വനം കീഴടക്കുന്ന അധിനിവേശക്കാർ
text_fieldsതോമസ് സ്റ്റീൺസ് എലിയറ്റ് എന്ന ഇംഗ്ലീഷ് കവി 1925ൽ ഭൂമിയുടെ മരണത്തെക്കുറിച്ച് എഴുതിയത് വലിയ ഹുങ്കാരത്തോടെയൊന്നുമല്ല, കൊച്ചു കൊച്ചു കരച്ചിലുകളോടെയാവും അത് സംഭവിക്കുക എന്നായിരുന്നു. സ്വദേശ സസ്യങ്ങളെ മരണത്തിന് വിട്ടുകൊടുത്ത് അധിനിവേശ സസ്യങ്ങൾ നമ്മുടെ വനസമ്പത്ത് വിഴുങ്ങാൻ തുടങ്ങിയതോടെ പ്രകൃതിയുടെ വരദാനമായ വനങ്ങൾ ഇഞ്ചിഞ്ചായി മരിച്ചു തുടങ്ങിയിരിക്കുന്നു.പ്രതിരോധിച്ചില്ലെങ്കിൽ അതിവിദൂരമല്ലാത്ത ഭാവിയിൽ ഈ അധിനിവേശം മഹാദുരന്തമാകുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് വിഘാതമാവുകയാണ് ഇത്തരം അധിനിവേശ സസ്യങ്ങളുടെ ആധിപത്യം. വനത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുന്നതോടെ മൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യന്റെ ആവാസ വ്യവസ്ഥിതിയിലേക്കു കടന്നുകയറി മുമ്പെങ്ങുമില്ലാത്ത വിധം വന്യ ജീവി- മനുഷ്യ സംഘർഷങ്ങളും അസ്വസ്ഥകളും അനിയന്ത്രിതമായി വർധിക്കുന്നു. സ്വാഭാവിക വനത്തിൽ അധിനിവേശ സസ്യങ്ങളുടെ കടന്നുകയറ്റത്തെ കുറിച്ചും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചുമുള്ള അന്വേഷണം ഇന്നു മുതൽ...
ഇന്ത്യയില്‍ 200ലധികം അധിനിവേശ സസ്യങ്ങള്‍ ഉണ്ടെന്നാണ് കണക്കുകള്‍. ഈ അധിനിവേശ സസ്യങ്ങളെ ചെറുക്കാനുള്ള കഴിവ് നമ്മുടെ നാട്ടിലെ സസ്യങ്ങള്‍ക്കില്ല. നാടന്‍ ചെടികളെയും മരങ്ങളെയും വളരാന്‍ അനുവദിക്കാത്ത വിദേശ സസ്യങ്ങള്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തന്നെ തകിടംമറിക്കുകയാണ്. അധിനിവേശ സസ്യങ്ങൾ ആവാസവ്യവസ്ഥയുടെ മുഴുവൻ ശ്രേണിയെയും ബാധിക്കുന്നതായാണ് പഠനങ്ങൾ. മണ്ണിലെ നൈട്രജൻ മാറ്റുന്നത് മുതൽ തീപിടിത്തങ്ങളുടെ വ്യാപ്തി വർധിപ്പിക്കുന്നതിനും ജല ലഭ്യതയിൽ മാറ്റം വരുത്തുന്നതിലും ഉൾപ്പെടെ ഇവയുടെ സാന്നിധ്യം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു. ഒരു അധിനിവേശ സസ്യത്തിന്റെ കടന്ന് വരവ് ആ മേഖലയുടെ ജൈവവ്യവസ്ഥയെ തന്നെ മാറ്റിമറിക്കുന്നതോടെ മറ്റ് അധിനിവേശ സസ്യങ്ങൾക്കും ആ പ്രദേശത്ത് പെട്ടെന്ന് വളരാൻ സഹായകമാകുമെന്ന് പഠനങ്ങൾ പറയുന്നു.
വയനാട് വന്യജീവി സങ്കേതത്തിൽ 344.44 ചതുരശ്ര കിലോമീറ്റർ വനമുള്ളതിൽ 50 ശതമാനം ഭാഗങ്ങളിലും വിദേശ സസ്യങ്ങൾ സ്ഥാനം പിടിച്ചതായും അതിൽ തന്നെ 35 ശതമാനത്തിൽ ഇത്തരം സസ്യങ്ങൾ ആധിപത്യം സ്ഥാപിച്ചതുമായാണ് പഠനങ്ങൾ പറയുന്നത്. സെന്ന എന്നറിയപ്പെടുന്ന സ്വർണക്കൊന്നയാണ് ഇതിൽ ഏറ്റവും വ്യാപകമായി വനത്തിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയെ തകർക്കുന്നത്.
വനം വകുപ്പും ഫേൺസ് നാച്വറൽ കൺസർവേഷൻ സൊസൈറ്റിയും ചേർന്ന് 2013-14 വർഷത്തിൽ നടത്തിയ പഠനത്തിൽ വയനാട് വന്യജീവി സങ്കേതത്തിൽ 16 ചതുരശ്ര കിലോമീറ്ററിൽ ഇത്തരം വിദേശ സസ്യങ്ങൾ പടർന്നതായി കണ്ടെത്തിയിരുന്നു. 2019 ലെ പഠനത്തിൽ 33 ചതുരശ്ര കിലോമീറ്ററിൽ ഇവയുടെ സാന്നിധ്യം കണ്ടെത്തി. എന്നാൽ, 2022ൽ നടത്തിയ പഠനത്തിൽ ഇതിന്റെ വ്യാപനം 123.86 ചതുരശ്ര കിലോമീറ്ററായി (12386 ഹെക്ടർ). 10 വർഷം കൊണ്ട് 80 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. മിക്ക വിദേശ സസ്യങ്ങളും വന്യമൃഗങ്ങൾ ഭക്ഷണമാക്കില്ല എന്നതിന് പുറമെ ഇത്തരം സസ്യങ്ങളുടെ സമീപത്ത് മറ്റൊരു സ്വദേശി സസ്യവും വളരുകയുമില്ല. വളവും വെള്ളവും പൂർണമായും വലിച്ചെടുക്കാനുള്ള ശേഷിയും ഇത്തരം സസ്യങ്ങൾക്കുണ്ട്. അതുകൊണ്ടുതന്നെ മറ്റു സസ്യങ്ങൾ വളരാതിരിക്കുകയോ നശിക്കുകയോ ചെയ്യുന്ന സാഹചര്യം വനത്തിലുണ്ടാവുന്നു. ഇതോടെ, ഭക്ഷണം ലഭിക്കാതെ ആനയും മാനുമെല്ലാം തീറ്റ തേടി വനത്തിന് പുറത്തേക്ക് എത്താൻ കാരണമായി. കടുവ പോലുള്ളവ ഒരു വനത്തിൽ നിന്ന് മറ്റൊരു വനത്തിലേക്കുള്ള സഞ്ചാരപഥത്തിൽ കാണപ്പെടുന്ന മാനുകളെയും കാട്ടുപോത്തുകളെയും വേട്ടയാടി വനത്തിന് വെളിയിൽ സ്ഥിരവാസമാക്കാനും തുടങ്ങി.
നാളെ - വന സമ്പത്ത് നാശത്തിന്റെ വക്കിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.