കൊമ്പൻമൂല കാട്ടുനായ്ക്ക കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsകൽപറ്റ: കൊമ്പൻമൂല വനാതിർത്തിയിൽ തകർന്ന ഷെഡുകളിൽ താമസിക്കുന്ന കാട്ടുനായ്ക്ക കുടുംബങ്ങൾക്ക് എത്രയും വേഗം സുരക്ഷിതമായ താമസസൗകര്യം ഏർപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമീഷൻ. വയനാട് ജില്ല കലക്ടർക്കാണ് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവ് നൽകിയത്. സ്വീകരിച്ച നടപടികൾ മൂന്ന് മാസത്തിനകം കമീഷനെ അറിയിക്കണമെന്നും ഉത്തരവിൽ പറഞ്ഞു. കൊമ്പൻചേരി കാട്ടുനായ്ക്ക കോളനി അന്തേവാസികളുടെ ദുരിത ജീവിതത്തെ കുറിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
വയനാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറും പട്ടികവർഗ ജില്ല ഓഫിസറും കമീഷനിൽ റിപ്പോർട്ട് സമർപ്പിച്ചു. വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചിലെ ചെതലയത്താണ് കൊമ്പൻചേരി കാട്ടുനായ്ക്ക കോളനി. ഇവിടെ ഉണ്ടായിരുന്ന ആറ് കുടുംബങ്ങളെ വന്യജീവി ശല്യം കാരണം താൽക്കാലികമായി കൊമ്പൻമൂലയിലേക്ക് 2016ൽ മാറ്റിപ്പാർപ്പിച്ചു. ഇവർക്ക് കൊമ്പൻ ചേരിയിൽ വനാവകാശ നിയമപ്രകാരമുള്ള ഉടമസ്ഥത ഭൂമിക്ക് ലഭിച്ചിരുന്നു. ഒരു സ്ഥലത്ത് നൽകിയ വനാവകാശം മറ്റൊരു സ്ഥലത്തേക്ക് മാറ്റി നൽകാൻ കഴിയില്ല. കൊമ്പൻമൂലയിൽ താമസിക്കുന്ന ആറു കുടുംബങ്ങളിൽ രണ്ടുപേർ മറ്റ് കോളനികളിലേക്ക് മാറി. ഇനി നാല് കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടത്.
പട്ടികവർഗ വകുപ്പ് നിർമിച്ച അഞ്ച് താൽക്കാലിക ഷെഡുകളിലാണ് ഇവർ താമസിക്കുന്നത്. ഇവ മരച്ചില്ലകൾ പൊട്ടിവീണ് തകരാൻ സാധ്യതയുണ്ട്. ഇവിടം വനഭൂമിയായതിനാൽ വീട്, വൈദ്യുതി, കുടിവെള്ളം, റോഡ് എന്നിവ അനുവദിക്കാൻ കഴിയില്ല. ഇവർക്ക് കൊമ്പൻചേരിയിൽ കൈവശ രേഖ ഉള്ളതിനാൽ ഭൂരഹിതർ എന്ന പട്ടികയിലും ഉൾപ്പെടുത്താനാവില്ല. 15 സെന്റ് മുതൽ ഒരേക്കർവരെ ഭുമി ഉണ്ടായിരുന്നവരാണ് താത്ക്കാലിക ഷെഡുകളിൽ കഴിയുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കാറ്റിലും മഴയിലും ഷെഡ് നശിക്കുമ്പോൾ സമീപമുള്ള ചേനാട് സ്കൂളിലേക്ക് ഇവരെ മാറ്റും. നിലവിൽ പത്താം ക്ലാസിൽ പഠിക്കുന്ന രണ്ട് കുട്ടികളടക്കം അഞ്ച് വിദ്യാർഥികൾ ഷെഡിലാണ് താമസിക്കുന്നത്. കൊമ്പഞ്ചേരി കാട്ടുനായ്ക്ക കോളനിക്കാരുടെ പുനരധിവാസം പ്രത്യേക കേസായി പരിഗണിക്കാമെന്നും ജില്ല ഭരണകൂടവുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കാമെന്നും പട്ടികവർഗ വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.