‘ജലനിധി നടത്തിപ്പ് വിജിലൻസ് അന്വേഷിക്കണം’
text_fieldsപനമരം: പഞ്ചായത്തിലെ ജലനിധി നടത്തിപ്പ് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് എൽ.ഡി.എഫ് പനമരം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. 2014ലാണ് പനമരത്ത് ജലനിധി പദ്ധതി ആരംഭിച്ചത്. ഇതിെൻറ നടത്തിപ്പിന് പനമരത്തും അഞ്ചുകുന്നിലും രണ്ട് സ്കീം ലെവൽ എക്സിക്യൂട്ടിവ് കമ്മിറ്റികളും രൂപവത്കരിച്ചിരുന്നു.
രണ്ട് കമ്മിറ്റികൾക്കും നേതൃത്വം നൽകുന്നത് യു.ഡി.എഫിെൻറ നേതാക്കളാണ്. ഇവരാണ് പദ്ധതിക്കാവശ്യമായ അനുബന്ധ സാധനങ്ങൾ വാങ്ങുന്നത്. ഗുണനിലവാരം കുറഞ്ഞ പൈപ്പുകൾ പൊട്ടി ചളിവെള്ളമാണ് മിക്ക വീടുകളിലും ലഭിക്കുന്നത്.
അഞ്ചുകുന്ന് ജലനിധിക്ക് കീഴിൽ രണ്ടായിരം കുടുംബങ്ങൾക്ക് കുടിവെള്ളം വിതരണം ചെയ്യാമെന്നിരിക്കെ എന്തുകൊണ്ട് കൈതക്കൽ പ്രദേശവാസികൾക്ക് ശുദ്ധജലം വിതരണം ചെയ്യാത്തതെന്ന് യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കണമെന്ന് എൽ.ഡി.എഫ് ആവശ്യപ്പെട്ടു. ഈ പദ്ധതിക്ക് ഗുണഭോക്തൃ വിഹിതം പത്ത് ശതമാനവും ബാക്കിവരുന്ന 90 ശതമാനം പഞ്ചായത്തും സർക്കാറുമാണ് വഹിക്കുന്നത്. 64 എച്ച്.പിയുടെ മോട്ടോറാണ് അഞ്ചുകുന്നിൽ പ്രവർത്തിക്കുന്നത്. കൈതക്കൽ പ്രദേശത്ത് കുടിവെള്ളം എത്തിക്കാത്തത് പഞ്ചായത്താണെന്ന മുസ്ലിം ലീഗ് പ്രസ്താവന തെറ്റിദ്ധാരണ പരത്താനാണെന്ന് എൽ.ഡി.എഫ് ഭാരവാഹികൾ പറഞ്ഞു.
ജലനിധി കണക്ഷനായി ഒരു കുടുംബത്തിൽനിന്ന് 5000 രൂപയിൽ കൂടുതൽ വാങ്ങേണ്ടതില്ല. എന്നാൽ, പലരിൽനിന്നും 14000- 20000 രൂപ വരെ ഈടാക്കിയിട്ടുണ്ടെന്ന് എൽ.ഡി.എഫ് ആരോപിച്ചു. വാർത്തസമ്മേളനത്തിൽ പി.കെ. ബാലകൃഷ്ണൻ, ആലി തിരുവാൾ, കുര്യാക്കോസ് മുള്ളൻമട, സുബൈർ കടന്നോളി, മമ്മൂട്ടി എളങ്ങോളി, സലിം കൊല്ലിയിൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.