തെറ്റായ സാമ്പത്തിക നയത്തിലൂടെ കേന്ദ്രം കേരളത്തെ വേട്ടയാടുന്നു -എം.വി. ഗോവിന്ദൻ
text_fieldsമാനന്തവാടി: വർഗീയതയെയും കേന്ദ്ര സർക്കാറിന്റെ തെറ്റായ സാമ്പത്തിക നയത്തെയും പ്രതിരോധിക്കാനുള്ള മനസ്സ് രൂപപ്പെടുത്താനാണ് ജനകീയ പ്രതിരോധ യാത്ര നടത്തുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തെറ്റായ സാമ്പത്തിക നയങ്ങൾ നടപ്പാക്കി കേരളത്തെ കേന്ദ്രം വേട്ടയാടുകയാണ്. ജനകീയ പ്രതിരോധ ജാഥക്ക് മാനന്തവാടിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാൽപതിനായിരം കോടിയുടെ കുറവാണ് കേന്ദ്രം ഈ വർഷം മാത്രം സംസ്ഥാനത്തിന് ഉണ്ടാക്കിയത്. ഇത് പ്രതിസന്ധിയുണ്ടാക്കുമെന്നത് സ്വാഭാവികം. ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കാനാണ് ബി.ജെ.പിയും ആർ.എസ്.എസും ശ്രമിക്കുന്നത്. ആർ.എസ്.എസ് രൂപവത്കരിച്ചതിന്റെ നൂറാം വാർഷികമായ 2025ൽ അത് നടപ്പാക്കാനാണ് ലക്ഷ്യം. എന്നാൽ, മതനിരപേക്ഷ കേരളത്തിൽ വേരോട്ടമുണ്ടാക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. അതിനാലാണ് തെറ്റായ സാമ്പത്തിക നയങ്ങൾ നടപ്പാക്കി കേരളത്തെ വേട്ടയാടുന്നത്.
കേരളത്തിന്റെ വികസനത്തിന് തുരങ്കം വെക്കുന്നവരാണ് പ്രതിപക്ഷമെന്നും അദ്ദേഹം ആരോപിച്ചു. ആദ്യം ദേശീയപാതയെയും പിന്നീട് കെ റെയിലിനെയും എതിർത്തു. വികസനം വന്നാൽ കേരളത്തിൽ ഭരണം ലഭിക്കില്ലെന്ന ഭയമാണ് ഇതിനുപിന്നിൽ. മുമ്പെങ്ങുമില്ലാത്ത വികസനമാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. പെട്രോളിന് 106 രൂപവരെ കൂട്ടിയപ്പോൾ പ്രശ്നമുണ്ടാക്കാത്തവരാണ് രണ്ടു രൂപ സെസ് ഇനത്തിൽ വർധിപ്പിക്കാൻ തീരുമാനിച്ചതിനെ എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം ഒ.ആർ. കേളു എം.എൽ.എ അധ്യക്ഷത വഹിച്ചു. സി.പി.എം കേന്ദ്രകമ്മിറ്റിയംഗം സി.എസ്. സുജാത, സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ്, മാനന്തവാടി മണ്ഡലം കമ്മിറ്റി സെക്രട്ടറി എ.എൻ. പ്രഭാകരൻ, ജില്ല കമ്മിറ്റിയംഗം പി.ടി. ബിജു എന്നിവർ സംസാരിച്ചു.
എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് ജില്ലയിൽ ഉജ്ജ്വല സ്വീകരണമാണ് നൽകിയത്. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപറ്റ എന്നിവിടങ്ങളിലാണ് ജില്ലയിൽ ജാഥക്ക് സ്വീകരണം നൽകിയത്.
മൂന്നിടങ്ങളിലെ പൊതുയോഗങ്ങൾക്ക് പുറമെ വിവിധയിടങ്ങളിൽ ആയിരങ്ങളാണ് ജാഥക്ക് സ്വീകരണം നൽകാനായി കാത്തുനിന്നത്. വൈകീട്ട് മാനന്തവാടിയിലാണ് ജില്ലയിലെ ആദ്യ സ്വീകരണ യോഗം നടന്നത്. വൈകീട്ട് കണ്ണൂരിൽനിന്നെത്തിയ ജാഥയെ തലപ്പുഴയിൽ ജില്ല നേതാക്കളുടെയും മാനന്തവാടി മണ്ഡലം ഭാരവാഹികളുടെയും നേതൃത്വത്തിൽ സ്വീകരിച്ചു.
ഇവിടെനിന്ന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ മാനന്തവാടിയിലേക്ക് ആനയിച്ചു. മാനന്തവാടിയിലെ പൊതുയോഗത്തിനുശേഷം സുൽത്താൻ ബത്തേരിയിലെ സ്വീകരണ പരിപാടിയിലേക്ക് ജാഥ ക്യാപ്റ്റനെത്തി. മാനന്തവാടിയിൽനിന്ന് കൊയിലേരി-പനമരം-പച്ചിലക്കാട്-മീനങ്ങാടി വഴിയാണ് ജാഥ സുൽത്താൻ ബത്തേരിയിലേക്ക് പോയത്. മീനങ്ങാടിയിൽനിന്ന് ജാഥ ക്യാപ്റ്റനെ വരവേറ്റു. വാഹനറാലിയായി സുൽത്താൻ ബത്തേരിയിലെത്തിയശേഷമാണ് സ്വീകരണ യോഗം നടന്നത്.
ബത്തേരിയിലെ സ്വീകരണ പരിപാടിക്കുശേഷം രാത്രിയോടെ കാക്കവയലിൽനിന്നും കൽപറ്റ മണ്ഡലത്തിലേക്ക് ജാഥയെ സ്വീകരിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് രാത്രിയോടെയാണ് ജാഥ കൽപറ്റയിലെത്തിയത്. മൂന്ന് കേന്ദ്രങ്ങളിലും ജാഥാംഗങ്ങൾക്ക് ഗാർഡ് ഓഫ് ഓണർ നൽകി. ഓരോ കേന്ദ്രത്തിലും ജാഥക്ക് മുമ്പും ശേഷവും പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.