കൽപറ്റ ബൈപാസ് റോഡ്; ഇനിയും എത്രനാൾ സഹിക്കണം ഈ ദുരിതം?
text_fieldsകൽപറ്റ: കൽപറ്റ ബൈപാസ് റോഡിലൂടെയുള്ള ദുരിത യാത്രക്കൊരു അവസാനമില്ലേ എന്ന ഓരോ യാത്രക്കാരന്‍റെയും ചോദ്യങ്ങൾക്കിടെ മെറ്റൽ മിശ്രിതമിട്ട് താൽക്കാലിക കുഴിയടക്കൽ പ്രഹസനം. കഴിഞ്ഞ ദിവസങ്ങളിലായാണ് ബൈപാസ് റോഡിലെ ചെറുതും വലുതുമായ കുഴികളിൽ മണ്ണുമാന്തിയും മറ്റും ഉപയോഗിച്ച് ക്വാറി അവശിഷ്ടത്തിന് സമാനമായ മെറ്റൽ മിശ്രിതമിട്ടത്. എന്നാൽ, രണ്ടു ദിവസത്തിനുള്ളിൽ കനത്ത മഴയിൽ പല കുഴികളിൽനിന്നും ഈ മിശ്രിതം അപ്രത്യക്ഷമായിക്കഴിഞ്ഞു. പൂർണമായും റോഡ് തകർന്ന സ്ഥലങ്ങളിൽ മെറ്റൽ മിശ്രിതം മുഴുവനായും ഇട്ടത് വാഹന യാത്രക്കാർക്ക് അപകട ഭീഷണിയായും മാറിയിട്ടുണ്ട്. വേഗതയിൽ വരുന്ന വാഹനം മെറ്റൽ മിശ്രിതം റോഡിൽ ഉറച്ചതാണെന്ന് തെറ്റിദ്ധരിച്ച് വേഗത്തിൽ പോകുന്നത് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമാകുന്നതിന് കാരണമാകുകയാണ്.
കനത്ത മഴയായതിനാൽ ഇപ്പോൾ റോഡിന്‍റെ പൂർണ തോതിലുള്ള ടാറിങ് നടത്താനാകാത്ത സ്ഥിതിയാണ്. ഇതിനാൽ, താൽക്കാലിക പരിഹാരമെന്ന നിലയിലാണ് മെറ്റൽ മിശ്രിതമിട്ടതെന്നാണ് അധികൃതർ വിശദീകരിക്കുന്നതെങ്കിലും ഇത് ചെറു വാഹനങ്ങൾക്ക് കൂടുതൽ ദുരിതമായിരിക്കുകയാണ്. ദിവസങ്ങൾക്ക് മുമ്പാണ് കൽപറ്റ ബൈപാസ് റോഡിന്‍റെ പ്രവൃത്തിയിൽ വീഴ്ച വരുത്തിയ എൻജിനീയർമാരെ സസ്പെൻഡ് ചെയ്യാൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉത്തരവിട്ടത്. ഇതിന് പിന്നാലെയാണ് കുഴിയടക്കൽ പ്രഹസനം നടന്നത്. എന്നാൽ, കനത്ത മഴക്കിടെയുള്ള കുഴിയടക്കൽ ഒരു ഗുണവും ചെയ്യില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മെറ്റൽ മിശ്രിതം പലയിടത്തും കുത്തിയൊലിച്ചുപോയി വീണ്ടും വലിയ കുഴികളായി മാറിയിട്ടുണ്ട്.
ബൈപാസ് റോഡിന്‍റെ ശോച്യാവസ്ഥയെതുടർന്ന് കൈനാട്ടി ഭാഗത്തെ ബൈപാസ് ജങ്ഷനിൽ ഉൾപ്പെടെ ഗതാഗതക്കുരുക്കും കൂടുതലാണ്. റോഡിൽ പലയിടത്തും വെള്ളം കുത്തിയൊലിക്കുന്നതിനാൽ കൃത്യമായ ഓവുചാൽ നിർമിക്കാതെ റോഡ് നവീകരിച്ചാൽ വീണ്ടും തകരും. ഇതിനാൽ, റോഡ് നവീകരണത്തിന് മുമ്പ് ഇരുവശങ്ങളിലും വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമാണ് ആദ്യം ഒരുക്കേണ്ടത്. ഇതോടൊപ്പം വാഹന യാത്ര തൽക്കാലത്തേക്ക് എങ്കിലും സുഗമമാകുന്നതിനുള്ള അറ്റകുറ്റപ്പണിയും ആവശ്യമാണ്.
മഴ മാറിയാൽ ഉടൻ റോഡ് നവീകരണം ആരംഭിച്ചില്ലെങ്കിൽ റോഡിലൂടെയുള്ള യാത്ര കൂടുതൽ ദുരിതപൂർണമാകും. ബൈപാസ് റോഡിന്‍റെ പ്രവൃത്തിയിൽ വീഴ്ചവരുത്തിയ കെ.ആർ.എഫ്.ബി അസി. എൻജിനീയർ, അസി. എക്സിക്യൂട്ടിവ് എൻജിനീയർ എന്നിവരെ സസ്പെൻഡ് ചെയ്യാനായിരുന്നു ഉത്തരവ്. ജൂൺ നാലിന് കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രണ്ടാഴ്ചക്കുള്ളിൽ കുഴികളടച്ച് റോഡ് ഗതാഗത യോഗ്യമാക്കണമെന്നും ആറുമാസത്തിനുള്ളിൽ മുഴുവൻ പ്രവൃത്തിയും പൂർത്തിയാക്കണമെന്നും മന്ത്രി നിർദേശിച്ചിരുന്നു.
എന്നാൽ, ഇതിലെ തീരുമാനങ്ങൾ പൂർണമായും നടപ്പാക്കാത്തതിനാലാണ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുത്തത്. കാലാവസ്ഥ അനുകൂലമാകുന്ന മുറക്ക് റോഡിലെ അറ്റകുറ്റപ്പണി നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജില്ല കലക്ടർക്കാണ് റോഡിലെ പ്രവൃത്തിയുടെ മേൽനോട്ടച്ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.