മാനന്തവാടിയിൽ പോവാൻ എത്ര മണിക്കൂർ കാത്തുനിൽക്കണം?
text_fieldsകൽപറ്റ: സന്ധ്യയാവുന്നതോടെ കൽപറ്റ-മാനന്തവാടി റൂട്ടിൽ ബസുകൾ പരിമിതമായതിനാൽ യാത്രക്കാർ വൻ ദുരിതത്തിൽ. പലപ്പോഴും മണിക്കൂറുകളോളമാണ് ബസ് കാത്ത് നിൽക്കേണ്ടിവരുന്നത്.
പകൽ സമയത്ത് ഒട്ടേറെ സർവിസുകളുണ്ടെങ്കിലും വൈകീട്ട് ആവുന്നതോടെ കൽപറ്റയിൽ നിന്ന് മാനന്തവാടിയിലേക്കുള്ള കെ.എസ്.ആർ.ടി.സി ലോക്കൽ സർവിസുകൾ ഒന്നോ രണ്ടോ മാത്രമാണ്. ഇതുകാരണം, ജില്ല ആസ്ഥാനമായ കൽപറ്റയിൽനിന്ന് ജോലികഴിഞ്ഞ് മടങ്ങുന്നവരടക്കം വലിയ പ്രതിസന്ധിയിലാണ്. കൽപറ്റ ഡിപ്പോയുടെ മാനന്തവാടിക്കുള്ള അവസാന സർവിസ് വൈകീട്ട് 5.20നാണ്. വൈകീട്ട് 5.10ന് മേപ്പാടി ഡി.എം. വിംസ് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് മാനന്തവാടിക്ക് ബസുണ്ട്. മാനന്തവാടി ഡിപ്പോയുടെ ഈ ബസ് ആറുമണിയോടെ കൽപറ്റ കടന്നുപോകും.
പിന്നീട് 6.40നും കൽപറ്റയിൽനിന്ന് മാനന്തവാടിയിലേക്ക് ബസുണ്ട്. ഈ ലോക്കൽ സർവിസുകൾ പോയാൽ പിന്നെ കോഴിക്കോട്ടുനിന്നും മറ്റിടങ്ങളിൽനിന്നും വരുന്ന ദീർഘദൂര സർവിസുകളാണ് മാനന്തവാടിക്കുള്ള ഏക ആശ്രയം. രാത്രി മടങ്ങുന്നവർ ഈ ബസുകൾ വരുന്നതും കാത്തുനിൽക്കേണ്ട അവസ്ഥയാണ്. ടെക്സ്റ്റൈല്സിൽ ജോലിചെയ്യുന്ന സ്ത്രീകളടക്കമുള്ളവർ, മറ്റു കച്ചവടസ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർ എന്നിവരാണ് ബസില്ലാത്തത് കാരണം കൂടുതൽ പ്രയാസത്തിലാവുന്നത്.
ചുരത്തിൽ ഗതാഗത തടസ്സമുണ്ടായാൽ ദീർഘദൂര ബസുകൾ പലപ്പോഴും വൈകിയാണ് എത്തുക. ആഘോഷ സീസണായതിനാൽ ചുരത്തിൽ ഇപ്പോൾ ഗതാഗതക്കുരുക്ക് രാപ്പകൽ വ്യത്യാസമില്ലാതെ പതിവുമാണ്. ചില ബസുകളാവട്ടെ നിറയെ ആൾക്കാരുമായി വരുന്നതിനാൽ കൽപറ്റയിൽനിന്ന് എല്ലാവർക്കും കയറാനാവില്ല.
ചിലപ്പോൾ ബസുകൾ ഒന്നിച്ചാണ് കൽപറ്റയിൽ എത്തുക. ഇതിനിടയിൽ യാത്രക്കാർ മണിക്കൂറുകളാണ് കാത്തുനിൽക്കേണ്ടിവരുന്നത്. ദീർഘദൂര ബസുകൾ ടി.ടി, സൂപ്പർ ഫാസ്റ്റ് തുടങ്ങിയ സർവിസുകളായതിനാൽ ചെറു സ്റ്റോപ്പുകളിൽ നിർത്താത്ത പ്രശ്നവുമുണ്ട്.
വൈകീട്ട് ആറര കഴിഞ്ഞാൽ സ്വകാര്യ ബസുകളും ഈ റൂട്ടിൽ നാമമാത്രമാണ്. ഉള്ളവയിൽ ചിലവ പല ദിവസങ്ങളിലും ട്രിപ്പ് മുടക്കുന്നതും യാത്രക്കാർക്ക് പ്രയാസമുണ്ടാക്കും. കോവിഡ് വ്യാപനം വന്നതോടെയാണ് കെ.എസ്.ആർ.ടി.സി സർവിസുകൾ താറുമാറായത്.
കണ്ടക്ടർമാരുടെയും ഡ്രൈവർമാരുടെയും കുറവുകാരണം ചില പ്രാദേശിക ട്രിപ്പുകളും കുറക്കേണ്ടതായും വന്നിട്ടുണ്ട്. കോവിഡിന് മുന്നേ രാത്രി എട്ടുമണിക്ക് കൽപറ്റയിൽനിന്ന് മാനന്തവാടിയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് ഓടിയിരുന്നു.
കോവിഡ് വ്യാപനം കൂടിയ സമയത്ത് നിർത്തിയ ഈ സർവിസ് ഇപ്പോഴും പുനരാരംഭിച്ചിട്ടില്ല. ജനജീവിതം പഴയപോലെയായ സ്ഥിതിക്ക് രാത്രി കൽപറ്റയിൽനിന്ന് മാനന്തവാടിക്ക് ഒരു ലോക്കൽ സർവിസെങ്കിലും ഓടിക്കണമെന്നാണ് ആവശ്യം. സ്ഥിരമായി കൃത്യസമയം പാലിച്ച് സർവിസ് നടത്തിയാൽ ബസിൽ രാത്രിയിലും യാത്രക്കാരുണ്ടാവുമെന്ന് ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. ഗുരുതരമായ യാത്രക്ലേശം പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരിൽനിന്നും ഉയരുന്ന ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.