പട്ടയ പ്രശ്നത്തിൽ സംയുക്ത പഠനം; ചൂരിമലയിലെ കുടുംബങ്ങൾ പ്രതീക്ഷയിൽ
text_fieldsസുൽത്താൻ ബത്തേരി: മധ്യപ്രദേശ് സർക്കാറിന്റെ ഉടമസ്ഥതയിലുള്ള ബീനാച്ചി എസ്റ്റേറ്റിനോട് ചേർന്നുള്ള ചൂരിമലയിലെ പട്ടയ പ്രശ്നത്തിന് ഉടൻ പരിഹാരമാകുമെന്ന പ്രതീക്ഷയിൽ കുടുംബങ്ങൾ. 200 ഓളം കുടുംബങ്ങളാണ് പട്ടയത്തിനായി കാത്തിരിക്കുന്നത്. പട്ടയ പ്രശ്നം പരിഹരിക്കുന്നതിനായി മധ്യപ്രദേശ് സർക്കാറുമായി സംയുക്ത പഠനം നടത്തുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചത് പ്രദേശവാസികളെ വലിയ പ്രതീക്ഷയിലാക്കിയിരിക്കുകയാണ്.
ആറ് പതിറ്റാണ്ട് മുമ്പാണ് തിരുവിതാംകൂറിൽനിന്ന് ബീനാച്ചി എസ്റ്റേറ്റിനോട് ചേർന്ന ചൂരിമല, കൊളഗപ്പാറ ഭാഗങ്ങളിൽ കുടിയേറ്റം നടന്നത്. 66 ഏക്കറിലായി 160 കുടുംബങ്ങളാണ് ഇവിടെ കൃഷി ചെയ്ത് ജീവിതം ആരംഭിച്ചത്. വന്യമൃഗങ്ങളും പകർച്ചവ്യാധികളും അന്ന് വലിയ പ്രയാസമുണ്ടാക്കിയതായി ഇവിടത്തെ പഴയ കർഷകർ പറഞ്ഞു.
ഇതിനിടെ എസ്റ്റേറ്റ് അധികൃതർ കൈവശക്കാരെ ഒഴിപ്പിക്കുന്നതിനായി നിയമനടപടികളുമായി രംഗത്തിറങ്ങി. ഇ.എം.എസിന്റെ കാലഘട്ടം മുതലുള്ള എല്ലാ മുഖ്യമന്ത്രിമാരുടെയും ശ്രദ്ധയിൽ പട്ടയ പ്രശ്നം അവതരിപ്പിക്കപ്പെട്ടു. എന്നാൽ, പരിഹാരമുണ്ടായില്ല. പട്ടയം കിട്ടാത്തതിനാൽ നികുതി സ്വീകരിക്കുന്നില്ല. ഇതിനാൽ ബാങ്ക് ലോൺ ഉൾപ്പെടെയുള്ള ആനുകൂല്യം നിഷേധിക്കപ്പെടുകയാണ്.
ഗ്രോമോർ ഫുഡ് പദ്ധതിയിൽ വയനാട്ടിൽ കൃഷി ചെയ്യാൻ ഭൂമി കൊടുക്കുന്നുണ്ടെന്നറിഞ്ഞാണ് തിരുവിതാംകൂറിൽനിന്ന് അന്ന് കർഷകർ വയനാട്ടിലേക്ക് കൂട്ടമായി എത്തിയത്. അവരിൽ ഏതാനും പേരാണ് ബീനാച്ചി എസ്റ്റേറ്റിനോട് ചേർന്നുള്ള കാടുപിടിച്ചു കിടക്കുന്ന ഭാഗത്ത് കുടിലുകെട്ടി താമസം ആരംഭിച്ചത്. ഇവർ താമസിച്ച ഭാഗത്തും എസ്റ്റേറ്റ് അധികൃതർ അവകാശവാദം ഉന്നയിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. പിന്നീട് വിഷയം കോടതിയിലെത്തി. പക്ഷേ, ആറ് പതിറ്റാണ്ട് കഴിഞ്ഞിട്ടും തീരുമാനം ഉണ്ടായില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.