ട്.
കാറ്റടിച്ചാൽ പറന്നുപോകുന്ന കൂരകളിലാണ് മലമുകളിൽ കുട്ടികളടക്കം താമസിക്കുന്നത്. ചീരയെ മരണം തട്ടിയെടുത്ത അതേ സ്ഥലത്ത് പുതിയ വീട് നിർമിച്ചത് അന്ന് ഏറെ വിവാദമായിരുന്നു.
കോടികൾ ഒഴുകുമ്പോഴും ചോരുന്ന കൂരകൾ
ആദിവാസി ക്ഷേമത്തിനു വേണ്ടി കോടികൾ ഒഴുക്കുമ്പോഴും ജില്ലയിലെ ഭൂരിപക്ഷം കോളനികളിലും ചോരുന്ന കൂരകൾ ഇന്നും നിലനിൽക്കുന്ന സത്യമാണ്. ചാറ്റൽ മഴ പെയ്താൽപോലും കിടന്നുറങ്ങാനാവാത്ത കൂരകളിലാണ് പല കുടുംബങ്ങളും താമസിക്കുന്നത്.
ഡാം നിർമാണത്തിനുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസികളടക്കം രണ്ടു പതിറ്റാണ്ടിനുശേഷവും പുനരധിവാസ ഭൂമിയിൽ ദുരിതജീവിതം നയിക്കുകയാണ്.
പണിയ വിഭാഗത്തിന്റെ കോളനികളിലാണ് ആദിവാസികൾ പ്ലാസ്റ്റിക് ഷെഡുകളിൽ താമസിക്കുന്നത്. വൃദ്ധരും കൈക്കുഞ്ഞുങ്ങളുമടക്കം താമസിക്കുന്ന പ്ലാസ്റ്റിക് കൂര സങ്കടക്കാഴ്ചയാണ്. ചോരുന്ന കൂരകൾ ഒഴിവാക്കി പുതിയവ പണിയുന്നതിന് പകരം മേൽക്കൂരയിൽ വലിച്ചുകെട്ടാൻ പ്ലാസ്റ്റിക് ഷീറ്റുകൾ നൽകുകയാണ് അധികൃതർ. ജനപ്രതിനിധികളും ഇതിൽമുന്നിലാണ്.
ഉന്നതികൾ മാലിന്യ കേന്ദ്രങ്ങൾ
വൃത്തിക്ക് ഏറെ പ്രധാന്യം നൽകുന്ന ജനവിഭാഗമാണ് ആദിവാസികൾ. എന്നാൽ, ജില്ലയിലെ വിവിധ ഉന്നതികളിൽ മാലിന്യ കൈകാര്യം ചെയ്യാൻ സംവിധാനമില്ല.
ഇതിനാൽ മാലിന്യത്തിൽ മുങ്ങിയ നിരവധി ആദിവാസി കോളനികൾ കാണാം. പകർച്ചവ്യാധി ഭീഷണിയിലാണ് പലരും കഴിയുന്നത്. ശുചീകരണം മുറപോലെ നടക്കുന്നുവെന്ന് അധികൃതർ പറയുമ്പോഴും മലിനമായ അന്തരീക്ഷത്തിൽ ജീവിക്കുന്നവരാണ് ഏറെയും. മുമ്പ് കോളറ രോഗം സ്ഥിരീകരിച്ചതിനുശേഷം കൃത്യമായ ശുചീകരണവും ബോധവത്കരണവും ഉണ്ടായിരുന്നെങ്കിലും ഇടക്കാലത്ത് പഴയപടിയായിട്ടുണ്ട്.
വോട്ടിനുവേണ്ടി എത്തുമ്പോൾ ചരിത്രത്തിന്റെ ഭാഗമാകുകയും അല്ലാത്തപ്പോൾ ചരിത്രത്തിന് പുറത്താവുകയും ചെയ്യുന്ന ഈ ജനതയുടെ സ്ഥിതി ഇനിയെന്നാണ് മെച്ചപ്പെടുക? ആദിവാസികളെ ഒഴിവാക്കിയും ജില്ലയെ അരികുവത്കരിച്ചും നാം രചിക്കുന്ന ഒരു ചരിത്രവും പൂർണമാകില്ല.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.