കൽപറ്റ നഗരസഭ; തോടുകളും നീർച്ചാലുകളും അളക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsകൽപറ്റ: കൽപറ്റ നഗരസഭ പരിധിയിലെ തോടുകളും നീർച്ചാലുകളും അളന്ന് തിട്ടപ്പെടുത്തിയത് സംബന്ധിച്ച റിപ്പോർട്ട് നഗരസഭ സെക്രട്ടറി മൂന്നുമാസത്തിനുള്ളിൽ സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
അനധികൃത കൈയേറ്റം നടന്നിട്ടുണ്ടെങ്കിൽ അത് ഒഴിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.
കൽപറ്റ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ റിയൽ എസ്റ്റേറ്റ് മാഫിയ തോട് കൈയേറി പാലം നിർമിക്കുകയാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കമീഷൻ കൽപറ്റ നഗരസഭ സെക്രട്ടറിയിൽ നിന്ന് റിപ്പോർട്ട് വാങ്ങി. തോടുകൾക്കും നീർച്ചാലുകൾക്കും കുറുകെ പാലം നിർമിക്കുന്നതിന് അപേക്ഷകൾ ലഭിക്കുമ്പോൾ തോടിന്റെ വീതി കുറയാതെയുള്ള പ്രവൃത്തികൾ ചെയ്യാൻ അനുമതി നൽകാറുണ്ടെന്ന് സെക്രട്ടറി അറിയിച്ചു.
കൈേയറ്റം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ 2019 ഒക്ടോബർ 30ന് നഗരസഭ തീരുമാനിച്ചിരുന്നു. പുറമ്പോക്ക് അതിർത്തികളിൽ വേലിയും കോൺക്രീറ്റ് വേലിക്കല്ലുകളും സ്ഥാപിക്കാനും തീരുമാനിച്ചു.
തോട് കൈയേറ്റം അറിയാൻ സർവേയർമാരുടെ സേവനം ആവശ്യപ്പെട്ട് താലൂക്ക് സർവേയർക്ക് 2021 ഒക്ടോബർ 12ന് കത്ത് നൽകിയിരുന്നു. ജീവനക്കാരുടെ കുറവ് കാരണം സർവേയർമാരെ ലഭിച്ചില്ല.
തുടർന്ന് നഗരസഭ സെക്രട്ടറിയെ കമീഷൻ വിളിച്ചുവരുത്തി. തോടും നീർച്ചാലും അളന്ന് തിട്ടപ്പെടുത്താൻ രണ്ടുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. ലാൻഡ് റവന്യൂ, സർവേ വകുപ്പുകളിൽ നിന്നും സർവേയർമാരെ കിട്ടാത്ത സാഹചര്യത്തിൽ സ്വകാര്യ സർവേയർമാരുടെ സേവനം പ്രയോജനപ്പെടുത്തി തോട് പുറമ്പോക്കുകൾ അളന്ന് തിട്ടപ്പെടുത്താനും അനധികൃത കൈയേറ്റം ഒഴിപ്പിക്കാനും നടപടികൾ സ്വീകരിക്കുമെന്ന് സെക്രട്ടറി പറഞ്ഞു. ജെ.ടി.യു.സി ജില്ല പ്രസിഡന്റ് കെ. അസീസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.