പാലിയാണയിൽ അനധികൃത മദ്യവിൽപന വ്യാപകമെന്ന് പരാതി
text_fieldsതരുവണ: പാലിയാണ പ്രദേശത്ത് അനധികൃത മദ്യവിൽപന വ്യാപകമാവുമ്പോഴും അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നതായി പരാതി. വെള്ളമുണ്ട പൊലീസ് സ്റ്റേഷൻ പരിധിയിലെ പാലിയാണയിലും പരിസരപ്രദേശങ്ങളിലും വിദേശമദ്യ വില്പനയും മദ്യപശല്യവും അതിരുകടക്കുമ്പോഴും അധികൃതർ നടപടിക്ക് മുതിരുന്നില്ലെന്നാണ് ജനങ്ങളുടെ ആരോപണം. ഇത് പ്രദേശത്തെ സമാധാന ജീവിതം തകർക്കുകയാണെന്ന് പാലിയാണ പൗരസമിതി കുറ്റപ്പെടുത്തി.
തദ്ദേശവാസികളും പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലും താമസക്കാരായ നിരവധി ഏജൻറുമാരാണ് പാലിയാണങ്കിലും കക്കടവിലും മദ്യവില്പനക്ക് കളമൊരുക്കുന്നത്. നിരവധി ആദിവാസി കോളനികൾ ഉള്ള ഈ പ്രദേശത്ത് കോളനികളിലെ ജീവിതം നരകതുല്യമാവുകയാണ്. പുഴയോരങ്ങൾ കേന്ദ്രീകരിച്ച് ശീട്ടുകളി സംഘങ്ങളും ശക്തി പ്രാപിക്കുകയാണ്.
ആളൊഴിഞ്ഞ പ്രദേശങ്ങളിൽ തമ്പടിച്ചാണ് മദ്യപർ സംഘം ചേരുന്നത്. മദ്യക്കുപ്പികളും കുടിവെള്ള കുപ്പികളും വഴിനീളെ വലിച്ചെറിയുന്നത് മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ഏറിവരുകയാണ്. പാലിയാണയിൽ തകർന്നുവീഴാറായ വീടും പരിസരവും കേന്ദ്രീകരിച്ച് വിൽപനയും മദ്യപാനവും വ്യാപകമാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.