കൽപറ്റ നഗരസഭ: കോൺഗ്രസിൽ ഐസക്, ലീഗിൽ മുജീബ്, ബത്തേരിയിൽ ടി.കെ. രമേശ് ചെയർമാൻ
text_fieldsകൽപറ്റ: നഗരസഭ ഭരണം തിരിച്ചുപിടിച്ചതോടെ യു.ഡി.എഫിൽ അധ്യക്ഷ പദവികളിലേക്കുള്ള ചർച്ചകളും തുടങ്ങി. മുൻധാരണയുള്ളതിനാൽ കോൺഗ്രസും ലീഗും കൽപറ്റയിൽ രണ്ടര വർഷം വീതം ചെയർമാൻ പദവി വഹിക്കും. 10ാം വാർഡിൽനിന്ന് വിജയിച്ച കെ.പി.സി.സി സെക്രട്ടറി അഡ്വ. ടി.ജെ. ഐസക്കിെൻറയും യൂത്ത് ലീഗ് നേതാവ് മുജീബ് കേയംതോടിയുടെയും പേരുകളാണ് അധ്യക്ഷസ്ഥാനത്തേക്ക് ഉയർന്നുവരുന്നത്.
ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന പ്രമുഖ സ്ഥാനാർഥികൾ തോറ്റതോടെയാണ് പുതിയ പേരുകൾ പരിഗണിക്കുന്നത്. വെള്ളിയാഴ്ച ചേരുന്ന പാർട്ടി യോഗത്തിനുശേഷം ശനിയാഴ്ച യു.ഡി.എഫ് യോഗം ചേരുന്നുണ്ട്. അതിൽ അന്തിമ തീരുമാനമുണ്ടാകും.
അതേസമയം, സിറ്റിങ് സീറ്റുകളായ മുണ്ടേരി ഗവ. ഹൈസ്കൂൾ, തുർക്കി, ഗ്രാമത്തുവയൽ എന്നിവിടങ്ങളിലെ അപ്രതീക്ഷിത തോൽവി മുന്നണി ഗൗരവത്തോടെയാണ് കാണുന്നത്. വിമതശല്യവും പാർട്ടി വോട്ടുകൾ കൃത്യമായി പെട്ടിയിലെത്തിക്കാൻ കഴിയാത്തതുമാണ് തോൽവിക്ക് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
കെ.പി.സി.സി നിർവാഹക സമിതിയംഗവും മുൻ കൗൺസിലറുമായ പി.പി. ആലി തുർക്കിയിൽ മൂന്നു വോട്ടുകൾക്കും ഗ്രാമത്തുവയലിൽ മുസ്ലിം ലീഗ് ജില്ല സെക്രട്ടറി സി. മൊയ്തീൻകുട്ടി 46 വോട്ടുകൾക്കുമാണ് തോറ്റത്.അതേസമയം, നഗരസഭയിൽ ഇടതുമുന്നണിക്കേറ്റത് രാഷ്ട്രീയ തോൽവിയല്ലെന്നും നേരിയ വോട്ടുകൾക്കാണ് പല സ്ഥാനാർഥികളും തോറ്റതെന്നുമാണ് എൽ.ഡി.എഫ് നേതാക്കൾ പറയുന്നത്.
സിറ്റിങ് സീറ്റുകളായ നെടുങ്ങോട്, എമിലി, പള്ളിത്താഴെ, പുതിയ ബസ്സ്റ്റാൻഡ്, പെരുന്തട്ട, വെള്ളാരംകുന്ന് വാർഡുകൾ ഇത്തവണ എൽ.ഡി.എഫിനു നഷ്ടപ്പെട്ടു. സിറ്റിങ് സീറ്റുകളിലെ തോൽവി പരിശോധിക്കുമെന്ന് നേതാക്കൾ അറിയിച്ചു. മുൻ നഗരസഭാധ്യക്ഷ സനിത ജഗദീഷിെൻറ തോൽവി അപ്രതീക്ഷിത തിരിച്ചടിയായി. പെരുന്തട്ടയിൽ 29 വോട്ടുകൾക്കാണ് പരാജയം. മുസ്ലിം ലീഗ് വിട്ടുവന്ന മുൻ നഗരസഭാധ്യക്ഷയും ഇടതു സ്വതന്ത്ര സ്ഥാനാർഥിയുമായ ഉമൈബ മൊയ്തീൻകുട്ടി അമ്പിലേരിയിൽ 51 വോട്ടുകൾക്കും തോറ്റു.
