ഇതിനൊരു അവസാനമില്ലേ?; മൂത്രപ്പുരയായി കൽപറ്റ നഗരം
text_fieldsകൽപറ്റ: കൽപറ്റ നഗരത്തിലെ ബത്തേരി, മാനന്തവാടി ഭാഗങ്ങളിലേക്ക് ബസുകൾ നിർത്തുന്ന അനന്തവീര തിയറ്ററിനു സമീപത്തെ ബസ് സ്റ്റോപ്പിനടുത്തുള്ള പൊതുറോഡ് കാലങ്ങളായി മൂത്രമൊഴിക്കൽ കേന്ദ്രമായി തുടരുകയാണ്.ഇത് നവീകരിക്കാനോ തെരുവുവിളക്കുകൾ സ്ഥാപിക്കാനോ നഗരസഭ അധികൃതർ നടപടി സ്വീകരിക്കാത്തതിനാൽ ഇപ്പോഴും പ്രശ്ന പരിഹാരം അകലെയാണ്. മാറി മാറി വരുന്ന നഗരസഭ ഭരണാധികാരികൾ നഗരമധ്യത്തിലെ ഈ റോഡ് പാടെ അവഗണിച്ച അവസ്ഥയിലാണ്. ഇപ്പോൾ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് ആളുകളിവിടെ മൂത്രമൊഴിക്കുന്നത്. നഗരമധ്യത്തിൽ ശൗചാലയ സൗകര്യങ്ങളില്ലാത്തതിനാൽ തന്നെ 'ശങ്ക' തീർക്കേണ്ടവർക്ക് ഇതുതന്നെ 'ആശ്രയം'. രാത്രിയായാൽ ഈ റോഡ് സാമൂഹികവിരുദ്ധരുടെ താവളവുമാണ് .
പോസ്റ്റ് ഓഫീസ് കെട്ടിട നിർമാണം പുരോഗമിക്കുന്നതിനാൽ തന്നെ റോഡിന്റെ ഒരുവശം ഷീറ്റുകൊണ്ട് കെട്ടിമറച്ചിരിക്കുകയാണ്. ഈ ഭാഗമാണിപ്പോൾ മൂത്രംകൊണ്ട് നിറഞ്ഞിരിക്കുന്നത്. സിഗരറ്റ് അവശിഷ്ടങ്ങളും മുറുക്കിത്തുപ്പിയതും മലിനജലവുമൊക്കെയായി വൃത്തിഹീനമാണിവിടം. ഒരുപാട് പേരുടെ ആശ്രയമായ പൊതുവഴി ശൗചാലയമായി മാറിയിട്ടും അധികൃതർ കണ്ടമട്ടില്ല. മഴപെയ്താൽ സ്ഥിതി കൂടുതൽ ദുരിതമയമാകും. വിദ്യാർഥികളും മറ്റുമായി ദിവസേന നൂറുകണക്കിനാളുകളാണ് ഇതുവഴി സഞ്ചരിക്കുന്നത്. പള്ളിത്താഴെ റോഡിലേക്കുള്ള ലിങ്ക് റോഡായും ഈ വഴി ഉപയോഗിക്കുന്നു. രാത്രിയായാൽ റോഡിന്റെ ഒരു ഭാഗത്തും വെളിച്ചമില്ല. പ്രധാന റോഡിലെ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുന്നവരും മൂത്രത്തിന്റെ ദുർഗന്ധം സഹിക്കണം. കൽപറ്റയിലെ പ്രധാന റോഡുകളിൽ ഒന്നായിട്ട് പോലും നഗരസഭയുടെ ഇടപെടൽ ഈ ഭാഗത്ത് ഇല്ലാത്തത് ജനങ്ങളിൽ പ്രതിഷേധം ഉണ്ടാക്കുന്നുണ്ട്. തെരുവു വിളക്കുകൾ സ്ഥാപിക്കാനും റോഡ് നവീകരിക്കാനും പ്രദേശത്ത് പൊതു ശൗചാലയം നിർമിക്കാനും അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.