അവരുടെ പരിചരണത്തിൽ ആദിവാസി യുവതിക്ക് സുഖപ്രസവം
text_fields
കൽപറ്റ: കനിവ് 108 ആംബുലൻസ് ജീവനക്കാരുടെയും ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിെൻറയും പരിചരണത്തിൽ ആദിവാസി യുവതിക്ക് സുഖപ്രസവം. നൂൽപ്പുഴ ഓടപ്പള്ളം നായിക്ക കോളനിയിൽ രാജുവിെൻറ ഭാര്യ സുനിത (26) ആണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. ശനിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം. സുനിതക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ വിവരം നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് കെ.കെ. സജിനിയെ അറിയിച്ചു.
സ്ഥലത്തെത്തിയ സജിനി സുനിതയെ ആശുപത്രിയിലേക്ക് മാറ്റാൻ കനിവ് 108 ആംബുലൻസിെൻറ സേവനം തേടി. ഉടൻ തന്നെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസ് പൈലറ്റ് കെ.ജി. എൽദോ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ അഖിൽ ബേബി എന്നിവർ സംഭവ സ്ഥലത്തേക്ക് തിരിച്ചു. കോളനിയിലേക്ക് വാഹനം പോകാത്തതിനാൽ ഒരു കിലോമീറ്ററോളം ആംബുലൻസ് സംഘം നടന്നുചെന്ന ശേഷമാണ് സുനിതയുടെ അടുത്ത് എത്തിയത്. അഖിൽ നടത്തിയ പരിശോധനയിൽ സുനിതയുടെ ആരോഗ്യനില വഷളാണെന്നു മനസ്സിലാക്കിയതിനെ തുടർന്ന് പ്രസവം എടുക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. 8.45ന് അഖിലിെൻറയും സജിനിയുടെയും പരിചരണത്തിൽ സുനിത കുഞ്ഞിന് ജന്മം നൽകി.
തുടർന്ന് അഖിലും സജിനിയും ചേർന്ന് മാതാവിനും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോളനി നിവാസികളുടെ കൂടി സഹായത്തോടെ സ്ട്രെച്ചറിൽ ഇരുവരെയും ആംബുലൻസിലേക്ക് മാറ്റി. ഉടൻ തന്നെ അമ്മയെയും കുഞ്ഞിനെയും സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. സമയം ഒട്ടും പാഴാക്കാതെ യുവതിക്ക് പരിചരണം നല്കിയ ആംബുലന്‍സ് ജീവനക്കാരെയും ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിനെയും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.