സുൽത്താൻ ബത്തേരി: ദൊട്ടപ്പൻകുളം വാർഡിൽനിന്ന് ജയിച്ച ടി.കെ. രമേശ് സുൽത്താൻ ബത്തേരി നഗരസഭ ചെയർമാനാകും. സി.പി.എമ്മിെൻറ സജീവ പ്രവർത്തകനും തൊടുവെട്ടി സ്വദേശിയുമായ രമേശ് 2015ൽ കിടങ്ങിൽ ഡിവിഷനിൽനിന്ന് നഗരസഭ അംഗമായിരുന്നു. 2010ൽ ബീനാച്ചി വാർഡിൽനിന്ന് സുൽത്താൻ ബത്തേരി പഞ്ചായത്ത് അംഗമായി.
ചെയർമാൻ സ്ഥാനം പട്ടികവർഗ സംവരണമാണ്. പഴേരി, ദൊട്ടപ്പൻകുളം, ആറാം മൈൽ, ചീനിപ്പുല്ല് എന്നീ ഡിവിഷനുകളിലെ സ്ഥാനാർഥികളിൽ ആരെങ്കിലുമായിരിക്കും ചെയർമാൻ ആവുക എന്നുറപ്പായിരുന്നു. ദൊട്ടപ്പൻകുളം ഒഴിച്ച് ബാക്കി ഡിവിഷനുകളിലൊക്കെ യു.ഡി.എഫ് സ്ഥാനാർഥികളാണ് വിജയിച്ചത്. യു.ഡി.എഫ് ഭൂരിപക്ഷം നേടിയിരുന്നുവെങ്കിൽ പഴേരിയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട എം.എസ്. വിശ്വനാഥനായിരുന്നു ചെയർമാൻ ആകേണ്ടിയിരുന്നത്.
ദൊട്ടപ്പൻകുളം നേടിയത് ഇടതുപക്ഷത്തിെൻറ വിജയത്തിളക്കത്തിനിടയിലും വലിയ ആശ്വാസമാണ്. പട്ടികവർഗക്കാർക്കുള്ള മറ്റ് വാർഡുകൾ പോയതുപോലെ ദൊട്ടപ്പൻ കുളവും പോയിരുന്നുവെങ്കിൽ ചെയർമാനാകാൻ ഇടതുപക്ഷത്തിൽ ആളില്ലാത്ത അവസ്ഥ ആകുമായിരുന്നു. കഴിഞ്ഞ തവണ നെന്മേനി പഞ്ചായത്തിൽ എൽ.ഡി.എഫിന് ഭൂരിപക്ഷം ഉണ്ടായിട്ടും പ്രസിഡൻറ് കസേര യു.ഡി.എഫിന് വിട്ടുകൊടുക്കേണ്ടി വന്നു.
എസ്.സി സംവരണമായിരുന്നു അവിടത്തെ പ്രസിഡൻറ് സ്ഥാനം. ഉപതെരഞ്ഞെടുപ്പിൽ തോറ്റതോടെ എൽ.ഡി.എഫിന് സംവരണം അനുശാസിക്കുന്ന രീതിയിൽ ഒരു മെംബർ പോലും ഉണ്ടായില്ല. സുൽത്താൻ ബത്തേരിയിൽ അത്തരമൊരു സാഹചര്യത്തിൽനിന്നാണ് എൽ.ഡി.എഫ് രക്ഷപ്പെട്ടത്. കഴിഞ്ഞ തവണ സി.പി.എം വിജയിച്ച ഡിവിഷനാണ് ദൊട്ടപ്പൻകുളം. ഇത്തവണ ഈ വാർഡിൽ എൻ.ഡി.എ സ്ഥാനാർഥിയാണ് രണ്ടാമത് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.