വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന; 45 കേസുകള്‍
text_fieldsകൽപറ്റ: ലീഗല്‍ മെട്രോളജി വകുപ്പിന്റെ ഓണക്കാല മിന്നല്‍ പരിശോധനയോടനുബന്ധിച്ച് ജില്ലയില്‍ ഇതുവരെ 181 വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 45 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും പിഴയിനത്തില്‍ 86,000 രൂപ ഈടാക്കുകയും ചെയ്തു. അളവു തൂക്ക ഉപകരണങ്ങള്‍ മുദ്ര പതിപ്പിക്കാതെ വ്യാപാരത്തിനായി ഉപയോഗിക്കുക, പാക്കറ്റുകളില്‍ ആവശ്യമുള്ള പ്രഖ്യാപനങ്ങള്‍ പൂർണമല്ലാതിരിക്കുക, പായ്ക്കര്‍ രജിസ്ട്രേഷന് ഇല്ലാതെ വിൽപന നടത്തുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കെതിരെയാണ് നടപടി എടുത്തത്. സെപ്റ്റംബർ മുതലാണ് പരിശോധന തുടങ്ങിയത്. ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരായ രാജേഷ് സാം, എസ്.ഡി സുഷമന് എന്നിവര്‍ നേതൃത്വം നല്കി.
41 കടകള്‍ക്ക് നോട്ടീസ്
കൽപറ്റ: ഓണക്കാലത്തെ പൊതു വിപണിയിലെ വിലക്കയറ്റവും പൂഴ്ത്തിവെപ്പും തടയാൻ ജില്ല സപ്ലൈ ഓഫിസറുടെയും താലൂക്ക് സപ്ലൈ ഓഫിസര്‍മാരുടെയും ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ വൈത്തിരി, സുൽത്താൻ ബത്തേരി, മാനന്തവാടി താലൂക്കുകളിലെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.
പച്ചക്കറിക്കട, ചിക്കന്‍ സ്റ്റാള്‍, ഫിഷ് സ്റ്റാള്‍, ഗ്രോസറി ഷോപ്പ്, ഹോട്ടല്‍ എന്നിങ്ങനെ 144 കടകളില്‍ നടത്തിയ പരിശോധനയില്‍ വിലവിവരം പ്രദര്‍ശിപ്പിക്കാത്ത 41 കടകള്‍ക്ക് നോട്ടീസ് നല്കി. പരിശോധനയില്‍ ജില്ല സപ്ലൈ ഓഫിസര്‍ പി.എ. സജീവ്, വൈത്തിരി താലൂക്ക് സപ്ലൈ ഓഫിസര്‍ പി.വി. ബിജു, സുൽത്താൻ ബത്തേരി താലൂക്ക് സപ്ലൈ ഓഫിസര്‍ എ.ജി. അജയന്, മാനന്തവാടി താലൂക്ക് സപ്ലൈ ഓഫിസര്‍ നിതിന്‍ മാത്യൂസ് കുര്യന്, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരായ ടി.പി. റമീസ്, പി. ഫിറോസ്, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ ഒ.ജി. സനോജ്, എസ്. ജാഫര്‍, എം.എസ്. രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.